കഴുത്തിന് പിടിച്ച് പൊക്കിക്കോ എന്ന് അവള്‍ എന്നോട് പറഞ്ഞു, എനിക്ക് പണി തരല്ലേയെന്ന് മറുപടി നല്‍കി: ബിനു പപ്പു
Entertainment
കഴുത്തിന് പിടിച്ച് പൊക്കിക്കോ എന്ന് അവള്‍ എന്നോട് പറഞ്ഞു, എനിക്ക് പണി തരല്ലേയെന്ന് മറുപടി നല്‍കി: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th May 2025, 11:23 pm

എമ്പുരാന്റെ ഓളം അടങ്ങുന്നതിന് മുമ്പ് തിയേറ്ററുകളെ വീണ്ടും മോഹന്‍ലാല്‍ ഇളക്കിമറിച്ചിരിക്കുകയാണ് തുടരും എന്ന ചിത്രത്തിലൂടെ. തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ തുടരും ഫാമിലി ഡ്രാമ എന്ന നിലയിലാണ് തിയേറ്ററുകളിലെത്തിയത്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ എന്ന താരത്തെയും നടനെയും ഒരുമിച്ച് കാണാന്‍ ഈ ചിത്രത്തിലൂടെ സാധിച്ചു.

ചിത്രത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചവരില്‍ ഒരാളാണ് ബിനു പപ്പു. എസ്.ഐ. ബെന്നി എന്ന കഥാപാത്രമായാണ് ബിനു പപ്പു ചിത്രത്തില്‍ വേഷമിട്ടത്. ഗ്രേ ഷേഡുള്ള പൊലീസ് വേഷം ബിനുവില്‍ ഭദ്രമായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബിനു പപ്പു. ശോഭനയെയും അമൃത വര്‍ഷിണിയെയും ചോദ്യം ചെയ്യുന്ന സീന്‍ ഷൂട്ട് ചെയ്തത് ടെന്‍ഷനോടെയായിരുന്നെന്ന് ബിനു പപ്പു പറഞ്ഞു.

അമൃത വര്‍ഷിണിയെ ചോദ്യം ചെയ്യുമ്പോള്‍ കവിളില്‍ പിടിച്ച് പൊക്കുന്നുണ്ടെന്നും ആ സീന്‍ ചെയ്യുമ്പോള്‍ തനിക്ക് ടെന്‍ഷനുണ്ടായിരുന്നെന്നും ബിനു പപ്പു പറഞ്ഞു. കവിളില്‍ പിടിക്കുന്നതിന് പകരം കഴുത്തിന് പിടിച്ചോ എന്ന് അമൃത വര്‍ഷിണി തന്നോട് പറഞ്ഞെന്നും താന്‍ അത് കേട്ട് ചൂടായെന്നും ബിനു കൂട്ടിച്ചേര്‍ത്തു. തനിക്ക് പണി തരല്ലേ എന്ന് അമൃത വര്‍ഷിണിയോട് ആവശ്യപ്പെട്ടെന്നും ബിനു പപ്പു പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ബിനു പപ്പു.

‘ഈ പടത്തില്‍ ഏറ്റവും ടെന്‍ഷനടിച്ച സീനായിരുന്നു പൊലീസ് സ്റ്റേഷനില്‍ ശോഭന മാമിനെയും അമൃതയെയും ചോദ്യം ചെയ്യുന്ന സീന്‍. ചുമ്മാ ചോദ്യം ചെയ്യുന്നതല്ലല്ലോ. അവരെ മാക്‌സിമം ദ്രോഹിക്കുകയാണ് ആ സീനില്‍ ശോഭന മാമിനെ ഉപദ്രവിക്കുന്നുണ്ട്, അത് കഴിഞ്ഞ് അമൃതയുടെ നേരെ പോകുന്നുണ്ട്. കവിളില്‍ പിടിച്ച് പൊക്കാനാണ് എന്നോട് തരുണ്‍ പറഞ്ഞത്.

പക്ഷേ, അവള്‍ എന്റെയടുത്ത് ‘കഴുത്തിന് പിടിച്ച് പൊക്കിക്കോ, കുഴപ്പമില്ല’ എന്ന് പറഞ്ഞു. ഈ സീന്‍ ചെയ്യുന്നത് തന്നെ എങ്ങനെയോ ആണ്. അപ്പോഴാണ് കഴുത്തിന് പിടിച്ച് പൊക്കാന്‍ പറയുന്നത്. ‘എനിക്ക് വെറുതേ പണി വാങ്ങിച്ച് തരല്ലേ മോളേ നീ’ എന്നായിരുന്നു അവള്‍ക്ക് കൊടുത്ത മറുപടി. അല്ലാതെ ഞാന്‍ എന്താ ചെയ്യുക,’ ബിനു പപ്പു പറയുന്നു.

വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 170 കോടിയോളം ഇതിനോടകം തുടരും സ്വന്തമാക്കിക്കഴിഞ്ഞു. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 80 കോടിക്കുമുകളില്‍ സ്വന്തമാക്കിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റാകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. മോഹന്‍ലാലിന് പുറമെ ശോഭന, പ്രകാശ് വര്‍മ, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ഇര്‍ഷാദ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Binu Pappu shares the shooting experience with Shobana and Amrith Varshini of Thudarum movie