കരഞ്ഞിട്ട് ശരിയായില്ല, ഡബ്ബിങ്ങിനും അവളുടെ കഴുത്തിന് പിടിക്കേണ്ടി വന്നു: ബിനു പപ്പു
Entertainment
കരഞ്ഞിട്ട് ശരിയായില്ല, ഡബ്ബിങ്ങിനും അവളുടെ കഴുത്തിന് പിടിക്കേണ്ടി വന്നു: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th May 2025, 2:35 pm

2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന നടനാണ് ബിനു പപ്പു. പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോള്‍ മലയാള സിനിമക്ക് പരിചിതനായ നടനും സഹസംവിധായകനുമാണ് അദ്ദേഹം. മലയാള സിനിമക്ക് ഏറെ പ്രിയപ്പെട്ട കുതിരവട്ടം പപ്പുവിന്റെ മകന്‍ കൂടിയാണ് ബിനു പപ്പു.

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ തുടരും സിനിമയിലും ബിനു പപ്പു പൊലീസ് വേഷം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ സഹ സംവിധായകനുമാണ് അദ്ദേഹം. സിനിമയില്‍ അമൃത വര്‍ഷിണിയാണ് മോഹന്‍ലാലിന്റെയും ശോഭനയുടെ മകളായി അഭിനയിച്ചത്. ചിത്രത്തില്‍ ബിനു പപ്പുവിന്റെ കഥാപാത്രം അമൃത വര്‍ഷിണിയെ കഴുത്തിന് പിടിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം ഡബ്ബ് ചെയ്യുമ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍ ബിനു പപ്പു.

ഡബ്ബ് ചെയ്തപ്പോള്‍ അമൃതയുടെ കഴുത്തിന് പിടിക്കേണ്ടി വന്നെന്നും കരഞ്ഞിട്ട് ശരിയാകാതെ വന്നതുകൊണ്ട് അങ്ങനെ ചെയ്തതെന്നും ബിനു പപ്പു പറയുന്നു. പിന്നീട് അമൃത നല്ല രീതിയില്‍ ഡബ്ബ് ചെയ്തതെന്നും സിനിമയില്‍ ആദ്യമായിട്ട് ഡബ്ബ് ചെയ്യുകയാണല്ലോ അവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിന്റെ കൂടെ ആക്ഷന്‍ സീനുകള്‍ ചെയ്യാന്‍ നല്ല രസമാണെന്നും ഫൈറ്റ് സീനുകളിലൊക്കെ അദ്ദേഹം നല്ല ശ്രദ്ധയുള്ള ആളാണെന്നും ബിനു പപ്പു പറഞ്ഞു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇവള് ഡബ്ബ് ചെയ്യുമ്പോള്‍ ഞാന്‍ ഡബ്ബിങ് തിയേറ്ററിന്റെ അകത്ത് നിന്നും ഇവളുടെ കഴുത്തിന് പിടിക്കേണ്ടി വന്നു. കാരണം കരഞ്ഞിട്ട് ശരിയാവുന്നില്ല. ഇവള്‍ എന്റെ അടുത്ത് വന്നിട്ട് ‘ബിനു ചേട്ടാ ഒന്ന് അകത്ത് വരുവോ, എന്നിട്ട് എന്റെ കഴുത്തിന് പിടിക്കുവോ'(ചിരി) എന്ന് പറഞ്ഞു. അപ്പോള്‍ തരുണ്‍ പറഞ്ഞു ചെല്ല് ചെല്ല്. പിന്നെ ഇവള്‍ നല്ല രസമായിട്ട് ഡബ്ബ് ചെയ്തു. ആദ്യത്തെ അനുഭവമാണല്ലോ ഡബ്ബ് ചെയ്യുന്നത്.

പിന്നെ ലാലേട്ടന്‍ കൂടെ ഫൈറ്റ് ചെയ്യുമ്പോള്‍ പുള്ളി അത്തരം കാര്യങ്ങളില്‍ നല്ല ശ്രദ്ധയുള്ള ആളാണ്. നല്ല രസമായിട്ട് അല്ലെങ്കില്‍ നല്ല ഈസിയായിട്ട് പുള്ളിയുടെ കൂടെ നമുക്ക് ആക്ഷന്‍ ചെയ്യാന്‍ പറ്റും,’ ബിനു പപ്പു പറയുന്നു.

Content Highlight: Binu Pappu shares his experience dubbing for the film.