മമ്മൂക്കയുടേത്‌ വലിയ വാക്ക്; അത്രയും മഹാനായ നടന്‍ നമ്മളിലെ ആര്‍ട്ടിസ്റ്റിനെ മനസിലാക്കി: ബിന്ദു പണിക്കര്‍
Entertainment
മമ്മൂക്കയുടേത്‌ വലിയ വാക്ക്; അത്രയും മഹാനായ നടന്‍ നമ്മളിലെ ആര്‍ട്ടിസ്റ്റിനെ മനസിലാക്കി: ബിന്ദു പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th June 2023, 5:31 pm

ബിന്ദു പണിക്കറുടെ ഏറ്റവും പ്രശംസനീയമായ കഥാപാത്രമായിരുന്നു റോഷാക്കിലെ സീത. ബിന്ദു പണിക്കരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ചതും ശക്തമായതുമായ കഥാപാത്രങ്ങളിലൊന്നാണ് ഇത്. എന്നാല്‍ റോഷാക്കിലേക്ക് ബിന്ദു പണിക്കറെ നിര്‍ദേശിച്ചത് താനാണെന്ന് നേരത്തെ മമ്മൂട്ടി പറഞ്ഞിരുന്നു. അതില്‍ പ്രതികരിക്കുകയാണ് ബിന്ദു പണിക്കര്‍

അത്രയും മഹാനായ നടന്‍ നമ്മളിലെ ആര്‍ട്ടിസ്റ്റിനെ മനസിലാക്കുന്നത് അഭിമാനമാണെന്ന് ബിന്ദു പണിക്കര്‍ പറഞ്ഞു. ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് മമ്മൂട്ടിയുടേത് വലിയ വാക്കാണെന്നും നടി സൂചിപ്പിച്ചു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അത്രയും മഹാനായ നടന്‍ നമ്മളിലെ ആര്‍ട്ടിസ്റ്റിനെ മനസിലാക്കി എന്നതാണ് അവിടെ പറഞ്ഞത്. ഭയങ്കര അഭിമാനമല്ലേ അത്.
അത് ഇന്ന ആര്‍ട്ടിസ്റ്റിന് കൊടുക്കാം എന്ന് തോന്നുന്നത് മമ്മൂക്ക എന്നിലുള്ള ആര്‍ട്ടിസ്റ്റിനെ മനസിലാക്കി എന്നതാണ്. അതൊരു വിശ്വാസമാണ്. ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് അതൊരു വലിയ വാക്കാണ്,’ ബിന്ദു പണിക്കര്‍ പറഞ്ഞു.

എല്ലാ കഥാപാത്രവും ചെയ്യുമ്പോള്‍ കുറേക്കാലത്ത് നില്‍ക്കണമെന്ന പ്ലാനോടെയല്ല അഭിനയിക്കുന്നതെന്നും ബിന്ദു പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

‘അങ്ങനെ ഒരിക്കലും ഞങ്ങള്‍ ആലോചിക്കില്ല. എനിക്ക് ഇത് ചെയ്തിട്ട് വേണം അവാര്‍ഡ് വാങ്ങിക്കാന്‍ എന്നൊന്നും ആലോചിക്കാറില്ല. അപ്പപ്പോള്‍ സംഭവിക്കുന്നത് അവിടെ സംഭവിച്ച് തീരുന്നു. പിന്നെ അത് ജനങ്ങള്‍ കൈയിലെടുക്കുമ്പോഴാണ് കേട്ടുകൊണ്ടിരിക്കാന്‍ ഭയങ്കര സുഖം. അല്ലാതെ മുന്‍കൂട്ടി ചിന്തിച്ച് നമ്മള്‍ ഒരിക്കലും അഭിനയിക്കരുത് എന്നാണ് എന്റെ അഭിപ്രായം,’ താരം പറഞ്ഞു.

നേരത്തെ പല നടിമാരേയും സീതയെ അവതരിപ്പിക്കാന്‍ നോക്കിയെങ്കിലും ആരും തയാറായിരുന്നില്ലെന്നും ഈ കഥാപാത്രം അവതരിപ്പിക്കാന്‍ ബിന്ദു പണിക്കര്‍ കാണിച്ച ധൈര്യം കൂടിയാണ് സിനിമയുടെ വിജയമെന്നുമാണ് റോഷാക്ക് സക്സസ് സെലിബ്രേഷനില്‍ വെച്ച് അന്ന് മമ്മൂട്ടി പറഞ്ഞത്.

മമ്മൂട്ടിയെയും ബിന്ദു പണിക്കരെയും കൂടാതെ ജഗദീഷ്, കോട്ടയം നസീര്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

പ്രതികാരത്തിലൂന്നി കഥ പറയുന്ന ചിത്രത്തിന് സമീര്‍ അബ്ദുള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയും കിരണ്‍ ദാസുമാണ് ക്യാമറയും എഡിറ്റിങ്ങും. മിഥുന്‍ മുകുന്ദനാണ് സംഗീതമൊരുക്കി.

മധുരമനോഹര മോഹമാണ് ബിന്ദു പണിക്കറുടെ ഇറങ്ങാനുള്ള പുതിയ സിനിമ.
content highlights: bindhu panikkar about mammootty