തനിക്കൊരു ആവശ്യം വന്നപ്പോള്‍ തന്റെ കൂടെ നിന്നത് സിനിമയിലെ കൂട്ടുകാരാണെന്ന് പറയുകയാണ് നടന്‍ ഭഗത് മാനുവല്‍. ഒരു ദിവസം തന്റെ അമ്മക്ക് സുഖമില്ലാതെ ആയെന്നും അപ്പോള്‍ താന്‍ ആദ്യം വിളിച്ച് പറഞ്ഞത്ത് ചെമ്പന്‍ വിനോദിനെയാണെന്നും ഭഗത് പറയുന്നു. വെളുപ്പിനായിരുന്നു താന്‍ അദ്ദേഹത്തെ വിളിച്ചതെന്നും എന്നാല്‍ അപ്പോള്‍ തന്നെ തനിക്ക് വേണ്ടതെല്ലാം ചെമ്പന്‍ വിനോദ് ചെയ്തുതന്നെന്നും ഭഗത് പറഞ്ഞു.
നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങി ഒരുപാടുപേര്‍ തന്നെ അപ്പോള്‍ സഹായിച്ചുവെന്നും സിനിമയിലെ എല്ലാവരും ഇപ്പോള്‍ പരസ്പരം ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭഗത് മാനുവല്‍.
‘എന്റെ അമ്മയെ എനിക്ക് തിരിച്ച് തന്നതേ കൂട്ടുകാരാണ്. ഒരു എട്ട് മാസം മുമ്പേ അമ്മക്ക് പെട്ടന്ന് വയ്യാതെയായി. ഹാര്‍ട്ട് അറ്റാക്കും ഒക്കെയായി കാലന്റെ കൂടെ ടൂര്‍ പോകാന്‍ നിന്നു. ആ സമയത്തൊക്കെ ഇന്ഡസ്ട്രിയിലുള്ള സകല കൂട്ടുകാരും കൂടെ നിന്നു. പ്രത്യേകിച്ച് വിനീതേട്ടന്‍, നിവിന്‍, അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍…അങ്ങനെ പേരെടുത്ത് പറയേണ്ട ഒരുപാട് ആളുകളുണ്ട്.
നമ്മുടെ ഇപ്പോഴത്തെ ഒരു അവസ്ഥ അറിയാമല്ലോ, സിനിമയെല്ലാം ഇപ്പോള്‍ എനിക്ക് വളരെ കുറവായൊരു അവസ്ഥയാണ്. ഒരു ദിവസം വെളുപ്പിന് നാല് മണി, അഞ്ച് മണിയായപ്പോള്‍ ഞാന്‍ ഹോസ്പിറ്റലിലേക്ക് പോകുകയായിരുന്നു. ആ സമയം ഞാന്‍ ചെമ്പന്‍ ചേട്ടനെ (ചെമ്പന്‍ വിനോദ് ജോസ്) വിളിച്ച് ഞാന്‍ ഹോസ്പിറ്റലിലേക്ക് പോകുകയാണ്, എന്റെ കയ്യില്‍ അഞ്ചിന്റെ പൈസയില്ല എന്ന് പറഞ്ഞു.
ആ വെളുപ്പാന്‍കാലത്ത് കാലത്ത് അദ്ദേഹം എനിക്ക് വേണ്ടതെല്ലാം ചെയ്തുതന്നു. സിനിമയില്‍ ഉള്ളവര്‍ തമ്മില്‍ ആത്മബന്ധം ഇല്ല എന്ന് പറഞ്ഞാല്‍ ഞാന്‍ ഒരിക്കലും യോജിക്കില്ല. ഇപ്പോള്‍ ഉള്ള എല്ലാവരും പരസ്പരം ആത്മബന്ധം ഉള്ളവരാണ്,’ ഭഗത് മാനുവല്‍ പറയുന്നു.