പ്ലാസ്റ്റിക് കുപ്പി ഒന്നിന് 20 രൂപ തിരികെ നല്‍കും; ബെവ്‌കോ മാലിന്യത്തിന് പരിഹാരവുമായി കേരളം
Kerala
പ്ലാസ്റ്റിക് കുപ്പി ഒന്നിന് 20 രൂപ തിരികെ നല്‍കും; ബെവ്‌കോ മാലിന്യത്തിന് പരിഹാരവുമായി കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st July 2025, 8:03 pm

തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരികെ ഔട്ട്‌ലെറ്റില്‍ നല്‍കിയാല്‍ 20 രൂപ നല്‍കുമെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. സെപ്റ്റംബര്‍ മുതല്‍ മദ്യക്കുപ്പിക്ക് മേല്‍ 20 രൂപ ഡെപ്പോസിറ്റായി ഈടാക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യം വാങ്ങുമ്പോള്‍ ആദ്യം 20 രൂപ ഡെപ്പോസിറ്റായി ഈടാക്കും. ബോട്ടില്‍ തിരിച്ച് നൽകിയാൽ 20 രൂപ തിരികെ ലഭിക്കും . വാങ്ങിയ ഔട്ട്‌ലെറ്റുകളില്‍ തന്നെ പ്ലാസ്റ്റിക് കുപ്പികള്‍ തിരികെ നല്‍കിയാല്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ പണം ലഭിക്കുക. 20 രൂപ ഡെപ്പോസിറ്റ് വാങ്ങുന്നത് എല്ലാ കുപ്പികള്‍ക്കും ബാധകമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്യുആര്‍ കോഡ് പരിശോധിച്ചതിന് ശേഷമായിരിക്കും കുപ്പികള്‍ തിരിച്ചെടുക്കുക. ഇത് തമിഴ്‌നാട് മോഡല്‍ റീസൈക്കിളിങ് പദ്ധതിയാണെന്നും അധികവില ഈടാക്കുന്നതല്ല, തിരിച്ചുകിട്ടുന്ന നിക്ഷേപമാണ് 20 രൂപയെന്നും മന്ത്രി വ്യക്തമാക്കി.

ബെവ്കോ 70 കോടി മദ്യക്കുപ്പിയാണ് ഒരു വര്‍ഷം വിറ്റഴിക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇത് ഗൗരവമായി കണക്കിലെടുക്കേണ്ട വിഷയമാണ്. പ്രീമിയം കാറ്റഗറിക്ക് (800 രൂപയ്ക്ക്) മുകളിലുള്ള ബോട്ടിലുകള്‍ ഗ്ലാസ് ബോട്ടിലാക്കി മാറ്റുമെന്നും പ്ലാസ്റ്റിക് ബോട്ടിലുകള്‍ തിരിച്ചെടുക്കാനുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിറ്റഴിക്കപ്പെടുന്ന 70 കോടി കുപ്പിയില്‍ 80 ശതമാനത്തിലധികം പ്ലാസ്റ്റിക് കുപ്പികളാണ്. അതായത് 56 കോടിയോളം പ്ലാസ്റ്റിക് മദ്യക്കുപ്പികളാണുള്ളത്. ഇതെല്ലാം പൊതുയിടങ്ങളില്‍ വലിച്ചെറിയപ്പെടുന്നുണ്ടെന്നും പുതിയ പദ്ധതി ഇതിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. കുപ്പിയാണ് പ്രശ്‌നം, അളവല്ലെന്നും മന്ത്രി പറഞ്ഞു.

കൂടാതെ തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്. 1500 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. യു.എസ്.എസ് സ്‌കോളര്‍ഷിപ്പിന് സമാനമായ തുകയാണ്. കേരളത്തിലെ 50000 വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ചുരുങ്ങിയത് ഒരു പഞ്ചായത്തില്‍ 50 പേര്‍, മുന്‍സിപ്പാലിറ്റിയില്‍ 75 പേര്‍, കോര്‍പ്പറേഷനില്‍ 100 പേര്‍ എന്നിങ്ങനെയായിരിക്കും. ഈ കണക്കില്‍ വ്യത്യാസമുണ്ടാകരുതെന്നും സ്‌കോളര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ശുചിത്വമിഷന്‍ ഉത്തരവിറക്കുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

Content Highlight: Excise Minister M.B. Rajesh says, bevco will pay Rs 20 to get plastic liquor bottles back