സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാര്‍. വിവിധ സിനിമകളിലൂടെ മലയാളികള്‍ക്ക് ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ ജഗതി ശ്രീകുമാറിനെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം.
കഥാപാത്രത്തിന് വേണ്ടി നന്നായി പഠിക്കുന്നയാളാണ് നടന്‍ ജഗതി ശ്രീകുമാറെന്ന് ബെന്നി പി. നായരമ്പം പറയുന്നു. സെറ്റില്‍ ജഗതി വന്നാല്‍ ആദ്യം ചോദിക്കുന്നത് ചെയ്യാന്‍ പോകുന്ന കഥാപാത്രത്തെ കുറിച്ചാണെന്നും ആ കഥാപാത്രത്തിന്റെ വിദ്യാഭ്യാസമുള്‍പ്പെടെ എല്ലാ വിവരങ്ങളും ജഗതി ചോദിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
അത്രയും ഡീറ്റേയിലിങ്ങോടെ അദ്ദേഹം എല്ലാം ചോദിച്ചറിയുമെന്നും ജഗതി അദ്ദേഹത്തിന്റേതായ ബോഡി ലാങ്ക്വേജും മറ്റും കഥാപാത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നും ബെന്നി പി. നായരമ്പലം പറയുന്നു. ഛോട്ടാ മുംബൈയിലെ ക്യാരക്ടര്‍ ചെയ്യുമ്പോള്‍ ജഗതി പല കാര്യങ്ങളും ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എ്മ്മില്‍ സംസാരിക്കുകയായിരുന്നു ബെന്നി പി. നായരമ്പലം.
‘അമ്പിളി ചേട്ടന്‍ വന്ന് കഴിഞ്ഞാല്‍ ആദ്യം ചോദിക്കുന്നത് ആ കഥാപാത്രത്തെ കുറിച്ചാണ്. ‘അനിയാ ഇയാള്‍ എത്ര വരെ പഠിച്ചിട്ടുണ്ടാകും’ എന്നൊക്കെ ചോദിക്കും. ഛോട്ടാ മുംബൈയിലെ കഥാപാത്രത്തെ പറ്റിയും ചോദിച്ചിരുന്നു. ഇതിലെ കഥാപാത്രം ഗുണ്ടയാണല്ലോ അപ്പോള്‍ ഞാന്‍ പറഞ്ഞു, ‘ചേട്ടാ ഇയാള്‍ ഗുണ്ടയായിട്ടൊക്കെ നടക്കുന്നയാളാണ്. ഇയാള്‍ക്ക് വലിയ വിദ്യാഭ്യാസമൊന്നും ഉണ്ടാകില്ല. ചിലപ്പോള്‍ ഒരു പത്ത് വരെ പഠിച്ചിട്ടുണ്ടാകും’ എന്ന് പറഞ്ഞു. പിന്നെ ഇദ്ദേഹത്തിന്റ കുടുംബ പശ്ചാത്തലം എന്താണെന്നൊക്കെ ചോദിക്കും.
ഏത് കഥാപാത്രം അവതരിപ്പിക്കുകയാണെങ്കിലും പുള്ളി അതിന്റെ ബാക്ഗ്രൗണ്ടും കാര്യങ്ങളൊക്കെ ചോദിക്കും. ആ കഥാപാത്രത്തിന്റെ വിദ്യാഭ്യാസം, സ്വഭാവം ഒക്കെ ചോദിക്കും. ‘വിദ്യാഭ്യാസം കുറവാണെങ്കില്‍ അപ്പോള്‍ തറയായിട്ട് പിടിക്കാലെ’ എന്നൊക്കെ ചോദിക്കും. അതേസമയം വിദ്യാഭ്യാസമുള്ള ആളാണെന്ന് പറഞ്ഞാല്‍ ആ ഒരു സ്റ്റാന്‍ഡേഡില്‍ പുള്ളി പിടിക്കും. ബോഡി ലാങ്ക്വേജിലും ഡയലോഗ് പ്രസേന്റേഷനിലും അഡീഷ്ണലായിട്ട് എന്തെങ്കിലും ആഡ് ചെയ്യും,’ബെന്നി പി. നായരമ്പലം പറയുന്നു.
Content Highlight: Benny p. nayarambalam talks about jagathy sreekumar