മലയാളികള്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ബെന്നി പി. നായരമ്പലം. 1993ല്‍ പുറത്തിറങ്ങിയ കൗശലം എന്ന ചിത്രത്തിലൂടെയാണ് ബെന്നി തിരക്കഥാലോകത്തേക്ക് എത്തിയത്.
പിന്നീട് അദ്ദേഹം ചട്ടമ്പിനാട്, ചാന്തുപൊട്ട്, തൊമ്മനും മക്കളും, ഛോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയുടെ തിരക്കഥാകൃത്തും ബെന്നി തന്നെയായിരുന്നു.
ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജു മേനോന്റെ ജോസ് എന്ന കഥാപാത്രത്തെ കുറിച്ച് പറയുകയാണ് ബെന്നി പി. നായരമ്പലം.
‘ബിജു മേനോന്‍ ആ സമയത്ത് സ്ഥിരമായി പൊലീസ് വേഷങ്ങളും വില്ലന്‍ വേഷങ്ങളും മാത്രം ചെയ്യുന്ന സമയമായിരുന്നു അത്. അദ്ദേഹം വലിയ തിരക്കില്ലാതെ നില്‍ക്കുന്ന സമയത്താണ് മേരിക്കുണ്ടൊരു കുഞ്ഞാട് വരുന്നത്.
അന്ന് ബിജുവിന് മുമ്പ് ആ വേഷത്തിലേക്ക് പലരെയും കാസ്റ്റ് ചെയ്തിരുന്നു. സുരേഷേട്ടനെയും (സുരേഷ് ഗോപി) സിദ്ദിഖ് – ലാലിലെ ലാലേട്ടനെയുമൊക്കെ ആ റോളിലേക്ക് ആദ്യം ചിന്തിച്ചിരുന്നു എന്നതാണ് സത്യം. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അതൊക്കെ മാറി.
പിന്നെ ഞാന്‍ ഷാഫിയും ആരെ കാസ്റ്റ് ചെയ്യാമെന്ന് ചിന്തിച്ചു. ഞങ്ങള്‍ ആദ്യം ഓര്‍ത്ത ഒരു കാര്യമുണ്ട്. ഒരു നെഗറ്റീവ് ഷേയ്ഡുള്ള ആള്‍ ആ കഥാപാത്രത്തിലേക്ക് വന്നാല്‍ നന്നാകുമെന്ന് തോന്നി. സുരേഷേട്ടന്‍ വന്നാല്‍ അത് പോസിറ്റീവാകും.
ആളുകള്‍ക്ക് ആ കഥാപാത്രം അവസാനം എന്താണ് ചെയ്യുകയെന്ന് ഊഹിക്കാനാകും. ഇയാള്‍ അവസാനം ആ പൊന്നിന്‍ കുരിശ് തിരികെ കൊടുത്തിട്ട് പോകുമെന്ന് ആളുകള്‍ ഊഹിക്കും. കാരണം സുരേഷേട്ടനല്ലേ ആ റോള്‍ ചെയ്യുന്നത്.
ഹീറോ ആയ ഒരാള്‍ ആ വേഷത്തിലേക്ക് വന്നാല്‍ ആളുകള്‍ക്ക് കഥ ഊഹിക്കാന്‍ സാധിക്കും. ആ സമയത്ത് ബിജു മേനോന് നന്നായി നെഗറ്റീവ് ഷേഡുണ്ടായിരുന്നു. വില്ലനായും ക്യാരക്ടര്‍ റോളില്‍ തന്നെ കുഴപ്പക്കാരനായും അഭിനയിക്കുന്ന സമയമായിരുന്നു.
ഞാനാണ് അന്ന് ബിജുവിനെ വിളിച്ച് സംസാരിച്ചത്. ഞാന്‍ കാര്യങ്ങളൊക്കെ പറഞ്ഞു. ത്രൂ ഔട്ടുള്ള ഒരു റോളാണെന്നും പറഞ്ഞിരുന്നു. കൂട്ടത്തില്‍ ഒരു കണ്ടീഷന്‍ പറഞ്ഞു. തലമുടി പറ്റേ വെട്ടേണ്ടി വരും എന്നതായിരുന്നു ആ കണ്ടീഷന്‍.
അന്ന് ബിജു പറഞ്ഞത് ‘മുടിയല്ല, തല വേണമെങ്കിലും ഞാന്‍ വെട്ടാം’ എന്നായിരുന്നു. തല വെട്ടേണ്ടെന്നും അത് നമുക്ക് ആവശ്യമുണ്ടെന്നും ഞാന്‍ പറഞ്ഞു. ഡയറ്റൊന്നും നോക്കാതെ വാരിവലിച്ച് തിന്നാനും പറഞ്ഞിരുന്നു.
ഷൂട്ടിങ്ങ് വരെ ഒന്നും നോക്കാതെ തിന്നിട്ട് പരമാവധി തടിവെച്ചിട്ട് വരണമെന്ന് പറഞ്ഞപ്പോഴും ബിജു അതിന് സമ്മതിച്ചു. അധികം സംസാരിക്കാതെ നന്നായി ഭക്ഷണം കഴിക്കുന്ന ആളാണല്ലോ ജോസ്. അവസാനം ആ മേക്കപ്പിലും ലുക്കിലും വന്നപ്പോള്‍ തന്നെ ബിജു ജോസായി മാറി,’ ബെന്നി പി. നായരമ്പലം പറയുന്നു.
Content Highlight: Benny P Nayarambalam Talks About Biju Menon’s Role In Merykkundoru Kunjaaadu Movie