ലാലേട്ടനും മണിയും തമ്മില്‍ ആകെ ഒരൊറ്റ ഡയലോഗ് മാത്രമേ ഛോട്ടാ മുംബൈയിലുള്ളൂ, അതിനൊരു കാരണമുണ്ട്: ബെന്നി പി. നായരമ്പലം
Entertainment
ലാലേട്ടനും മണിയും തമ്മില്‍ ആകെ ഒരൊറ്റ ഡയലോഗ് മാത്രമേ ഛോട്ടാ മുംബൈയിലുള്ളൂ, അതിനൊരു കാരണമുണ്ട്: ബെന്നി പി. നായരമ്പലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th June 2025, 12:59 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായി മാറി. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്, സിദ്ദിഖ്, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിരയായിരുന്നു അണിനിരന്നത്. 4K സാങ്കേതിക വിദ്യയില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്.

ചിത്രത്തില്‍ പലരും ശ്രദ്ധിച്ച കാര്യമാണ് നായകനും വില്ലനും തമ്മിലുള്ള ഫേസ് ഓഫ് സീന്‍. രണ്ടര മണിക്കൂര്‍ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാത്രമാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ആകെ ഒരു ഡയലോഗ് മാത്രമാണ് ഇവര്‍ തമ്മിലുള്ളത്. എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം.

സിനിമയുടെ കഥ എഴുതിത്തുടങ്ങിയപ്പോള്‍ കുറച്ച് കോണ്‍ഫ്‌ളിക്റ്റുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അത് കൂട്ടിച്ചേര്‍ത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. വില്ലന്‍ കഥാപാത്രമായി പലരെയും കാണിക്കുന്നുണ്ടെന്നും അത് ഒടുവില്‍ കലാഭവന്‍ മണിയിലേക്ക് എത്തിയെന്നും ബെന്നി പി. നായരമ്പലം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ പടത്തിന് കൃത്യമായിട്ട് ഒരു കഥയുണ്ടായിരുന്നില്ല. കുറച്ച് കോണ്‍ഫ്‌ളിക്റ്റുകള്‍ കൂട്ടിച്ചേര്‍ത്ത് അങ്ങ് എഴുതുകയായിരുന്നു. അതില്‍ നായകനെയും അയാളുടെ ഗ്യാങ്ങിനെയും കാണിച്ച് പോവുകയാണ്. അതിനിടക്ക് വില്ലന്‍ കഥാപാത്രങ്ങള്‍ മാറിവരുന്നുണ്ട്. ആദ്യം വിജയരാഘവനാണ് തലയുടെ ഗ്യാങ്ങിനെ പിടിക്കാന്‍ നടക്കുന്നത്.

ഇന്റര്‍വെല്ലിന് മുമ്പ് അത് ഷിഫ്റ്റായി കലാഭവന്‍ മണിയിലേക്ക് എത്തുന്നുണ്ട്. പിന്നീട് ആ കഥാപാത്രം കടന്നുപോകുന്ന പ്രശ്‌നങ്ങളില്‍ നായകനും ടീമും പെടുകയാണ്. അത് ഒടുക്കം കൊണ്ടെത്തിക്കുന്നത് ക്ലൈമാക്‌സിലാണ്. ആ സമയത്ത് മാത്രമേ നായകനും വില്ലനും നേര്‍ക്കുനേര്‍ കാണുന്നുള്ളൂ.

അതിന് മുമ്പ് ഒരു ഫേസ് ഓഫ് സീനും വെല്ലുവിളിയും അനാവശ്യമായിട്ടുള്ള ഫ്‌ളാഷ്ബാക്ക് സീനൊന്നും വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ആ ക്ലൈമാക്‌സില്‍ തോക്കെടുത്ത് വെടി വെക്കുന്നതിന് മുമ്പ് ‘എടാ’ എന്നൊരു വിളി മാത്രമേ ഇവര്‍ക്കിടയിലുള്ളൂ. അത് പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു,’ ബെന്നി പി. നായരമ്പലം പറയുന്നു.

Content Highlight: Benny P Nayarambalam about the Face off scene between Mohanlal and Kalabhavan Mani in Chotta Mumbai