വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ പിന്തുണ തന്നത് ബി.സി.സി.ഐ: ബ്രാവോ
Daily News
വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ പിന്തുണ തന്നത് ബി.സി.സി.ഐ: ബ്രാവോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th April 2016, 5:07 pm

bravo

കൊല്‍ക്കത്ത: വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ തങ്ങള്‍ക്ക് പിന്തുണ തന്നത് ബി.സി.സി.ഐ ആണെന്ന് ഡെയ്ന്‍ ബ്രാവോ. ലോകകപ്പ് നേടിയതിന് ശേഷം വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും ആരും തങ്ങളെ വിളിക്കുക പോലും ചെയ്തിട്ടില്ലെന്നും ബ്രാവോ പറഞ്ഞു. ഞങ്ങള്‍ ഈ ടൂര്‍ണമെന്റ് ജയിക്കണമെന്ന് പോലും അവര്‍ക്ക് ആഗ്രഹമുണ്ടാകുകയില്ലെന്നും ബ്രാവോ പറഞ്ഞു.

ഗെയ്ല്‍, റസല്‍ ഉള്‍പ്പടെയുള്ള താരങ്ങളെ ഏകദിന ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനെയും ബ്രാവോ വിമര്‍ശിച്ചു. ജഴ്‌സി പോലുമില്ലാതെയാണ് ട്വന്റി20 ലോകകപ്പ് കളിക്കാന്‍ ടീം കൊല്‍ക്കത്തയിലെത്തിയതെന്ന് വിന്‍ഡീസ് ക്യാപ്റ്റന്‍ സമി പറഞ്ഞിരുന്നു.

ബോര്‍ഡുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പര്യടനത്തിനിടെ ബ്രാവോയുടെ നേതൃത്വത്തില്‍ വിന്‍ഡീസ് ടീം കളിക്കാന്‍ വിസമ്മതിച്ചിരുന്നു. നല്ലൊരു ഗ്രൗണ്ടോ അക്കാദമിയോ പരിശീലനത്തിനുള്ള മറ്റു സൗകര്യങ്ങളോ ടീമിനില്ലെന്നും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിനെ തകര്‍ത്തത് ക്രിക്കറ്റ് ബോര്‍ഡിലുള്ളവരുടെ രാഷ്ട്രീയ കളികളാണെന്നും താരങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു.