അപൂര്‍വ നേട്ടം സ്വന്തമാക്കി ബേസില്‍ ജോസഫ്; വീണ്ടും ഉയരങ്ങളിലേക്ക് പറന്ന് മിന്നല്‍ മുരളി
Entertainment
അപൂര്‍വ നേട്ടം സ്വന്തമാക്കി ബേസില്‍ ജോസഫ്; വീണ്ടും ഉയരങ്ങളിലേക്ക് പറന്ന് മിന്നല്‍ മുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th October 2022, 9:40 am

മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളി വീണ്ടുമൊരു അഭിമാനനേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡ്‌സില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് മിന്നല്‍ മുരളിയിലൂടെ ബേസില്‍ ജോസഫ് നേടിയിരിക്കുന്നത്.

ഏഷ്യ-പസഫിക് റീജിയണിലെ 16 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളും ടെലിവിഷന്‍ പരമ്പരകളും മാറ്റുരക്കുന്ന വേദിയാണ് ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡ്‌സ്.

നേരത്തെയും നിരവധി പുരസ്‌കാരങ്ങള്‍ മിന്നല്‍ മുരളി സ്വന്തമാക്കിയിട്ടുണ്ട്. 52ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ വിഷ്വല്‍ ഇഫക്ട്‌സ്, സൗണ്ട് മിക്‌സിങ്, കോസ്റ്റിയൂം ഡിസൈനര്‍, പിന്നണി ഗായകന്‍ എന്നീ അവാര്‍ഡുകളായിരുന്നു മിന്നല്‍ മുരളി നേടിയത്.

അതേസമയം സൈമയില്‍ (സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സ്) മലയാളം വിഭാഗത്തിലെ ഒട്ടുമിക്ക അവാര്‍ഡുകളും വാരിക്കൂട്ടിയത് മിന്നല്‍ മുരളിയായിരുന്നു. 10 പുരസ്‌കാരങ്ങളായിരുന്നു ചിത്രത്തെ തേടിയെത്തിയത്.

മലയാളത്തിലെ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, പുതുമുഖ നടി, നെഗറ്റീവ് കഥാപാത്രം, സഹനടി, കോമഡി വേഷം, പിന്നണി ഗായകന്‍, ഗാനരചയിതാവ്, ഛായാഗ്രാഹകന്‍ എന്നിവയായിരുന്നു ഈ പുരസ്‌കാരങ്ങള്‍.

അവാര്‍ഡുകള്‍ക്കൊപ്പം ജനഹൃദയങ്ങളിലും ഇടം നേടിയ ചിത്രമാണ് ടൊവിനോ തോമസ് സൂപ്പര്‍ഹീറോയായി എത്തിയ മിന്നല്‍ മുരളി. മലയാളികളുടെ ആദ്യ സ്വന്തം സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി സ്വീകരിക്കപ്പെട്ടത്.

തിയേറ്റര്‍ റിലീസിന് വേണ്ടി ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെക്കപ്പെടുകയായിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നായിരുന്നു ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ നേരിട്ട് റിലീസ് ചെയ്തത്.

എന്നാല്‍ ഡയറക്ട് ഒ.ടി.ടി റിലീസിലൂടെ ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടാന്‍ മിന്നല്‍ മുരളിക്കായി. ഇന്ത്യയില്‍ മാത്രമല്ല മറ്റ് നിരവധി രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സ് ടോപ് ടെന്‍ ലിസ്റ്റില്‍ ചിത്രമെത്തി. മിന്നല്‍ മുരളിയെ അഭിനന്ദിച്ച് വിവിധ ഭാഷകളിലെ സിനിമാപ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു.

Content Highlight: Basil Joseph wins Asiann Academy Creative Awards for Minnal Murali