വിലക്ക് കാലാകാലമല്ല; ശ്രീനാഥ് ഭാസിക്ക് നല്ലനടപ്പിനുള്ള ഒരു അവസരമാണിത്: ലിബര്‍ട്ടി ബഷീര്‍
Movie Day
വിലക്ക് കാലാകാലമല്ല; ശ്രീനാഥ് ഭാസിക്ക് നല്ലനടപ്പിനുള്ള ഒരു അവസരമാണിത്: ലിബര്‍ട്ടി ബഷീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th October 2022, 10:47 pm

തിരുവനന്തപുരം: അവതാരകയെ അപമാനിച്ച വിഷയത്തില്‍ ശ്രീനാഥ് ഭാസിക്ക് ഏര്‍പ്പെടുത്തിയ നിരോധനം താല്‍ക്കാലികം മാത്രമാണെന്ന് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. നിലവിലുള്ള പടങ്ങള്‍ തീര്‍ത്താല്‍ നിര്‍മാതാക്കളുടെ സംഘടന സ്വാഭാവികമായി നിരോധനം പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാഥ് ഭാസിക്ക് നല്ലനടപ്പിനുള്ള ഒരു അവസരമാണ് ഇപ്പോള്‍ കിട്ടിയതെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മമ്മൂട്ടി സാധാരണ ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാറില്ലെന്നും പ്രത്യേക സാഹചര്യത്തിലുള്ള ഒരു ചോദ്യത്തിന് പ്രതികരിച്ചുപോയതാണെന്നും വിഷയത്തില്‍ മമ്മൂട്ടി നടത്തിയ പ്രസ്താവനയെ മുന്‍നിര്‍ത്തി
അദ്ദേഹം പറഞ്ഞു.

‘ഭാസിയുടെ പേരില്‍ നിരവധി പരാതികള്‍ നിര്‍മാതാക്കളുടെ സംഘടനക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. എന്നാല്‍ ഇത് താല്‍ക്കാലികമാണ്.

കാലാകാലം ഭാസിയെ വിലക്കാന്‍ തീരുമാനമൊന്നുമില്ല. ഇപ്പോള്‍ ചെയ്യുന്ന ഏഴ് പടങ്ങള്‍ ചെയ്ത് തീര്‍ത്താല്‍ അദ്ദേഹത്തിന് പുതിയ സിനിമയുടെ ഭാഗമാകാം,’ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആറ് മാസത്തേക്ക് വിലക്കിയത്.

വിലക്ക് പാടില്ലെന്നും തൊഴില്‍ നിഷേധം തെറ്റാണെന്നുമായിരുന്നു കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നത്.

റോഷാക്ക് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

‘വിലക്ക് മാറ്റിയില്ലേ?’ എന്നായി താരത്തിന്റെ മറുചോദ്യം. ഇല്ലെന്ന മറുപടി വന്നപ്പോള്‍ തൊഴില്‍ നിഷേധം തെറ്റാണെന്നും വിലക്കിയിട്ടില്ലെന്നാണ് താന്‍ അറിഞ്ഞിരുന്നത് എന്നുമായിരുന്നു പ്രതികരണം.