ഇതുവരെ ലീഡ് റോളിലെത്തിയതില്‍ ഏറ്റവും പ്രതീക്ഷ ഉണ്ടായിരുന്ന സിനിമ; അത് എനിക്ക് വേണ്ടി എഴുതിയതല്ല: ബേസില്‍
Entertainment
ഇതുവരെ ലീഡ് റോളിലെത്തിയതില്‍ ഏറ്റവും പ്രതീക്ഷ ഉണ്ടായിരുന്ന സിനിമ; അത് എനിക്ക് വേണ്ടി എഴുതിയതല്ല: ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 3:25 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 2013ല്‍ തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സഹ സംവിധായകനായിട്ടാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ മൂന്ന് സിനിമകളിലൂടെ തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറാന്‍ അദ്ദേഹത്തിന് എളുപ്പം സാധിച്ചിരുന്നു. 2021ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളിക്ക് കിട്ടിയ പാന്‍ ഇന്ത്യന്‍ റീച്ച് മറ്റ് ഭാഷകളിലും ബേസിലിന് ശ്രദ്ധ നേടികൊടുത്തിരുന്നു.

2024ല്‍ ബേസില്‍ ജോസഫ് നായകനായി എത്തിയ ചിത്രമാണ് സൂക്ഷ്മദര്‍ശിനി. നസ്രിയയും ബേസില്‍ ജോസഫും ആദ്യമായി ഒന്നിച്ച സിനിമ കൂടിയായിരുന്നു ഇത്. എം.സി. ജിതിന്‍ സംവിധാനം ചെയ്ത ചിത്രം ഫാമിലി – ത്രില്ലര്‍ ഴോണറില്‍ ആയിരുന്നു എത്തിയത്. ഇപ്പോള്‍ സൂക്ഷ്മദര്‍ശിനിയെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്.

സൂക്ഷ്മദര്‍ശിനി എന്ന സിനിമയെ കുറിച്ച് ചോദിച്ചാല്‍, ആ സിനിമയില്‍ എന്നെ ആവേശം കൊള്ളിച്ചത് രണ്ട് കാര്യങ്ങളായിരുന്നു. ഒന്ന് അതിന്റെ കഥയാണ്. പിന്നെ അടുത്തത് പ്രതീക്ഷിക്കാത്തൊരു കാസ്റ്റിങ് കോമ്പോയും.

ഇതുവരെ ഞാന്‍ ലീഡ് റോളിലെത്തിയ സിനിമകളില്‍ എനിക്ക് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന സിനിമയായിരുന്നു സൂക്ഷ്മദര്‍ശിനി. എന്റെ കംഫര്‍ട്ട് സോണിന് പുറത്ത് നില്‍ക്കുന്ന കഥാപാത്രമായിരുന്നു അത്. ആ സിനിമ ഏറ്റെടുക്കാനുള്ള പ്രധാനകാരണം തന്നെ അതാണ്.

സിനിമയുടെ തുടക്കം തൊട്ട് ഞാന്‍ കൂടെയുണ്ടായിരുന്നു. മിന്നല്‍മുരളിയുടെ സിനിമാറ്റോഗ്രാഫര്‍ സമീര്‍ താഹിര്‍ ആയിരുന്നു. അപ്പോള്‍ അദ്ദേഹവും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമ എന്ന നിലയില്‍ പല പ്രാവശ്യം സൂക്ഷ്മദര്‍ശിനിയെപ്പറ്റി കേട്ടിട്ടുണ്ട്. സംവിധായകന്‍ എം.സിയെയും തിരക്കഥാകൃത്തുക്കളായ ലിബിനെയും അതുലിനെയും ഞാന്‍ ഷോര്‍ട്ട് ഫിലിം ചെയ്യുന്ന കാലംതൊട്ടേ അറിയും.

പക്ഷേ അതിനുശേഷം പല ആര്‍ട്ടിസ്റ്റുമാരും മാറിമറിഞ്ഞു വന്നു. മൂന്നുനാല് വര്‍ഷത്തിന് ശേഷം ഈ കഥയിലേക്ക് ഒരു നടനായി ഞാനെത്തുമെന്ന് സങ്കല്പത്തില്‍പോലും കരുതിയതല്ല. എനിക്ക് വേണ്ടി ആലോചിച്ചുണ്ടാക്കിയ കഥയുമല്ലല്ലോ,’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight: Basil Joseph Talks About Sookshmadarshini Movie