ബോളിവുഡ് മാത്രമാണ് ഇന്ത്യൻ സിനിമ എന്നൊരു രീതി ഇന്നില്ല; അതിർവരമ്പുകൾ എല്ലാം ഇല്ലാതായികൊണ്ടിരിക്കുകയാണ്: ബേസിൽ ജോസഫ്
indian cinema
ബോളിവുഡ് മാത്രമാണ് ഇന്ത്യൻ സിനിമ എന്നൊരു രീതി ഇന്നില്ല; അതിർവരമ്പുകൾ എല്ലാം ഇല്ലാതായികൊണ്ടിരിക്കുകയാണ്: ബേസിൽ ജോസഫ്
നന്ദന എം.സി
Thursday, 2nd April 2026, 8:20 am

മലയാളികളുടെ പ്രിയ താരമായ ബേസിൽ ജോസഫ് ഇന്ത്യൻ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നടനെന്ന നിലയിൽ തുടർച്ചയായി കയ്യടി നേടിക്കൊണ്ടിരിക്കുന്ന ബേസിൽ, ഇപ്പോൾ ഭാഷാഭേദമില്ലാതെ ഇന്ത്യൻ സിനിമ ഒരൊറ്റ കുടക്കീഴിലേക്ക് എത്തുന്നുവെന്ന അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്.

ബേസിൽ ജോസഫ്, Photo: Basil joseph/ Facebook

‘ഇപ്പോൾ നമ്മൾ ഹോളിവുഡിലേക്ക് നോക്കിയാൽ അവിടെ റീജിയണൽ ഇൻഡസ്ട്രി എന്നൊന്നില്ല, അവിടെ എല്ലാം ഒരു കുടക്കീഴിൽ ആണ്. ആ ഒരു മാറ്റം നമുക്കും ആവശ്യമായിരുന്നു അത് ഇപ്പോൾ നടക്കുന്നുമുണ്ട്. ഇന്ത്യൻ സിനിമയെ ഒന്നിച്ചൊന്നായി കാണാൻ ഇന്ന് കഴിയുന്നുണ്ട്.

അല്ലാതെ ബോളിവുഡ് മാത്രമാണ് ഇന്ത്യൻ സിനിമ എന്നൊരു രീതി ഇന്നില്ല. ഇപ്പോൾ ടോളിവുഡ്, മോളിവുഡ്, കോളിവുഡ് തുടങ്ങിയവ എല്ലാം അതിനൊപ്പം ചേർന്നിട്ട് ഒരുമിച്ച് ഇന്ത്യൻ സിനിമ എന്ന രീതിയിൽ ലോകത്തിന് മുന്നിൽ നിൽക്കുകയാണ്. ആ ഒരു അതിർവരമ്പുകൾ എല്ലാം ഇന്ന് ഇല്ലാതായികൊണ്ടിരിക്കുകയാണ്.

ഓരോ ഇൻഡസ്ട്രിയും അർഹിക്കുന്ന അംഗീകാരം അവരെ തേടി എത്തുന്നുണ്ട് എന്നുള്ളത് ഇന്ന് ഇന്ത്യൻ സിനിമയിൽ സംഭവിച്ചിരിക്കുന്ന ഏറ്റവും വലിയ മാറ്റമാണ്,’ ബേസിൽ പറഞ്ഞു.

ഇന്ത്യൻ സിനിമ പൂർണമായും ഒരൊറ്റ ഇൻഡസ്ട്രിയായി മാറിയോ എന്നത് ഇപ്പോഴും വ്യക്തമല്ലെങ്കിലും, ‘ബോളിവുഡ് മാത്രമാണ് ഇന്ത്യൻ സിനിമ’ എന്ന ധാരണ ഇന്ന് മാറിയിരിക്കുകയാണ്.

ഇതിന് തുടക്കം കുറിച്ചത് എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ആയിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്.

ബേസിൽ ജോസഫ്, Photo: Basil joseph/ Facebook

അതിന് മുമ്പ് തന്നെ അല്ലു അർജുൻ, ചിരഞ്ജീവി, രജനികാന്ത്, വിജയ്, സൂര്യ, കമലഹാസൻ എന്നിവരൊക്കെ സ്വന്തം ഇൻഡസ്ട്രിക്ക് പുറത്തേക്ക് സ്വാധീനം ചെലുത്തിയിരുന്നുവെങ്കിലും അത് ഒരു പരിധിക്കുള്ളിലായിരുന്നു എന്ന വിലയിരുത്തലും ഉയരുന്നു.

ബാഹുബലിയ്ക്ക് ശേഷം ഇന്ത്യൻ സിനിമയുടെ മുഖം തന്നെ മാറിയെന്നും, ഇന്നത്തെ ‘പാൻ ഇന്ത്യൻ’ ട്രെൻഡിൽ വിവിധ ഭാഷകളിൽ നിന്നുള്ള താരങ്ങളെ ഉൾപ്പെടുത്തി സിനിമകൾ ഒരുക്കുന്നത് പതിവായിക്കഴിഞ്ഞുവെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

സലാർ, പൊന്നിയിൻ സെൽവൻ, ബ്രഹ്മാസ്ത്ര, കാന്താര, മരക്കാർ: അറബിക്കടലിന്റെ സിംഹം, എമ്പുരാൻ, കത്തനാർ എന്നിവയെല്ലാം ഈ മാറ്റത്തിന്റെ ഉദാഹരണങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നു.

Content Highlight: Basil joseph talk about indian cinema

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.