സഹ സംവിധായകനായി കടന്നുവന്ന് മലയാളികള്‍ക്ക് ജനപ്രിയനായ സംവിധായകനും നടനുമായ വ്യക്തിയാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നിങ്ങനെ മൂന്ന് ചിത്രങ്ങളിലൂടെ തന്നെ മികച്ച സംവിധായകന്‍ എന്ന രീതിയില്‍ വളരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 2021ല്‍ പുറത്തുവന്ന മിന്നല്‍ മുരളി അദ്ദേഹത്തിന് അന്യഭാഷകളിലും ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു. ഈ വര്‍ഷമിറങ്ങിയ പൊന്മാന്‍ എന്ന ചിത്രം ബേസിലിലെ നടനെ അടയാളപ്പെടുത്തുന്നതായിരുന്നു.
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് സൂര്യ – ബേസില്‍
നടന്‍ സൂര്യയെ വെച്ച് താനൊരു സിനിമ ചെയ്യാന്‍ പോവുകയാണെന്ന വാര്‍ത്തയില്‍ സത്യമില്ലെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് സൂര്യയെന്നും എന്നാല്‍ അദ്ദേഹത്തെ വെച്ച് താനൊരു സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും ബേസില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെയാണ് താനും ഇക്കാര്യം അറിയുന്നതെന്നും താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെ കുറിച്ച് താന്‍തന്നെ പ്രേക്ഷകരെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.
‘എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് സൂര്യ. സൂര്യ സാറിനെ വെച്ച് ഞാനൊരു സിനിമ ചെയ്യാന്‍ പോവുകയാണെന്ന വാര്‍ത്ത ഒരിടക്ക് ഉണ്ടായിരുന്നു. എന്നാല്‍ അത് തെറ്റായ വാര്‍ത്തയാണ്. അങ്ങനെ എന്തെങ്കിലും നടക്കുകയാണെങ്കില്‍ ഞാന്‍ തന്നെ ആദ്യം അത് പ്രേക്ഷകരെ അറിയിക്കും.
ഇനി എന്താണ് സംവിധാനം ചെയ്യാന്‍ പോകുന്നതിന് ഇതുവരെയും ഒന്നും കണ്‍ഫോം ആയിട്ടില്ല. ഞാന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെ കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ വരുന്നുണ്ട്. ചിലതെല്ലാം ഞാന്‍തന്നെ അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്.
സൂര്യ സാറിനൊപ്പമുള്ള സിനിമയെല്ലാം അങ്ങനെ ഞാന്‍ അറിഞ്ഞതാണ്. എന്താണ് എങ്ങനെയാണ് നടക്കാന്‍ പോകുന്നതെന്നൊന്നും എനിക്കറിയില്ല. പക്ഷെ വലുതിനായി ഞാന്‍ ആഗ്രഹിക്കുകയാണ്,’ ബേസില്‍ ജോസഫ് പറയുന്നു.