കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമാനുഭവങ്ങളിലൊന്നായിരുന്നു ഗഗനചാരി. അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രം പ്രമേയം കൊണ്ടും അവതരണം കൊണ്ടും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഗഗനചാരിക്ക് ശേഷം അരുണിന്റെ അടുത്ത ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് ഇന്‍ഡസ്ട്രിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിനെ നായകനാക്കിയാണ് അരുണ്‍ ചന്തു തന്റെ അടുത്ത ചിത്രം ഒരുക്കുന്നത്. വല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രമായാണ് വല ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്ന ഗ്ലിംപ്സ് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമയില്‍ ജഗതിയോടൊപ്പം ബേസില്‍ ജോസഫും ഒരു വേഷം ചെയ്യുന്നുണ്ട്. അരുണ്‍ ചന്തു ‘വല‘യുടെ കഥ പറഞ്ഞെങ്കെിലും തനിക്കൊന്നും മനസിലായില്ലെന്ന് ബേസില്‍ ജോസഫ് പറയുന്നു. താന്‍ ഇതിന്റെ കഥ ഇതുവരെ കേട്ടിട്ടില്ലെന്നും അരുണ്‍ പറഞ്ഞ് തന്നതില്‍ പകുതി തനിക്ക് മനസിലായില്ലെന്നും ബേസില്‍ പറഞ്ഞു.
എന്തായാലും ഇത് തനിക്ക് മികച്ച ഒരു അനുഭവമായിരിക്കുമെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. വാസ്തവത്തില്‍ ഈ സിനിമയില്‍ തന്റെ ജോലി എന്താണെന്ന് അറിയില്ലെന്നും എന്നാല്‍ തന്നെ കൂടുതല്‍ എക്‌സൈറ്റ് ചെയ്യിക്കുന്ന കാര്യം ജഗതി ശ്രീകുമാര്‍ എന്ന ഇതിഹാസത്തിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.
‘ഞാന്‍ ഇതിന്റെ കഥ ഇതുവരെ കേട്ടിട്ടില്ല. അവന്‍ എന്തോ കുറച്ച് പറഞ്ഞു, പകുതി എനിക്ക് മനസിലായില്ല. പക്ഷേ എന്തായാലും ഇതൊരു എക്‌സ്പിരിമെന്റ് ആയിരിക്കും. അതില്‍ ഒരു ഭാഗമാകുക എന്ന് പറയുന്നതായിരിക്കും എന്റെ എക്‌സൈറ്റ്‌മെന്റ്. എന്താണ് എന്റെ ജോലി എന്നൊന്നും എനിക്കറിയില്ല, അതിന്റെ അകത്ത്. ഒരു ഷെയ്ഡസൊക്കെ എടുത്തു വെച്ച് തന്നു നടക്കാന്‍ പറഞ്ഞു, കുറെ സോംബികളൊക്കെ വന്നിട്ട് ഇങ്ങനെ നില്‍ക്കുന്നുണ്ടായിരുന്നു ( ചിരി). അത്രയൊക്കെയേ എനിക്കറിയുകയുള്ളൂ. പിന്നെ തീര്‍ച്ചയായിട്ടും ജഗതി സാര്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ കൂടെ നില്‍ക്കുക എന്നതാണ് എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നത്,’ ബേസില്‍ ജോസഫ് പറയുന്നു.
Content highlight: Basil Joseph says he didn’t understand anything even though Arun Chandu told him the story of ‘Vala’
