തമിഴിലും കന്നഡയിലും പണിപാളിയാല്‍ എന്താ, കെ.വി.എന്നിനെ രക്ഷപ്പെടുത്തിയത് മലയാളം മാത്രം, ഇന്റര്‍നാഷണലാകാന്‍ ചിദംബരത്തിന്റെ ബാലന്‍
Malayalam Cinema
തമിഴിലും കന്നഡയിലും പണിപാളിയാല്‍ എന്താ, കെ.വി.എന്നിനെ രക്ഷപ്പെടുത്തിയത് മലയാളം മാത്രം, ഇന്റര്‍നാഷണലാകാന്‍ ചിദംബരത്തിന്റെ ബാലന്‍
അമര്‍നാഥ് എം.
Sunday, 3rd May 2026, 2:12 pm

സോഷ്യല്‍ മീഡിയയിലും സിനിമാപേജുകളിലും ഇപ്പോള്‍ ചര്‍ച്ചയാകുന്ന പ്രൊഡക്ഷന്‍ ഹൗസാണ് കെ.വി.എന്‍. കന്നഡ ഇന്‍ഡസ്ട്രിയിലെ പ്രൊഡക്ഷന്‍ ഹൗസായ കെ.വി.എന്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മൂന്ന് വമ്പന്‍ സിനിമകളാണ് കെ.വി.എന്നിന്റേതായി റിലീസാകാതെ പെട്ടിയില്‍ കിടക്കുന്നത്. മൂന്നും വ്യത്യസ്ത ഭാഷകളിലെ സിനിമകളാണെന്നത് ശ്രദ്ധേയമാണ്.

കന്നഡ സൂപ്പര്‍താരം യഷ് നായകനാകുന്ന ടോക്‌സിക്, വിജയ്‌യുടെ ജന നായകന്‍, ധ്രുവ് സര്‍ജയുടെ കെ.ഡി ദി ഡെവിള്‍ എന്നീ ചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയിലാണ്. മൂന്ന് സിനിമകള്‍ക്കുമായി 1100 കോടിയിലേറെയാണ് നിര്‍മാതാക്കള്‍ ചെലവാക്കിയിരിക്കുന്നത്. ഒരേ സമയം നാല് ഭാഷകളില്‍ സിനിമകള്‍ ചെയ്തതോടെയാണ് കെ.വി.എന്‍ ശ്രദ്ധ നേടിയത്.

കന്നഡ, തമിഴ് ഭാഷകളില്‍ കൈപൊള്ളിയെങ്കിലും മലയാളത്തില്‍ മാത്രം കെ.വി.എന്നിന് തിരിച്ചടി ലഭിച്ചില്ല എന്നതാണ് പുതിയ വാര്‍ത്ത. കെ.വി.എന്‍ പ്രൊഡക്ഷന്‍സ് നിര്‍മിച്ച മലയാള ചിത്രം ബാലന്‍ ഇന്റര്‍നാഷണല്‍ റീച്ചിലേക്ക് കുതിക്കുകയാണ്. ഈ വര്‍ഷത്തെ കാന്‍സ് ചലച്ചിത്രമേളയിലേക്ക് ബാലന്‍ തെരഞ്ഞെടുക്കപ്പെട്ടത് സിനിമാപ്രേമികള്‍ക്ക് സന്തോഷം നല്‍കിയിരിക്കുകയാണ്.

മെയ് 14നാണ് ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍. കാന്‍സ് ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ചിത്രത്തിലുള്ള പ്രതീക്ഷകള്‍ ഇരട്ടിയായെന്നാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം പലരുടെയും പ്രതീക്ഷയുള്ള ചിത്രങ്ങളുടെ കൂട്ടത്തില്‍ ബാലനുമുണ്ട്.

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ബാലന്‍. ജിത്തു മാധവനാണ് ബാലന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2024ല്‍ അനൗണ്‍സ് ചെയ്ത ചിത്രം കഴിഞ്ഞവര്‍ഷമാണ് പൂര്‍ത്തിയായത്. ക്യാമറക്ക് പിന്നില്‍ വലിയൊരു ക്രൂ തന്നെയാണ് അണിനിരന്നിട്ടുള്ളത്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിന്‍ ശ്യാമിന്റെ സംഗീതവും അജയന്‍ ചാലിശ്ശേരിയുടെ പ്രൊഡക്ഷന്‍ ഡിസൈനുമാണ് ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്തുന്നത്.

സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കാരണമാണ് ജന നായകന്റെ റിലീസ് വൈകുന്നത്. ജനുവരിയില്‍ തിയേറ്ററുകളിലെത്തേണ്ട ചിത്രം ഇതുവരെ റിലീസായിട്ടില്ല. അടുത്തിടെ ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കാവുകയും ചെയ്തു. ജന നായകന്‍ മൂലമുണ്ടാകുന്ന നഷ്ടം നികത്താന്‍ വിജയ് കെ.വി.എന്നുമായി മറ്റൊരു ചിത്രം ചെയ്യുമെന്ന് സമ്മതിച്ചിട്ടുണ്ട്. രണ്ടര വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ മാര്‍ച്ച് 19ന് റിലീസാകേണ്ട ടോക്‌സിക്കിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.

Content Highlight: Balan movie going to premiere in Cannes film festival

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം