ലാലേട്ടന്റെ ആ റോളിലേക്ക് എന്നെ വിളിച്ചാല്‍ ഞാന്‍ ആത്മഹത്യ ചെയ്യും; വേറെ വഴിയില്ല: ബൈജു സന്തോഷ്
Entertainment
ലാലേട്ടന്റെ ആ റോളിലേക്ക് എന്നെ വിളിച്ചാല്‍ ഞാന്‍ ആത്മഹത്യ ചെയ്യും; വേറെ വഴിയില്ല: ബൈജു സന്തോഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th June 2025, 2:40 pm

മികച്ച വേഷങ്ങളിലൂടെ മലയാളികള്‍ക്കിടയില്‍ ഒരുപാട് സ്വീകാര്യനായ നടനാണ് ബൈജു സന്തോഷ്. 1981ല്‍ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ബൈജു തന്റെ സിനിമാകരിയര്‍ ആരംഭിച്ചത്.

സരസമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയുമാണ് ബൈജു എന്ന നടന്റെ ഏറ്റവും വലിയ പോസിറ്റീവ്. ഇപ്പോള്‍ മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിനെ കുറിച്ച് പറയുകയാണ് നടന്‍.

ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യുള്ളൂവെന്ന് പറഞ്ഞ് വാശി പിടിക്കാന്‍ ആവില്ലെന്നും കിട്ടുന്നതില്‍ നല്ലത് തെരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും ബൈജു പറയുന്നു. ആ കഥാപാത്രം താന്‍ ചെയ്താല്‍ നന്നാകുമോ എന്നാണ് ചിന്തിക്കേണ്ടതെന്നും ചെയ്യാന്‍ പറ്റാത്തത് ചെയ്തിട്ട് കാര്യമില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ഉദാഹരണമായി അദ്ദേഹം പറയുന്നത് മോഹന്‍ലാല്‍ നായകനായ കമലദളം സിനിമയിലെ കഥാപാത്രത്തെ കുറിച്ചാണ്. ആ കഥാപാത്രത്തിലേക്ക് വിളിച്ചാല്‍ താന്‍ ആത്മഹത്യ ചെയ്ത് കളയുമെന്നും ആത്മഹത്യ ചെയ്യുകയല്ലാതെ തന്റെ മുന്നില്‍ വേറെ വഴിയില്ലെന്നും തമാശ രൂപേണ ബൈജു സന്തോഷ് പറഞ്ഞു.

‘സിനിമകള്‍ നമുക്ക് അങ്ങനെ ചൂസ് ചെയ്യാനൊന്നും പറ്റില്ല. ഞാന്‍ ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യുള്ളൂവെന്നോ ഇങ്ങനെ മാത്രമേ ഞാന്‍ നടക്കുകയുള്ളൂവെന്നോ പറയാന്‍ പറ്റില്ല. അങ്ങനെയൊന്നുമില്ല. കിട്ടുന്ന റോളുകള്‍ ചെയ്യുക എന്നതാണ് കാര്യം.

അതേസമയം കിട്ടുന്ന റോളുകളെല്ലാം ചെയ്യണമെന്നല്ല ഞാന്‍ പറയുന്നത്. കിട്ടുന്നതില്‍ നമുക്ക് ചെയ്യാന്‍ പറ്റുന്നത് ഏതൊക്കെയാണ് എന്നാണ് നോക്കേണ്ടത്. നമ്മള്‍ ചെയ്താല്‍ നന്നാകുന്ന കഥാപാത്രം ഏതാകുമെന്ന് വേണം ചിന്തിക്കാന്‍. അത് തെരഞ്ഞെടുത്ത് ചെയ്യണം.

കാര്യം അത്രയേയുള്ളൂ. അല്ലാതെ പറ്റാത്തത് പോയി ചെയ്തിട്ടും കാര്യമില്ല. ഉദാഹരണത്തിന് കമലദളം സിനിമയില്‍ ലാലേട്ടന്‍ ചെയ്ത റോളിലേക്ക് എന്നെ വിളിച്ചാല്‍ ഞാന്‍ ആത്മഹത്യ ചെയ്ത് കളയും. ആത്മഹത്യ ചെയ്യുകയല്ലാതെ എന്റെ മുന്നില്‍ വേറെ വഴിയില്ല.

ആവനാഴി സിനിമയിലെ ബല്‍റാം ആയിട്ട് അസീസിനെ (അസീസ് നെടുമങ്ങാട്) വിളിച്ചാല്‍ എങ്ങനെയുണ്ടാകും (ചിരി). ഒന്ന് ആലോചിച്ചു നോക്കിക്കേ. അതൊന്നും ചിന്തിക്കാന്‍ നമുക്ക് പറ്റില്ല. ചിന്തിച്ചാല്‍ നമുക്ക് മരിക്കാന്‍ തോന്നും,’ ബൈജു സന്തോഷ് പറയുന്നു.


Content Highlight: Baiju Santhosh Talks About Selection Of His Characters