സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ബൈജു സന്തോഷ്. മികച്ച വേഷങ്ങളിലൂടെയും അഭിനയത്തിലൂടെയുമാണ് അദ്ദേഹം മലയാളികള്‍ക്കിടയില്‍ ഒരുപാട് സ്വീകാര്യനായത്.
1981ല്‍ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ബൈജു തന്റെ സിനിമാകരിയര്‍ ആരംഭിച്ചത്. സരസമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയുമാണ് ബൈജു എന്ന നടന്റെ ഏറ്റവും വലിയ പോസിറ്റീവ്.
പൃഥ്വിരാജ് സുകുമാരന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ലൂസിഫര്‍ എന്ന ചിത്രത്തിലും ബൈജു സന്തോഷ് അഭിനയിച്ചിരുന്നു. ഇപ്പോള്‍ യെസ് 27 എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ സെറ്റില്‍ നടന്ന രസകരമായ ഒരു ഓര്‍മ പങ്കുവെക്കുകയാണ് ബൈജു.
‘നമ്മള്‍ ഇരിക്കുന്ന സമയത്ത് കാല് ആട്ടാന്‍ പാടില്ലെന്ന് പലരും പറയുന്നത് കേള്‍ക്കാം. എനിക്ക് പക്ഷെ വെറുതെ ഇരിക്കുന്ന സമയത്ത് കാല് ആട്ടുന്ന സ്വഭാവമുണ്ട്. കാല് ആട്ടിയാല്‍ കടം വരുമെന്നാണ് പലരുടെയും വിശ്വാസം.
ഇപ്പോള്‍ തന്നെ നല്ല കടത്തില്‍ നില്‍ക്കുന്ന നമ്മള്‍ കാല്‍ ആട്ടുന്നത് കൊണ്ട് എന്താണ് പ്രശ്‌നം? (ചിരി). ലൂസിഫര്‍ സിനിമയുടെ സെറ്റില്‍ വെച്ച് ഒരു രസകരമായ സംഭവമുണ്ടായി. അത് എനിക്ക് ഇന്നും ഓര്‍മയുണ്ട്.
ഞാന്‍ അന്ന് വെറുതെ കാലാട്ടി കൊണ്ട് ഇരിക്കുകയായിരുന്നു. ഉടനെ ലാലേട്ടന്‍ കാല്‍മുട്ടില്‍ പിടിച്ചു വെച്ചു. ‘കാലാട്ടല്ലേ’യെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ കാല്‍ ആട്ടിയാല്‍ എന്താണ് കുഴപ്പമെന്ന് ഞാന്‍ തിരികെ ചോദിച്ചു.
‘എടാ കാലാട്ടിയാല്‍ കടം വരും’ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. അതുകേട്ടതും ഞാന്‍ കാല്‍ ആട്ടുന്നത് നിര്‍ത്തി. എനിക്ക് ഇപ്പോള്‍ തന്നെ കുറേ കടമുണ്ടെന്നും ഞാന്‍ പറഞ്ഞു.
പക്ഷെ കുറച്ച് കഴിഞ്ഞിട്ട്, ഞാന്‍ നോക്കുമ്പോള്‍ അദ്ദേഹം ഫോണില്‍ നോക്കി കൊണ്ട് കാലാട്ടി ഇരിക്കുകയാണ്. ഞാന്‍ പെട്ടെന്ന് അദ്ദേഹത്തിന്റെ കാലില്‍ പിടിച്ചു. ‘ഓഹ്, ശരിയാണ്. കടം വരുമല്ലേ’യെന്ന് ലാലേട്ടന്‍ എന്നോട് ഇങ്ങോട്ട് ചോദിച്ചു (ചിരി),’ ബൈജു സന്തോഷ് പറയുന്നു.
Content Highlight: Baiju Santhosh Talks About Mohanlal