മോഹന്‍ലാല്‍ നല്ലവനായ റൗഡിയാണെന്നും അയാള്‍ തന്റെ സിനിമക്ക് ചേരില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പണ്ട് അഭിമുഖത്തില്‍ പറഞ്ഞ വീഡിയോക്ക് കമന്റുമായി നടന്‍ ബൈജു സന്തോഷ്. ഇന്‍സ്റ്റഗ്രാമില്‍ പ്രമോദ് ഫ്രെയിംസ് എന്ന പേജ് പോസ്റ്റ് ചെയ്ത വീഡിയോക്ക് ബൈജു പങ്കുവെച്ച കമന്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും വലിയ സിനിമാക്കാരനാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ ബൈജുവിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ‘മോഹന്‍ലാല്‍ നല്ല റോളുകളും ചെയ്തിട്ടുണ്ടല്ലോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിക്കുമ്പോള്‍ ‘വില്ലന്‍ എന്നും വില്ലന്‍ തന്നെയാണ്’ എന്നാണ് അടൂര്‍ പറഞ്ഞത്. അയാളുടെ അസുഖം വേറെയാണ്’ എന്ന് ബൈജുവിന്റെ കമന്റിന് ഒരാള്‍ മറുപടി നല്കി.
എന്നാല്‍ ഫേസ്ബുക്കില്‍ ബൈജുവിനെതിരെ ഒന്നുരണ്ട് പോസ്റ്റുകള്‍ ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി ദേശീയ, അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടിയ അടൂരിനെപ്പോലെ ഒരു വലിയ സംവിധായകനോട് കുറച്ച് ബഹുമാനമാകാം എന്നാണ് പല പോസ്റ്റുകളും. ബൈജുവിന്റെ കമന്റ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ കേരള സര്‍ക്കാര്‍ ആദരിച്ച ചടങ്ങ് മലയാളികള്‍ ആഘോഷമാക്കി. ചലച്ചിത്ര സംസ്‌കാരിക പ്രമുഖരും ആയിരക്കണക്കിന് ആരാധകരും തിങ്ങിനിറഞ്ഞ വേദിയില്‍ വെച്ചായിരുന്നു മോഹന്‍ലാലിനെ ആദരിച്ചത്. എന്നാല്‍ ഈ ചടങ്ങിന് പിന്നാലെ മറ്റു പല ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ ഉടലെടുത്തു.
മോഹന്‍ലാലിന് മുമ്പ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ അടൂര്‍ ഗോപാലകൃഷ്ണനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. രണ്ട് ദശാബ്ദം മുമ്പ് തനിക്ക് പുരസ്‌കാരം ലഭിച്ചപ്പോള്‍ ആരും ആദരിച്ചില്ലെന്ന് തന്റെ പ്രസംഗത്തിനിടെ അടൂര്‍ പറഞ്ഞിരുന്നു. മറുപടി പ്രസംഗത്തില്‍ തന്നെക്കുറിച്ച് ആദ്യമായി അടൂര്‍ ഗോപാലകൃഷ്ണന്‍ നല്ലത് പറഞ്ഞെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.