ഞങ്ങളുടെ ആ സിനിമ കണ്ടിട്ട് രജിനി സാര്‍ ഞങ്ങളെ വിളിക്കുമെന്ന് ഉറപ്പായിരുന്നു, പക്ഷേ, അത് നടന്നില്ല: ഭഗവതി പെരുമാള്‍
Entertainment
ഞങ്ങളുടെ ആ സിനിമ കണ്ടിട്ട് രജിനി സാര്‍ ഞങ്ങളെ വിളിക്കുമെന്ന് ഉറപ്പായിരുന്നു, പക്ഷേ, അത് നടന്നില്ല: ഭഗവതി പെരുമാള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th June 2025, 3:03 pm

ചെറിയ വേഷങ്ങളിലൂടെ വന്ന് തമിഴിലെ നിറസാന്നിധ്യമായി മാറിയ നടനാണ് ഭഗവതി പെരുമാള്‍ (ബക്ക്‌സ്). വിജയ് സേതുപതി നായകനായ നടുവിലെ കൊഞ്ചം പക്കത്തെ കാണോം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവന്നത്. ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത താരം ഈ വര്‍ഷത്തെ വന്‍ വിജയങ്ങളിലൊന്നായ ടൂറിസ്റ്റ് ഫാമിലിയിലും മികച്ചൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

തന്റെ ആദ്യചിത്രമായ നടുവിലെ കൊഞ്ചം പക്കത്തെ കാണോം എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഭഗവതി പെരുമാള്‍. ആ സിനിമ ഹിറ്റാകുമെന്ന് തങ്ങള്‍ക്കെല്ലാം നല്ല വിശ്വാസമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. റിലീസിന് ശേഷം രജനികാന്ത് ആ സിനിമ കാണാന്‍ സാധ്യതയുണ്ടെന്നും തങ്ങളെ അദ്ദേഹം വിളിപ്പിക്കുമെന്നും തങ്ങള്‍ വിശ്വസിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രൊവോക്ക് ടി.വിയോട് സംസാരിക്കുകയായിരുന്നു ഭഗവതി പെരുമാള്‍.

നടുവുലെ കൊഞ്ചം പക്കത്തെ കാണോം ഞങ്ങളുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ്. ഞാന്‍, ബാലാജി, പ്രേം എല്ലാം ഒരു ടീമായിരുന്നു. ഈ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ഞങ്ങള്‍ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്തായാലും ഹിറ്റാകുമെന്നും അതിന് ശേഷം ഞങ്ങള്‍ ശ്രദ്ധിക്കപ്പെടുമെന്നും.

അതിന്റെ കൂടെ മറ്റൊരു കാര്യം കൂടെ ഞങ്ങള്‍ ആഗ്രഹിച്ചു. ഈ പടം രജിനി സാര്‍ കാണുമെന്നും ഞങ്ങളെ എല്ലാവരെയും വിളിച്ച് അഭിനന്ദിക്കുമെന്നും. പടം റിലീസായി, ഹിറ്റായി. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പക്ഷേ, രജിനി സാര്‍ മാത്രം വിളിച്ചില്ല. അത് ചെറിയൊരു നിരാശയുണ്ടാക്കി. എനിക്ക് മാത്രമല്ല, എല്ലാവരുടെയും അവസ്ഥ അതായിരുന്നു.

ഇപ്പോള്‍ ജയിലര്‍ 2വില്‍ ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. രജിനി സാറിനോട് ഇക്കാര്യം പറഞ്ഞു. ‘ഞങ്ങളുടെ നടുവിലെ കൊഞ്ചം പക്കത്തെ കാണോം‘ എന്ന പടം സാര്‍ കണ്ടില്ലല്ലോ’ എന്ന് ചോദിച്ചു. ‘ഞാന്‍ ആ സിനിമ കണ്ടിട്ടുണ്ട്. അടിപൊളി സിനിമയാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങളെ വിളിച്ച് അഭിനന്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ ആ സമയത്ത് ഹിമാലയത്തിലായിരുന്നു’ എന്നായിരുന്നു മറുപടി,’ ഭഗവതി പെരുമാള്‍ പറയുന്നു.

നവാഗതനായ ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ കോമഡി ഡ്രാമയാണ് നടുവുല കൊഞ്ചം പക്കത്തെ കാണോം. വിജയ് സേതുപതി നായകനായെത്തിയ ചിത്രം ഇന്നും ആരാധകരുടെ ഫേവറെറ്റാണ്. സംവിധായകന്‍ പ്രേം കുമാറിന്റെ ജീവിതത്തില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്

 

Content Highlight: Bagavathy Perumal shares the comment of Rajnikanth after Naduvula Konjam Pakkatha Kanom