ബിര്‍മിങ്ഹാം: ഓസ്ട്രേലിയന്‍ പ്രതാപം തങ്ങളുടെ സ്വന്തം നാട്ടില്‍ വിലപ്പോവില്ലെന്ന് ഓര്‍മിപ്പിച്ച് ഇംഗ്ലണ്ട്. ലോകകപ്പ് രണ്ടാം സെമിയില്‍ 223 റണ്‍സിന് ഇംഗ്ലീഷ് ബൗളര്‍മാര്‍ മുന്‍ ലോക ചാമ്പ്യന്മാരെ പുറത്താക്കി.
മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് നേടിയ അര്‍ധസെഞ്ചുറിക്കു മാത്രം തടുത്തു നിര്‍ത്താവുന്നതായിരുന്നില്ല ആതിഥേയരുടെ ബൗളിങ് കരുത്തിനെ. ലോകകപ്പിലെ ബാറ്റിങ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡേവിഡ് വാര്‍ണര്‍ നിസ്സഹായനായ മത്സരത്തില്‍ വെറും പത്ത് റണ്‍സിന് രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ട ഓസീസിനെ മെല്ലെയെങ്കിലും മുന്നോട്ടുകൊണ്ടുപോയത് സ്മിത്താണ്. 119 പന്തില്‍ ആറ് ഫോര്‍ മാത്രം അടിച്ചാണ് സ്മിത്ത് 85 റണ്‍സ് നേടിയത്.
ഒടുവില്‍ 48 ഓവറിലെ ആദ്യ പന്തില്‍ സ്മിത്ത് പുറത്താകുമ്പോള്‍ ഓസീസ് സ്കോര്‍ 217. പിന്നീട് ആറ് റണ്‍സ് മാത്രമാണ് ചേര്‍ക്കാനായത്.
സ്മിത്തിനു പുറമേ 70 പന്തില്‍ 46 റണ്‍സ് നേടിയ അലക്സ് കാരിയുടെ പ്രകടനമാണ് ഓസീസിനെ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. ഗ്ലെന്‍ മാക്സ്വെല് (22), മിച്ചല്‍ സ്റ്റാര്‍ക്ക് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
6.1 ഓവറില്‍ മൂന്ന് വിക്കറ്റിന് 14 എന്ന അവസ്ഥയില്‍ നിന്നാണ് 117 റണ്‍സ് വരെ സ്മിത്തും കാരിയും അവരെ എത്തിച്ചത്. പിന്നീട് കൃത്യമായി ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും അവസാനം വരെ സ്മിത്ത് പൊരുതി.
മറുവശത്ത് ഓരോ ബൗളര്‍മാരും തങ്ങളുടെ പങ്ക് കൃത്യമായി നിര്‍വഹിക്കുന്ന കാഴ്ചയാണു കണ്ടത്. എട്ടോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയാണ് ക്രിസ് വോക്സ് മൂന്ന് വിക്കറ്റ് നേടിയത്. ആദില്‍ റഷീദ് 10 ഓവറില്‍ 54 റണ്‍സ് കൊടുത്തെങ്കിലും മൂന്ന് വിക്കറ്റ് നേടി. ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും നേടി.
നേരത്തേ ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയെ വീഴ്ത്തി ഫൈനലില്‍ കടന്ന ന്യൂസിലന്റിനെയാണ് ഈ മത്സരത്തിലെ വിജയി നേരിടേണ്ടത്.