രണ്ടാം സെമി= ആഷസ്
ICC WORLD CUP 2019
രണ്ടാം സെമി= ആഷസ്
ഗൗതം വിഷ്ണു. എന്‍
Thursday, 11th July 2019, 2:22 pm

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെയും മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെയുമാണ് ഇവിടെ വിലയിരുത്തുന്നത്.

ഇംഗ്ലണ്ട്

ലോകകപ്പ് ആസന്നമായിരുന്ന വേളയില്‍ തന്നെ ക്രിക്കറ്റ് നിരീക്ഷകരുടെയും വാതുവെപ്പുകാരുടെയും ഒക്കെ ഹോട്ട് ഫേവറൈറ്റ്‌സ് ആയിരുന്നു ഇംഗ്ലണ്ട്. സമീപകാലത്ത് ഏകദിന ക്രിക്കറ്റില്‍ അവര്‍ കൈവരിച്ച അസൂയാവഹമായ നേട്ടങ്ങളും ലോകകപ്പിനു അവരാണ് ആതിഥ്യം വഹിക്കുന്നതെന്ന വസ്തുതയുമെല്ലാമാണ് ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത അവര്‍ക്ക് കല്പിച്ചു കൊടുക്കാന്‍ കാരണം.

 

എന്നാല്‍ അപ്രതീക്ഷിതമായി പാക്കിസ്ഥാനോടും ശ്രീലങ്കയോടും വഴങ്ങേണ്ടി വന്ന തോല്‍വി അവരെ ടൂര്‍ണമെന്റിനു പുറത്തെത്തിക്കുമെന്ന ആശങ്കയുളവാക്കി. എന്നാല്‍ ഇന്ത്യക്കെതിരെ ശക്തമായി തിരിച്ചു വന്ന് അവര്‍ സെമി ബെര്‍ത്ത് ഉറപ്പിച്ചു.

ശക്തി

ഇംഗ്ലണ്ടിന്റെ എല്ലാ മേഖലയും ശകതിദുര്‍ഗമാണ്. പ്രത്യേകിച്ചു ബാറ്റിംഗ്. ബയര്‍‌സ്റ്റോയും റോയിയും തുടങ്ങി വയ്ക്കുന്ന പൂരത്തെ എഴുന്നളിച്ചു കൊണ്ടു പോകാന്‍ റൂട്ടും നായകന്‍ മോര്‍ഗനും,വെടിക്കെട്ടോടെ അവസാനിപ്പിക്കാന്‍ ബട്ട്‌ലറും സ്റ്റോക്സും. ഇത്തരത്തിലുള്ള ബാറ്റിംഗ് നിര ഏതൊരു ടീമിന്റെയും സ്വപ്നമാണ്. ഈ ലോകകപ്പില്‍ 500 റണ്‍സെന്ന സ്‌കോര്‍ ഇംഗ്ലണ്ട് എത്തിപ്പിടിക്കാന്‍ സാധ്യതയുണ്ടെന്ന പ്രമുഖരുടെ പ്രവചനവും ഈ ആഴമേറിയ ബാറ്റിംഗ് നിരയിലുള്ള പ്രതീക്ഷയാണ് കാണിക്കുന്നത്. ഇതിനിടയില്‍ ജേസണ്‍ റോയിക്ക് ഏറ്റ പരിക്ക് അവരെ വലച്ചെങ്കിലും അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയത് അവര്‍ക്ക് ശക്തി പകര്‍ന്നു.

ഈ ലോകകപ്പില്‍ മിന്നും ഫോമില്‍ കളിക്കുന്ന ബയര്‍‌സ്റ്റോയും റൂട്ടും അവരുടെ ബാറ്റിങ്ങിന്റെ ആഴം മനസിലാക്കി തരുന്നു. തുടക്കം തൊട്ടേ ആക്രമിച്ചു കളിക്കുക എന്നതാണ് അവരുടെ ഓപ്പണര്മാരുടെ രീതി. അതിനു ശേഷമെത്തുന്ന റൂട്ട് പക്വതയോടെ കളിക്കുമ്പോള്‍ ഈ ലോകകപ്പില്‍ ഏകദിനത്തിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിച്ചവനെന്ന ഖ്യാതി സ്വന്തമാക്കിയ മോര്‍ഗന്‍ പക്വതയും ആക്രമണവും സമം ചേര്‍ത്തു കളി മെനയുമ്പോള്‍ ലഭിച്ച മികച്ച തുടക്കത്തെ നന്നായി അവസാനിപ്പിക്കുക എന്ന ദൗത്യം സ്റ്റോക്സും ഒരു പരിധി വരെ ബട്ട്‌ലറും വെടിപ്പായി ചെയ്യുന്നുണ്ട്. ബൗളേഴ്സായ ആര്‍ച്ചറും റഷീദും വരെ ബാറ്റ് ചെയ്യുമെന്നതിനാല്‍ അവരുടെ ബാറ്റിങ്ങിന്റെ ആഴം നിര്‍വചനങ്ങള്‍ക്കുമപ്പുറമാണ്.

 

യുവാക്കളുടെ സംഘമായ ഇംഗ്ലണ്ട് ഏറ്റവും മികച്ച ഫീല്‍ഡിങ് ടീമുകളിലൊന്നുമാണ്. ലോകകപ്പിനെയാകെ ആവേശം കൊള്ളിച്ച ഒരു തട്ടുപൊളിപ്പന്‍ ക്യാച്ച് എടുത്ത സ്റ്റോക്‌സ് അവരില്‍ തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു. ടീമിനെ ഒന്നടങ്കം ഉത്തേജിപ്പിച്ചു മുന്നോട്ടു കൊണ്ടു പോകുന്ന മോര്‍ഗന്റെ നേതൃപാടവവും അവര്‍ക്ക് മുതല്‍ക്കൂട്ടാണ്.

വൈവിധ്യങ്ങള്‍ കൊണ്ടു സമ്പന്നമാണ് അവരുടെ ബൗളിംഗ് നിര. സമീപകാലത്തു ലോകത്തെ പല വിധ ടി 20 ലീഗുകളിലെ മികച്ച പ്രകടനത്തെ തുടര്‍ന്നു ടീമിലെത്തിയ ആര്‍ച്ചറാണ് അവരുടെ വജ്രായുധം. വേഗവും കൃത്യതയും മുഖമുദ്രയായിട്ടുള്ള ആര്‍ച്ചറിന് അവസാന ഓവറുകളില്‍ കൃത്യതയോടെ യോര്‍ക്കറുകളും വേഗമില്ലാത്ത പന്തുകളും എറിയാനറിയാമെന്നതും ഇംഗ്ലണ്ടിനെ അടിമുടി ശക്തരാക്കുന്നു.

അതോടൊപ്പം പവര്‍പ്ലേ ഓവറുകളില്‍ കൃത്യമായ ലൈനിലും ലെങ്ങ്തിലും പന്തെറിഞ്ഞു ബാറ്റ്‌സ്മാനെ റണ്‍സെടുക്കാന്‍ അനുവദിക്കാത്ത വോക്ക്സും സ്പിന്നിന്റെ അവസ്ഥാന്തരങ്ങളിലൂടെ എതിരാളിയെ മുട്ടുകുത്തിക്കുന്ന ആദില്‍ റഷീദും ടേണ്‍ ലഭിക്കുന്ന പിച്ചില്‍ മായാജാലം തീര്‍ക്കുന്ന മുഈന്‍ അലിയും മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കുന്ന വുഡും പ്ലങ്കറ്റും കൂടെ ചേരുന്നതോടെ സന്തുലിതമായ ഒരു ടീം രൂപപ്പെടുന്നു. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ആര്‍ച്ചര്‍ തന്നെയാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. എല്ലാം തികഞ്ഞു നില്‍ക്കുന്ന ഈ ബൗളിംഗ് നിരക്ക് എറിഞ്ഞിടാന്‍ പറ്റാത്ത ഒരു ബാറ്റിംഗ് നിരയോ പ്രതിരോധിക്കാന്‍ കഴിയാത്ത റണ്‍സോ ഇല്ല എന്നു പറയേണ്ടി വരും.

ദൗര്‍ബല്യം

ഓപ്പണര്‍മാര്‍ തുടക്കത്തിലേ പുറത്തെടുക്കുന്ന ആക്രമണോല്‌സുകത അമിതമാകുമ്പോള്‍ അതു അവരെ കുഴിയില്‍ ചാടിക്കാറുണ്ട്. എല്ലാ കളിയിലും ട്വന്റി 20 മോഡില്‍ കളി തുടങ്ങാന്‍ ശ്രമിച്ചാല്‍ തകര്‍ച്ചയാവും ഫലമെന്ന് പല കുറി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആദ്യ ഓവറുകളില്‍ പിച്ചിനെ വിലയിരുത്തി പിച്ചിനനുസരിച്ചു കളിക്കാന്‍ അവര്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

 

300 പന്തുകളുള്ള ഒരിന്നിംഗ്സില്‍ ആദ്യ ഓവറുകളില്‍ തന്നെ വമ്പനടിക്ക് ശ്രമിച്ചു ഔട്ടാകുന്നതിനേക്കാള്‍ സംയമനം പാലിച്ചു കളിച്ചു ആക്രമിക്കേണ്ട സമയത്ത് ആക്രമിക്കുക എന്നതാകണം ശൈലി. 350 നു മുകളില്‍ ഈ കാലയളവില്‍ ഒരുപാടു തവണ എത്തിയിട്ടുള്ളവരാണെങ്കിലും അതെപ്പോഴും സാധ്യമാക്കാന്‍ ഇറങ്ങി പുറപ്പെടുന്നത് ലോകകപ്പ് പോലെയുള്ള വലിയ വേദികളില്‍ ആത്മഹത്യാപരമായിരിക്കും.

250-260 സ്‌കോര്‍ ചെയ്താല്‍ തന്നെ പ്രതിരോധിക്കാന്‍ കഴിയുന്ന പിച്ചുകളും ഉണ്ടാകും എന്ന പാഠം അവര്‍ ഉള്‍ക്കൊള്ളാതെ തരമില്ല. കൂടാതെ ഈ ലോകകപ്പില്‍ തന്റെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ ബട്ട്‌ലര്‍ക്കാകുന്നില്ല എന്നതും അവരെ വിഷമിപ്പിക്കുന്നുണ്ട്.
ബൗളിങ്ങില്‍ വുഡും പ്ലങ്കറ്റും സ്ഥിരത പുലര്‍ത്തുന്നില്ല എന്നതും അവര്‍ നികത്തേണ്ട പോരായ്മയാണ്.

ഓസ്‌ട്രേലിയ

അഞ്ചു വട്ടം ലോകത്തിന്റെ നെറുകയിലെത്തിയ ചരിത്രമുള്ള, സര്‍വോപരി നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ തങ്ങളുടെ ട്രോഫി ക്യാബിനെറ്റിലെ ലോകകപ്പുകളുടെ എണ്ണം അര ഡസന്‍ ആയി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. 2015 ലോകകപ്പിനു ശേഷം സംഭവ ബഹുലമായ കാലഘട്ടമായിരുന്നു കങ്കാരുക്കളെ സംബന്ധിച്ചിടത്തോളം. ക്ലാര്‍ക്കിന്റെ വിട വാങ്ങലിനു ശേഷം ടീമിനെ നയിക്കാന്‍ ആരംഭിച്ച സ്മിത്തിന് പക്ഷേ ടെസ്റ്റിലെ തന്റെ വ്യക്തിഗതമികവും നായകമികവും പരിമിത ഓവര്‍ ക്രിക്കറ്റില്‍ പുറത്തെടുക്കാനാകാതെ വന്നതോടെ ബംഗ്ലാദേശിനോട് പോലും പരമ്പര തോല്‍ക്കുന്ന അവസ്ഥയിലേക്കവരെത്തി.

 

കൂനിന്മേല്‍ കുരു പോലെ അവരെ ഗ്രസിച്ച പന്ത് ചുരണ്ടല്‍ വിവാദം അവരുടെ പ്രധാന താരങ്ങളായ വാര്‍ണര്‍ക്കും സ്മിത്തിനും ഒരു കൊല്ലക്കാലത്തേക്ക് വനവാസം വിധിച്ചപ്പോള്‍ ഓസ്‌ട്രേലിയ നാഥനില്ലാ കളരി പോലെയായി. അവര്‍ രണ്ടു പേരുമില്ലാതെ ഒരു ടീമിനെ കെട്ടിപ്പടുക്കാന്‍ അവര്‍ പാടുപെട്ടു. സ്വന്തം നാട്ടില്‍ ഇന്ത്യയോട് പരമ്പര തോല്‍ക്കുകയും ചെയ്തു ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള ടീം. ഫിഞ്ചിന്റെ ഫോമിലില്ലായ്മയും ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ ഇന്ത്യന്‍ പര്യടനത്തില്‍ രണ്ടു കളി തോറ്റു നിന്ന അവസ്ഥയില്‍ നിന്നും അതിശക്തമായി തിരിച്ചു വന്നു പരമ്പര കരസ്ഥമാക്കിയ പ്രകടനത്തിലൂടെ നഷ്ടപ്പെട്ടു പോയ ആത്മവിശ്വാസം വീണ്ടെടുത്ത ഓസീസ് സ്മിത്തിന്റെയും വാര്‍ണറിന്റെയും മടങ്ങി വരവോടെ കൂടുതല്‍ കരുത്തരായാണ് ലോകകപ്പിനെത്തിയത്.

എന്തൊക്കെ തളര്‍ച്ച നേരിട്ടാലും ലോകകപ്പിനു പൂര്‍ണത കൈവരിക്കുന്ന പതിവ് ഇക്കുറിയും ആവര്‍ത്തിച്ച അവര്‍ ലോകകപ്പ് കൊണ്ടു വന്ന അതേ പടി തിരിച്ചു കൊണ്ടുപോകാനാണ് എത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് മാത്രം തോറ്റു നിന്നിരുന്ന അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഏതാണ്ട് ഉറപ്പിച്ച നിലയിലായിരുന്നു. എന്നാല്‍ അവസാന കളിയില്‍ അപ്രതീക്ഷിതമായി ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങേണ്ടി വന്നതോടെ രണ്ടാം സ്ഥാനത്തായി പോയി അവര്‍.

ശക്തി

ഇന്ത്യന്‍ പര്യടനം വരെ ടീമിലെ ദുര്‍ബലകണ്ണിയായിരുന്ന ഫിഞ്ച് ബാറ്റിങ്ങില്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന കാഴ്ചയാണ് ഈ ലോകകപ്പില്‍ ഇതു വരെ കണ്ടത്. കൂടെ ഒരു കൊല്ലം പുറത്തിരുന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന വാര്‍ണറും മധ്യനിരയെ താങ്ങി നിര്‍ത്താന്‍ പ്രാപ്തിയുള്ള ഖവാജയും സ്മിത്തും അവസാന ഓവറുകളില്‍ മിന്നല്‍പ്പിണര്‍ തീര്‍ക്കുന്ന മാക്സ്വെല്ലും ക്യാരിയും ഉള്‍പ്പെടുന്ന ടീം പ്രതിഭാസമ്പത്തു കൊണ്ടും പരിചയസമ്പത്തു കൊണ്ടും മികച്ചു നില്‍ക്കുന്നു. മികച്ച ഫീല്‍ഡിങ്ങും ഫിഞ്ചിന്റെ നേതൃപാടവവും അവരെ കൂടുതല്‍ അപകടകാരികളാക്കുന്നു.

 

ഇവര്‍ക്കെല്ലാം ഇടയില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട ഒരു വിഭാഗമാണ് അവരുടെ ബൗളിംഗ്. സ്റ്റാര്‍ക്കും കമ്മിന്‍സും ബഹ്റെന്‍ഡ്റോഫും നയിക്കുന്ന ബൗളിംഗ് ഏതു ബാറ്റിംഗ് നിരയുടെയും പേടി സ്വപ്നമാണ്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത സ്റ്റാര്‍ക്ക് തന്നെയാണ് അവരുടെ നിരയിലെ പ്രധാന വെല്ലുവിളി. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ഈ ലോകകപ്പിലെ തന്നെ മികച്ച പന്തെന്നു വിശേഷിപ്പിക്കാവുന്ന ഒരു തകര്‍പ്പന്‍ യോര്‍ക്കറിലൂടെ സ്റ്റോക്സിന്റെ പ്രതിരോധം തകര്‍ത്ത ഒരൊറ്റ ഉദാഹരണം മതി സ്റ്റാര്‍ക്കിന്റെ റേഞ്ച് മനസിലാക്കാന്‍. ഇന്നിങ്‌സിന്റെ ആദ്യ ഓവറുകളില്‍ ബൗളേഴ്സിന് പിച്ചില്‍ നിന്നു ലഭിക്കുന്ന ആനുകൂല്യം നന്നായി മുതലെടുക്കാനറിയാവുന്ന ബഹ്റെന്‍ഡ്റോഫും കമ്മിന്‍സും സ്റ്റാര്‍ക്കിനു മികച്ച പിന്തുണ നല്‍കുന്നു. ഒരു പാര്‍ട്ട് ടൈം ബൗളര്‍ എന്ന രീതിയില്‍ മാക്സ്വെല്ലും സ്റ്റോയ്നിസും മികച്ച രീതിയില്‍ പന്തെറിയുന്നതും അവര്‍ക്ക് മേല്‍കൈ നല്‍കുന്നുണ്ട്.

ദൗര്‍ബല്യം

സെമി അടുത്ത ഈ സമയത്ത് അവരുടെ രണ്ടു പ്രധാന താരങ്ങളുടെ പരിക്കാണ് അവരുടെ ഏറ്റവും വലിയ ദൗര്‍ബല്യം. ഹാംസ്ട്രിങ് ഇഞ്ചുറിയിലൂടെ ഖവാജയെ ലോകകപ്പില്‍ നിന്നു തന്നെ നഷ്ടപ്പെട്ട ഓസീസിന് സ്റ്റോയ്നിസിന്റെ പരിക്കിന്റെ കാര്യത്തിലും വ്യക്തതയില്ല. ഈ അവസാന നിമിഷത്തില്‍ അവര്‍ക്ക് പകരക്കാരെ കണ്ടെത്തുക എന്നത് ദുഷ്‌ക്കരമാണെന്നതും അങ്ങനെ കണ്ടെത്തിയാല്‍ തന്നെയും അതു ടീമിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥയെ ബാധിക്കുമോ എന്നതും കണ്ടറിയേണ്ടിയിരിക്കുന്നു. ഖവാജക്ക് വെയ്ഡിന്റെ രൂപത്തിലും സ്റ്റോയ്നിസിനു മാര്‍ഷിന്റെ രൂപത്തിലും പകരക്കാരെ കൊണ്ടു വന്നിട്ടുണ്ടെങ്കിലും ലോകകപ്പിലെ സുപ്രധാനമായ മത്സരത്തില്‍ മത്സര പരിചയമില്ലാത്ത ഇരുവരും എങ്ങനെ കളിക്കുമെന്നതും അവരുടെ ആശങ്കയേറ്റുന്നു.

 

പേസര്‍മാര്‍ നന്നായി എറിയുന്നുണ്ടെങ്കിലും മധ്യ ഓവറുകളില്‍ ഒരു ചലനം സൃഷ്ടിക്കാന്‍ സ്പിന്നര്‍മാരായ സാമ്പക്കോ ലയോണിനോ കഴിയുന്നില്ല എന്നതും അവരുടെ പോരായ്മയാണ്.

പോരായ്മകളെ ആവശ്യ ഘട്ടങ്ങളില്‍ കരുത്താക്കി മാറ്റുന്നവരാണ് യഥാര്‍ത്ഥ ചാമ്പ്യന്മാര്‍. ജേതാക്കളാകുന്നത് ഒരു ശീലമാക്കിയിട്ടുള്ള ഓസീസും ക്രിക്കറ്റ് കണ്ടു പിടിച്ചവരെന്ന ഖ്യാതിയിലും ഇതു വരെ ഒരു ലോകകിരീടത്തില്‍ മുത്തമിടാന്‍ കഴിഞ്ഞിട്ടില്ല എന്ന കുറവു നികത്താനിറങ്ങുന്ന ഇംഗ്ലണ്ടും പുലമൈതാനത്ത് തീപ്പൊരി ചിന്തുമെന്നതില്‍ തര്‍ക്കമില്ല. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സിലെ സ്വപ്ന ഫൈനലിലേക്കുള്ള ടിക്കറ്റ് ആരു സ്വന്തമാക്കുമെന്ന വലിയ ചോദ്യത്തിനുള്ള ഉത്തരം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകം കാത്തിരിക്കുന്ന ആ പോരാട്ടത്തിന് ടോസ് വീഴാന്‍ ഇനി മണിക്കൂറുകളേയുള്ളൂ.

 

 

ഗൗതം വിഷ്ണു. എന്‍
എറണാകുളം ലോ കോളെജ് വിദ്യാര്‍ത്ഥിയാണ് ഗൗതം