ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് ഇന്ത്യ വീണ്ടും കണ്ണീര് കുടിക്കുന്നത്. നേരത്തെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2019-21 സൈക്കിളിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട ഇന്ത്യ, 2021-23 സൈക്കിളിലും പരാജയം നേരിട്ടിരിക്കുകയാണ്.

അവസാന ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഏഴ് വിക്കറ്റും വലിച്ചെറിഞ്ഞാണ് ഇന്ത്യ പരാജയം ചോദിച്ചുവാങ്ങിയത്. അവസാന ഇന്നിങ്‌സില്‍ 444 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 234 റണ്‍സിന് ഓള്‍ ഔട്ടായി. 209 റണ്‍സിനായിരുന്നു ഓസീസിന്റെ പടുകൂറ്റന്‍ വിജയം.

അവസാന ദിവസം ഏഴ് വിക്കറ്റുമായി കളത്തിലിറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ തന്നെ ചീട്ടുകൊട്ടാരത്തേക്കാള്‍ വേഗത്തില്‍ തകര്‍ന്നടിയുകയായിരുന്നു. ആദ്യ സെഷനിലെ ആദ്യ നിമിഷങ്ങളില്‍ തന്നെ വിക്കറ്റായി വിരാട് കോഹ്‌ലി പുറത്തായപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ അപടകം മണത്തിരുന്നു. 49 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

47ാം ഓവറിലെ മൂന്നാം ഓവറില്‍ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ വിരാട് പുറത്തായപ്പോള്‍, ആ ഓവറിലെ അഞ്ചാം പന്തില്‍ രവീന്ദ്ര ജഡേജയും പുറത്തായി. പ്രതീക്ഷയായിരുന്ന അജിന്‍ക്യ രഹാനെയും മടങ്ങിയതിന് പിന്നാലെ വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു ഓവല്‍ കണ്ടത്.