എന്റെ ഇരിപ്പും മെന്റല്‍ സ്റ്റേജും കണ്ട് നിര്‍ബന്ധിച്ച് ലൊക്കേഷനില്‍ കൊണ്ടുപോയി; ആ പോക്കില്‍ ഹിറ്റ് പടത്തില്‍ ഗസ്റ്റ് റോളും കിട്ടി: ആസിഫ് അലി
Entertainment
എന്റെ ഇരിപ്പും മെന്റല്‍ സ്റ്റേജും കണ്ട് നിര്‍ബന്ധിച്ച് ലൊക്കേഷനില്‍ കൊണ്ടുപോയി; ആ പോക്കില്‍ ഹിറ്റ് പടത്തില്‍ ഗസ്റ്റ് റോളും കിട്ടി: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th May 2024, 5:58 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആസിഫ് അലി. താരം തുടര്‍ച്ചയായി പല സിനിമകളിലും അതിഥിവേഷത്തില്‍ എത്താറുണ്ട്. അത്തരത്തില്‍ ഈയിടെ ഇറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം, മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അതിഥിവേഷത്തില്‍ വന്നിരുന്നു.

ഈ സിനിമകളിലേക്ക് താന്‍ വരാനുണ്ടായ കാരണമെന്താണെന്ന് പറയുകയാണ് ആസിഫ് അലി. തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഗസ്റ്റ് റോളുകള്‍ സൗഹൃദങ്ങളുടെ പുറത്ത് നടക്കുന്നതാണ്. ചില സുഹൃത്തുക്കള്‍ ചോദിക്കുമ്പോള്‍ എനിക്ക് നോ പറയാന്‍ പറ്റില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയെ കുറിച്ച് പറഞ്ഞാല്‍, വിനീതുമായി ഒരുപാട് നാളത്തെ ബന്ധമുണ്ട്. പിന്നെ ആ സിനിമയുടെ പ്രൊഡ്യൂസര്‍ വിശാഖുമായി എനിക്ക് അടുത്ത ബന്ധമാണ്. അതുമാത്രമല്ല, വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു നല്ല സിനിമയാണ്.

എനിക്ക് ഒരു ആക്‌സിഡന്റ് സംഭവിച്ചിരുന്നു. ഞാന്‍ സിനിമയില്‍ വന്നതിന് ശേഷം ദൈവം സഹായിച്ച് എനിക്ക് അത്രയും വലിയ ഒരു ഗ്യാപ്പ് വന്നിരുന്നില്ല. അങ്ങനെ കുറേനാള്‍ വീട്ടില്‍ ഇരിക്കേണ്ട സാഹചര്യമുണ്ടായി. ആ സമയത്ത് രണ്ടുപേരും എന്നെ കാണാനായി വന്നു. എന്റെ ആ ഇരിപ്പും അന്നത്തെ മെന്റല്‍ സ്റ്റേജുമൊക്കെ കണ്ടപ്പോള്‍ നിര്‍ബന്ധിച്ച് എന്നെ ലൊക്കേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആ പോക്കിലാണ് സിനിമയില്‍ ഗസ്റ്റ് റോള്‍ ചെയ്യുന്നത്.

പിന്നെ മാരിവില്ലിന്‍ ഗോപുരങ്ങളുടെ കാര്യമാണെങ്കില്‍, എന്റെ രണ്ടാമത്തെ സിനിമയുടെ നിര്‍മാതാവാണ് സിയാദ് കോക്കര്‍. മലയാള സിനിമയുടെ പാരമ്പര്യമെടുത്ത് നോക്കുകയാണെങ്കില്‍ അതില്‍ ആദ്യം കാണുന്ന പേരുകളില്‍ ഒന്നാണ് അദ്ദേഹത്തിന്റേത്. ആ വ്യക്തി ഒരു ആവശ്യം അറിയിച്ചപ്പോള്‍ അതില്‍ നോ പറയാനുള്ള മനസ് എനിക്ക് ഉണ്ടായിരുന്നില്ല,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About Varshangalkku Shesham Movie Cameo Role