ധ്യാനിനെയും പ്രണവ് മോഹൻലാലിനെയും നായകന്മാരാക്കി വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ വലിയ വിജയമായിരുന്നുവെങ്കിലും ഒ.ടി.ടിയിൽ എത്തിയപ്പോൾ ട്രോളന്മാർ കീറിമുറിച്ചു.
വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ടിക്കി ടാക്ക എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റിയെന്നും സർഗാരി കഴിഞ്ഞ് റെസ്റ്റ് എടുക്കുമ്പോൾ ലൊക്കേഷൻ വല്ലാതെ മിസ് ചെയ്‌തെന്നും ആസിഫ് അലി പറയുന്നു. ആ സമയത്ത് വിനീത് ശ്രീനിവാസനും വൈശാഖും തന്റെ വീട്ടിൽ വന്നെന്നും സംസാരിക്കുന്നതിനിടെ ടെൻഷൻ കണ്ടിട്ട് വിനീത് ലൊക്കേഷനിലേക്ക് ക്ഷണിച്ചുവെന്നും ആസിഫ് പറഞ്ഞു.
അങ്ങനെയാണ് ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമ ചെയ്തതെന്നും സർജറി കഴിഞ്ഞു നിൽക്കാൻ പറ്റാത്ത ആ അവസ്‌ഥയിൽ ‘ഇരിക്കുന്ന’ രംഗമാണ് തൻ്റേത് എന്ന് ശ്രദ്ധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ടിക്കി ടാക്ക ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. ഫൈറ്റ് സീനിനിടെ ചാടുമ്പോൾ സ്ലിപ് ആയി വീണു. ഇടത് കാൽ മുട്ടിലെ ലിഗമെന്റുകൾ പൊട്ടിപ്പോയി. സർജറിയും വിശ്രമവും ഫിസിയോ തെറാപിയുമൊക്കെയായി അഞ്ചുമാസം മാറി നിന്നപ്പോഴാണ് ആ പരുക്കിന്റെ കാഠിന്യം മനസിലാകുന്നത്.
ഫുൾ ടൈം വീട്ടിൽ നിൽക്കാമെന്ന സന്തോഷത്തിലാണ് ആ കാലം തുടങ്ങിയത്. പക്ഷേ, രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ ടെൻഷനായി തുടങ്ങി. ലൊക്കേഷൻ വല്ലാതെ മിസ് ചെയ്യുന്നു. ആ സമയത്ത് വിനീത് ശ്രീനിവാസനും വൈശാഖും വീട്ടിൽ വന്നു. സംസാരിക്കുന്നതിനിടെ ടെൻഷൻ കണ്ടിട്ട് വിനീത് ലൊക്കേഷനിലേക്കു ക്ഷണിച്ചു. ‘ലൊക്കേഷനിൽ വന്ന് കുറച്ചു നേരം ഇരിക്കൂ, കഥാപാത്രം എന്നൊന്നും കരുതേണ്ട’ എന്നാണ് പറഞ്ഞത്.
അങ്ങനെയാണ് ‘വർഷങ്ങൾക്ക് ശേഷം’ ചെയ്‌തത്. സർജറി കഴിഞ്ഞു നിൽക്കാൻ പറ്റാത്ത ആ അവസ്‌ഥയിൽ ‘ഇരിക്കുന്ന’ രംഗമാണ് എൻ്റേത് എന്ന് ശ്രദ്ധിച്ചാൽ മനസിലാകും. വീൽ ചെയറിലാണ് അന്ന് ലൊക്കേഷനിലേക്ക് പോയത്,’ ആസിഫ് അലി പറയുന്നു.