ഇന്ന് ചാനലുകള്‍ കാണുന്ന സ്വഭാവം ആളുകളില്‍ വളരെ കുറഞ്ഞുവെന്ന് പറയുകയാണ് നടന്‍ ആസിഫ് അലി. പണ്ട് ഓണത്തിനും ക്രിസ്മസിനുമൊക്കെ മോഹന്‍ലാലിന്റെ അഭിമുഖം കാണാന്‍ കാത്തിരിക്കുമായിരുന്നെന്നും അന്ന് അദ്ദേഹത്തെ സിനിമയില്‍ അല്ലാതെ കാണുന്നത് ഇത്തരം അഭിമുഖങ്ങളിലൂടെയാണെന്നും ആസിഫ് പറയുന്നു.
അന്നത്തെ ആ ഓഡിയന്‍സ് ഇന്ന് നമുക്കില്ലെന്നും ഇപ്പോള്‍ അഭിമുഖവും പ്രൊമോഷന്‍സും എങ്ങനെയാണ് ഫാമിലി വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് എത്തിക്കുക എന്നാണ് ചിന്തിക്കുകയെന്നും നടന്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ രേഖാചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ഇന്ന് ആളുകള്‍ ചാനലുകള്‍ കാണുന്ന സ്വഭാവം വളരെ കുറഞ്ഞു. പണ്ട് ഓണത്തിനും ക്രിസ്മസിനുമുള്ള എന്റെ ഏറ്റവും വലിയ അട്രാക്ഷന്‍ ലാല്‍ സാറിന്റെ ഇന്റര്‍വ്യൂസായിരുന്നു. അന്നൊക്കെ ലാല്‍ സാറിനെ നമ്മള്‍ സിനിമയില്‍ അല്ലാതെ കാണുന്നത് ഇത്തരത്തില്‍ ഫെസ്റ്റിവല്‍ സീസണില്‍ വരുന്ന അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂയിലൂടെയാണ്.
എല്ലാ ഓണത്തിനും അദ്ദേഹം ഒരു പൂക്കളത്തിന്റെ സൈഡില്‍ മുണ്ട് ഉടുത്ത് ഇരുന്നിട്ടാണ് ഇന്റര്‍വ്യൂ കൊടുക്കുക. അതില്‍ സിനിമയെ പറ്റി മാത്രമല്ല ലാല്‍ സാര്‍ പറയാറുള്ളത്. അദ്ദേഹം ജീവിതത്തെ കാണുന്ന രീതിയും അദ്ദേഹത്തിന് ചുറ്റുമുള്ള ആളുകളെ പറ്റിയും അമ്മയെ കുറിച്ചുമൊക്കെയാണ് പറയുക.
ഫെസ്റ്റിവല്‍ സീസണില്‍ അഞ്ചോ ആറോ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ ഇന്റര്‍വ്യൂവിന്റെ പ്രൊമോ വീഡിയോസ് ചാനലില്‍ വന്നു തുടങ്ങും. അപ്പോള്‍ മുതല്‍ നമ്മള്‍ അത് കാണാന്‍ പ്ലാന്‍ ചെയ്ത് തുടങ്ങുമായിരുന്നു.
ആ ഓഡിയന്‍സ് ഇപ്പോള്‍ നമുക്കില്ല. ഇപ്പോള്‍ ഒരു അഭിമുഖവും പ്രൊമോഷന്‍സുമൊക്കെ എങ്ങനെയാണ് ഫാമിലി വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് എത്തിക്കുക എന്നാണ് ചിന്തിക്കുക,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali Talks About Mohanlal’s Interview