ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ദുബായി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ബൗളിങ്ങിനയക്കുകയായിരുന്നു പാകിസ്ഥാന്‍. തുടര്‍ന്ന് ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് മെന്‍ ഇന്‍ ഗ്രീന്‍ 127 റണ്‍സിലെത്തിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ് തുടങ്ങിയ ഹര്‍ദിക്ക് പാണ്ഡ്യ തന്റെ ആദ്യ പന്തില്‍ പാക് ഓപ്പണര്‍ സയിം അയൂബിനെ ബുംറയുടെ കയ്യിലെത്തിച്ച് പുറത്താക്കിയിരുന്നു. മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു താരം നേടിയതും. എന്നാല്‍ ഈ വിക്കറ്റ് നേട്ടത്തില്‍ ഹര്‍ദിക്ക് തന്റെ ഒരു തകര്‍പ്പന്‍ റെക്കോഡില്‍ ആധിപത്യം തുടരുകയാണ്. നിലവില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന ബഹുമതി പാണ്ഡ്യയ്ക്കാണ്. 14 വിക്കറ്റുകളാണ് പാണ്ഡ്യ സ്വന്തമാക്കിയത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം
ഹര്‍ദിക്ക് പാണ്ഡ്യ – 14
ഭുവനേശ്വര്‍ കുമാര്‍ – 11
ഉമര്‍ ഗുല്‍ (പാകിസ്ഥാന്‍) – 11
ജസ്പ്രീത് ബുംറ – 7
നസീം ഷാ (പാകിസ്ഥാന്‍) – 7
അര്‍ഷ്ദീപ് സിങ് – 7
ഹാരിസ് റൗഫ് (പാകിസ്ഥാന്‍) – 7
അതേസമയം ബൗളിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. അക്സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും നേടി.
മത്സരത്തില്‍ ഷഹീന്‍ അഫ്രീദിയുടെ അവസാന ഘട്ട പോരാട്ടത്തിലായിരുന്നു പാകിസ്ഥാന്‍ 100 കടന്നത്. 16 പന്തില്‍ നാല് സിക്‌സര്‍ ഉള്‍പ്പെടെ 33 റണ്‍സാണ് താരം നേടിയത്. മാത്രമല്ല സഹിബ്‌സാദ ഫര്‍ഹാന്‍ 40 റണ്‍സും നേടിയിരുന്നു.
ഇന്ത്യക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് ക്യാപ്റ്റന്‍ സൂര്യയാണ്. 37 പന്തില്‍ പുറത്താകാതെ 47 റണ്‍സാണ് താരം നേടിയത്. അഭിഷേക് ഷര്‍മ 13 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ തിലക് വര്‍മ 31 പന്തില്‍ 31 റണ്‍സ് നേടി. അതേസമയം പാകിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടിയത് യുവ താരം സയിം അയൂബാണ്.
Content Highlight: Asia Cup: Hardik Pandya In Great Record Achievement