എന്നെ എപ്പോഴും ഹോണ്ട് ചെയ്യുന്ന ഒരു കഥാപാത്രമാണത്, എന്ത്, എവിടെവെച്ച്, എങ്ങനെയെന്ന് കണ്ടുപിടിക്കുന്ന അമ്മ; ദൃശ്യം 2 വിനെക്കുറിച്ച് ആശാ ശരത്
Entertainment
എന്നെ എപ്പോഴും ഹോണ്ട് ചെയ്യുന്ന ഒരു കഥാപാത്രമാണത്, എന്ത്, എവിടെവെച്ച്, എങ്ങനെയെന്ന് കണ്ടുപിടിക്കുന്ന അമ്മ; ദൃശ്യം 2 വിനെക്കുറിച്ച് ആശാ ശരത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th January 2021, 1:49 pm

പ്രേക്ഷകര്‍ വലിയ രീതിയില്‍ സ്വീകരിച്ച സിനിമയായിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ബോക്‌സ് ഓഫീസ് വിജയത്തിന്റെ കാര്യത്തിലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സിനിമ കൂടിയായിരുന്നു ദൃശ്യം.

ദൃശ്യത്തിന്റെ രണ്ടാം ഭാഗം റിലീസാവാനിരിക്കേ തന്റെ കഥാപാത്രത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടി ആശാ ശരത്. ദൃശ്യം ഒന്നില്‍ പൊലീസ് ഓഫീസറുടെ വേഷം കൈകാര്യം ചെയ്ത ആശാ ശരത് മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് കഥാപാത്രത്തെക്കുറിച്ച് മനസ്സു തുറന്നത്.

ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം ലാലേട്ടനൊപ്പം സെയിം കഥാപാത്രമായി അഭിനയിക്കുവാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും തന്നെ ഏറെ ഹോണ്ട് ചെയ്ത കഥാപാത്രമായിരുന്നു അതെന്നും ആശ ശരത് പറയുന്നു.

ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്ത സിനിമയാണെങ്കിലും ആ സിനിമയോ കഥാപാത്രമോ പെട്ടെന്ന് മറന്നുപോവില്ലെന്നും അതുകൊണ്ട് തന്നില്‍ നിന്ന് അകന്നുപോയ കഥാപാത്രമായിരുന്നില്ല ദൃശ്യത്തിലേതെന്നും ആശ ശരത് പറയുന്നു.

പുതിയ ദൃശ്യത്തില്‍ മകന്‍ കൊല്ലപ്പെട്ടു എന്നറിഞ്ഞതിനുശേഷം അതന്വേഷിക്കുന്ന ഒരമ്മയാണ് ദൃശ്യം രണ്ടിലേത്. എവിടെ, എന്ത് സംഭവിച്ചു, എങ്ങനെ സംഭവിച്ചു എന്നന്വേഷിക്കുന്ന ഒരമ്മ. ആശ ശരത് കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ് ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരം. ചില രഹസ്യങ്ങള്‍ ഒരിക്കലും പുറത്തുവരാന്‍ പാടില്ലാത്തതാണ് പക്ഷേ കാലം ഏത് രഹസ്യവും പുറത്തുകൊണ്ടുവരും എന്ന് ദൃശ്യം 2ന്റെ പുറത്തിറങ്ങിയ ടീസറില്‍ പറഞ്ഞിരുന്നു.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Asha Sarath says about drishyam 2 film