വംശീയാധിക്ഷേപകരേ.. ഇതാ ടീം ഇന്ത്യ; മൂന്നാം ടെസ്റ്റില്‍ വിജയത്തോളം പോന്ന സമനില സ്വന്തമാക്കി രഹാനെയും സംഘവും
India-Australia
വംശീയാധിക്ഷേപകരേ.. ഇതാ ടീം ഇന്ത്യ; മൂന്നാം ടെസ്റ്റില്‍ വിജയത്തോളം പോന്ന സമനില സ്വന്തമാക്കി രഹാനെയും സംഘവും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th January 2021, 1:31 pm

സിഡ്‌നി: ആസ്‌ട്രേലിയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയത്തോളം പോന്ന സമനില. ഓസീസ് ബൗളിംഗ് ആക്രമണത്തിനും കാണികളുടെ ആക്രോശങ്ങള്‍ക്കും പരിക്കിനും മുന്നില്‍ ചങ്കുറപ്പോടെ പിടിച്ചുനിന്ന ടീം ഇന്ത്യ ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തിയത്.

റിഷഭ് പന്ത് (97), ചേതേശ്വര്‍ പൂജാര (77) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ക്ക് ശേഷം പ്രതിരോധക്കോട്ട തീര്‍ത്ത ഹനുമ വിഹാരിയും അശ്വിനുമാണ് ആസ്‌ട്രേലിയയുടെ വിജയപ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയത്.

407 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അവസാന ദിനം കളി അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 334 റണ്‍സാണ് എടുത്തത്. അഞ്ചാം ദിനം ഒരു ഓവര്‍ ബാക്കിയുള്ളപ്പോള്‍ ഇന്ത്യ അഞ്ചിന് 334 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം അവസാനിപ്പിക്കാന്‍ ഇരു ടീമും തീരുമാനിച്ചത്.

ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കെ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പരയില്‍ സമനില പാലിക്കുകയാണ്.

സ്‌കോര്‍: ആസ്ട്രേലിയ – 338/10 & 312/6 ഡിക്ലയേര്‍ഡ്, ഇന്ത്യ – 244/10 & 334/5

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നാലു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ ക്യാപ്റ്റന്‍ രഹാനെയെ (4) നഷ്ടമായതാണ്. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച ചേതേശ്വര്‍ പൂജാര – റിഷഭ് പന്ത് കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

118 പന്തില്‍ നിന്ന് മൂന്നു സിക്സും 12 ഫോറുമടക്കം 97 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്. നാലാം വിക്കറ്റില്‍ പൂജാര – പന്ത് സഖ്യം 148 റണ്‍സ് ചേര്‍ത്തു.

ഇരുവരും പുറത്തായതോടെ ഓസീസ് വിജയം മോഹിച്ചു. എന്നാല്‍ 89-ാം ഓവറില്‍ ക്രീസില്‍ ഒന്നിച്ച ഹനുമ വിഹാരി – അശ്വിന്‍ സഖ്യം ഓസീസ് ബൗളിങ് ആക്രമണത്തെ ശ്രദ്ധയോടെ നേരിട്ടതോടെ ഇന്ത്യ വിജയത്തോളം പോന്ന സമനില സ്വന്തമാക്കുകയായിരുന്നു.

161 പന്തുകള്‍ നേരിട്ട വിഹാരി 23 റണ്‍സോടെയും 128 പന്തുകള്‍ നേരിട്ട അശ്വിന്‍ 39 റണ്‍സോടെയും പുറത്താകാതെ നിന്നു. 43-ഓളം ഓവറുകളാണ് വിഹാരിയും അശ്വിനും ചേര്‍ന്ന് പ്രതിരോധിച്ചത്.

മത്സരത്തിനിടെ പേശീവലിവ് അനുഭവപ്പെട്ടെങ്കിലും പിന്‍മാറാന്‍ തയ്യാറാകാതിരുന്ന വിഹാരിയുടെ പ്രകടനം കൈയടി നേടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India vs Australia Sydeny Cricket Test Hanuma Vihari R Aswin