ബീഹാറിലെ ബംഗ്ലാദേശികളെ കുറിച്ചറിയുന്ന കേന്ദ്രം എന്തുകൊണ്ട് പഹല്‍ഗാമില്‍ ഭീകരര്‍ നുഴഞ്ഞുകയറിയത് അറിഞ്ഞില്ല: ഒവൈസി
India
ബീഹാറിലെ ബംഗ്ലാദേശികളെ കുറിച്ചറിയുന്ന കേന്ദ്രം എന്തുകൊണ്ട് പഹല്‍ഗാമില്‍ ഭീകരര്‍ നുഴഞ്ഞുകയറിയത് അറിഞ്ഞില്ല: ഒവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th July 2025, 9:29 am

ഹൈദരാബാദ്: ബീഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഒവൈസി. ബംഗ്ലാദേശിലെ നുഴഞ്ഞുകയറ്റക്കാരെ കുറിച്ചറിയുന്ന കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് പഹല്‍ഗാമില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയത് അറിഞ്ഞില്ലെന്ന് ഒവൈസി ചോദിച്ചു. തെലങ്കാനയിലെ നിസാമാബാദില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ഒവൈസിയുടെ ചോദ്യം.

ബീഹാറില്‍ ബംഗ്ലാദേശികളുടെയും റോഹിങ്ക്യങ്ങളുടെയും സാന്നിധ്യമുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. അപ്പോള്‍ എങ്ങനെയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ എത്തിയതെന്നും ഒവൈസി ചോദ്യമുയര്‍ത്തി.

പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ നാല് ഭീകരര്‍ നമ്മുടെ 26 സഹോദരങ്ങളെയാണ് കൊലപ്പെടുത്തിയതെന്നും ഒവൈസി ഓര്‍മിപ്പിച്ചു. അതുകൊണ്ട് തന്നെ എങ്ങനെയാണ് പഹല്‍ഗാമില്‍ ഭീകരര്‍ എത്തിയതെന്ന് കേന്ദ്രം പറയണമെന്നും ഒവൈസി പറഞ്ഞു.

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ അനധികൃത കുടിയേറ്റക്കാരും ഉള്‍പ്പെടുന്നുണ്ടെന്ന് ആരോപിച്ച് പരിഷ്കരണം നടത്തുമ്പോള്‍, ഈ നടപടി പഹല്‍ഗാമിലെ ഭീകരതക്കുള്ള പ്രതികാരമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ പഹല്‍ഗാമിലെ ഭീകരതക്കുള്ള പ്രതികരമാണെങ്കില്‍ മുഴുവന്‍ ഭീകരരെയും പിടികൂടുന്നതുവരെ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹക്കെതിരെയും ഒവൈസി രൂക്ഷവിമര്‍ശനമുയര്‍ത്തി. പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പറയുന്ന നിങ്ങള്‍ എന്തുകൊണ്ട് രാജിവെച്ച് പുറത്തുപോകുന്നില്ലെന്നാണ് ഒവൈസി ചോദിച്ചത്.

പഹല്‍ഗാം ഭീകരാക്രമണം ഗുരുതര സുരക്ഷാ വീഴ്ചയായിരുന്നെന്നും അതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നുമാണ് മനോജ് സിന്‍ഹ പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

സാമുദായിക ഭിന്നത സൃഷ്ടിക്കുക എന്നതായിരുന്നു പാകിസ്ഥാന്റെ ഉദ്ദേശമെന്നും സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും പഹല്‍ഗാമില്‍ സംഭവിച്ചത് നിസംശയമായും ഒരു സുരക്ഷാ വീഴ്ചയായിരുന്നെന്നും മനോജ് സിന്‍ഹ പറഞ്ഞിരുന്നു.

കശ്മീര്‍ സമാധാനപരമായി പോകുന്നത് കാണാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നില്ലെന്നും കശ്മീരിന്റെ സാമ്പത്തിക ക്ഷേമത്തിനെതിരെ അവര്‍ നടത്തിയ ആക്രമണമായിരുന്നു പഹല്‍ഗാമിലേതെന്നും മനോജ് സിന്‍ഹ പരാമര്‍ശിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഒവൈസിയുടെ വിമര്‍ശനം. പഹല്‍ഗാമിലെ ഭീകരതക്കെതിരെ പ്രതികാരം ചെയ്യണമെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരണമെന്നും ഒവൈസി മനോജ് സിന്‍ഹയോട് പറഞ്ഞു.

അതേസമയം ബീഹാറില്‍ വോട്ടര്‍പട്ടികയുടെ പുനപരിശോധന പ്രക്രിയ തുടങ്ങുന്നതിന് മുമ്പുതന്നെ ന്യൂനപക്ഷ വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ന്യൂനപക്ഷ വോട്ടര്‍മാരെയാണ് പുറംതള്ളിയത്. ജൂണില്‍ തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടക്കുന്ന പുനപരിശോധന.

Content Highlight: Why did the Centre, which is aware of Bangladeshis in Bihar, not know about the infiltration of terrorists in Pahalgam: Owaisi