'ഞാനൊന്ന് കാണട്ടേ'യെന്ന് ലാലേട്ടന്‍; ആ ഡയലോഗ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞെട്ടി: അരുണ്‍ ചെറുകാവില്‍
Entertainment
'ഞാനൊന്ന് കാണട്ടേ'യെന്ന് ലാലേട്ടന്‍; ആ ഡയലോഗ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞെട്ടി: അരുണ്‍ ചെറുകാവില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th June 2025, 6:45 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അരുണ്‍ ചെറുകാവില്‍. 2000ത്തില്‍ ഫാസില്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്.

ശേഷം 2002ല്‍ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സിനിമയില്‍ ‘വട്ടയില പന്തലിട്ട്’ എന്ന ഗാനത്തിലും അരുണ്‍ അഭിനയിച്ചു. പിന്നീട് 2004ല്‍ ജയരാജ് സംവിധാനം ചെയ്ത 4 ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ ഒരു വിദ്യാര്‍ത്ഥി ആയിട്ടാണ് അരുണ്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ അന്ന് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടന്‍. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അരുണ്‍ ചെറുകാവില്‍.

‘അന്ന് പത്രപരസ്യങ്ങളായിരുന്നു, അല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലായിരുന്നല്ലോ. പത്രപരസ്യം കണ്ടിട്ടാണ് ഞാന്‍ ആദ്യ സിനിമക്ക് വേണ്ടി ഫോട്ടോ അയക്കുന്നത്. പിന്നീട് എനിക്ക് ആലപ്പുഴയില്‍ എത്തണമെന്ന് പറഞ്ഞ് ടെലഗ്രാം വരികയായിരുന്നു.

നരസിംഹം എന്ന പടം റിലീസ് ചെയ്ത ദിവസമായിരുന്നു അത്. ഞാന്‍ അന്ന് വീട്ടിലിരിക്കുമ്പോളാണ് ആ ടെലഗ്രാം വരുന്നത്. പിന്നീട് അവിടെ ചെന്ന് നോക്കുമ്പോള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കുറേ ആളുകള്‍ വന്നിരുന്നു.

ഒരു ഹോട്ടലില്‍ വെച്ച് അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് സ്‌ക്രീനിങ്ങ് നടത്തിയതായിരുന്നു അത്. അനിയത്തി പ്രാവ് സിനിമയിലെയോ മറ്റോ ഡയലോഗ് ആയിരുന്നു അന്ന് എനിക്ക് പറയാന്‍ വേണ്ടി തന്നത്. അന്ന് ഓഡിഷന്‍ എന്നുള്ള വാക്കൊന്നും എനിക്ക് അറിയില്ലായിരുന്നു.

അവിടെ നിന്നും വീണ്ടും ഷോര്‍ട്ട് ലിസ്റ്റില്‍ വന്നു. പക്ഷെ അപ്പോഴേക്കും ആ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയിരുന്നു. പാട്ടൊക്കെ ഷൂട്ട് ചെയ്തിരുന്നു. പിന്നെ ലാലേട്ടന്‍ ജോയിന്‍ ചെയ്യുകയും അദ്ദേഹത്തിന്റെ ചില ഷോട്ടുകള്‍ എടുക്കുകയുംചെയ്തിരുന്നു.

അപ്പോഴാണ് ഞാനൊക്കെ അവിടേക്ക് ചെല്ലുന്നത്. രണ്ട് ദിവസം കഴിഞ്ഞിട്ടാണ് എനിക്ക് എന്റെ വേഷം കിട്ടുന്നത്. ഒരു ദിവസം പെട്ടെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ എന്നെ വിളിപ്പിക്കുകയായിരുന്നു.

ആ സമയത്ത് ലാലേട്ടന്‍ ക്ലാസ് എടുക്കുന്ന ഭാഗങ്ങളുടെയൊക്കെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. പിന്നെ അപ്പോള്‍ ഈ കാരവാനൊന്നും ഇല്ലായിരുന്നല്ലോ. അതുകൊണ്ട് ലാലേട്ടന്‍ അവിടെ തന്നെ ഇരുന്നാണ് ടച്ച് അപ്പ് ഒക്കെ ചെയ്തിരുന്നത്.

ഒരു മിററില്‍ നോക്കി ടച്ച് അപ്പ് ചെയ്യുന്നതിന്റെ ഇടയില്‍ പെട്ടെന്ന് ലാലേട്ടന്‍ എന്നെ നോക്കി. ‘നീ കഴിഞ്ഞ് ദിവസം പറഞ്ഞ ഡയലോഗൊന്ന് പറഞ്ഞേ. ഞാനൊന്ന് കാണട്ടെ’ എന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്.

ഞാനൊന്ന് ഞെട്ടി, മോഹന്‍ലാല്‍ അല്ലേ ഈ പറയുന്നത്. അദ്ദേഹം പറഞ്ഞാല്‍ അഭിനയിച്ചു കാണിക്കുക തന്നെ വേണമല്ലോ. ഞാന്‍ എനിക്ക് ചെയ്യാന്‍ പറ്റുന്നത് പോലെ ചെയ്തു. പക്ഷെ അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല.

ഞാന്‍ അവിടുന്ന് പോയി. പിന്നീട് ആ സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞതും ഫാസില്‍ സാര്‍ വന്നിട്ട് ‘നീയാണ് ഈ വേഷം ചെയ്യുന്നത്’ എന്ന് പറയുകയായിരുന്നു. ‘ഇവിടുന്ന് ഷിഫ്റ്റ് ചെയ്തിട്ട് നമുക്ക് നിന്റെ ഫസ്റ്റ് ഷോട്ട് എടുക്കാം’ എന്നും പറഞ്ഞു,’ അരുണ്‍ ചെറുകാവില്‍ പറയുന്നു.


Content Highlight: Arun Cherukavil Talks About Mohanlal