പോസ്റ്റര്‍ എ.ഐയാണെന്ന് പറഞ്ഞതും ഷൂട്ടിങ് പിക് ഷെയര്‍ ചെയ്ത് മമ്മൂട്ടി, നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് ആര്‍ട്ട് ഡയറക്ടര്‍
Malayalam Cinema
പോസ്റ്റര്‍ എ.ഐയാണെന്ന് പറഞ്ഞതും ഷൂട്ടിങ് പിക് ഷെയര്‍ ചെയ്ത് മമ്മൂട്ടി, നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് ആര്‍ട്ട് ഡയറക്ടര്‍
അമര്‍നാഥ് എം.
Friday, 27th February 2026, 7:20 am

മലയാളത്തിന്റെ രണ്ട് അഭിമാന താരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി വേഷമിടുമ്പോള്‍ മറ്റൊരു പ്രധാനവേഷത്തില്‍ മോഹന്‍ലാലും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ അനൗണ്‍സ്‌മെന്റ് സമയത്ത് ചിത്രത്തിന് ലഭിച്ച ഹൈപ്പ് ഇപ്പോഴില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞദിവസം ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ അതിപ്രധാനമായ ചേസിങ് രംഗമാണ് പോസ്റ്ററിലുള്ളത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം കുഞ്ചാക്കോ ബോബനും ഈ പോസ്റ്ററിലുണ്ട്. എന്നാല്‍ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെ പലരും ഇത് എ.ഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് ആരോപിച്ചു.

പേട്രിയറ്റ് Photo: Patriot Movie/ Facebook

കാറിന്റെ സണ്‍റൂഫിലൂടെ പുറത്തേക്ക് തോക്കുമായി നില്‍ക്കുന്ന മോഹന്‍ലാലും സൈഡ് ഡോറിലൂടെ പുറത്തേക്ക് നോക്കുന്ന മമ്മൂട്ടിയെയും ഫോട്ടോഷോപ്പിലൂടെ പേസ്റ്റ് ചെയ്തതുപോലെയുണ്ടെന്നായിരുന്നു പലരുടെയും വിമര്‍ശനം. എന്നാല്‍ ഇതിന് മറുപടിയുമായി ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ ഷാജി നടുവില്‍ രംഗത്തെത്തി. ഈ രംഗം ഷൂട്ട് ചെയ്തപ്പോള്‍ താനും ലൊക്കേഷനിലുണ്ടായിരുന്നെന്ന് ഷാജി തന്റെ പോസ്റ്റില്‍ പറയുന്നു.

ആരെയും കുറ്റപ്പെടുത്താനല്ല ഈ കുറിപ്പെന്നും കാഴ്ചക്കാരന് വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിച്ചത്. പേട്രിയറ്റിന്റെ ഷൂട്ടിന്റെ സമയത്ത് ശ്വാസമടക്കിപ്പിടിച്ചാണ് താന്‍ ഈ കാഴ്ച കണ്ടതെന്നും അസുഖം മാറി സെറ്റില്‍ ജോയിന്‍ ചെയ്ത് ഒരു മാസത്തിന് ശേഷമാണ് മമ്മൂട്ടി ഈ സീന്‍ ചെയ്തതെന്നും ഷാജി പറയുന്നു. എല്ലാവരുടെയും നെഞ്ചിടിപ്പ് ആ സമയത്ത് കൂടിയെന്നും താനടക്കം എല്ലാവരും പ്രാര്‍ത്ഥിച്ചെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

ഷാജി നടുവില്‍, പേട്രിയറ്റ് Photo: Screen grab/ Sillymonks Mollywood, District

കാറിന്റെ വേഗതക്കനുസരിച്ച് അടഞ്ഞുപോകുന്ന ഡോറിനെ മമ്മൂട്ടി അള്ളിപ്പിടിച്ചെന്നും സണ്‍റൂഫിലൂടെ പുറത്തേക്ക് നില്‍ക്കുന്ന മോഹന്‍ലാല്‍ ഒരു കാലുകൊണ്ട് മറ്റേ കാലിനെ ലോക്ക് ചെയ്തമാണ് ഈ സീന്‍ ചെയ്തതെന്നും ഷാജി പറഞ്ഞു. ആ സമയത്ത് അത് കണ്ടപ്പോള്‍ രോമാഞ്ചമായിരുന്നെന്നും ഇരുവരുടെയും പരസ്പര സഹകരണമാണ് അവരെ താരങ്ങളാക്കി നിര്‍ത്തുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

ഈ പ്രയത്‌നങ്ങളെ എ.ഐയെന്ന് പറഞ്ഞ് നിസാരവത്കരിക്കുന്നത് കാണേണ്ടി വന്നപ്പോഴാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവെക്കേണ്ടി വന്നതെന്നും എല്ലാം എ.ഐ മയമല്ലെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ഷാജിയുടെ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ പല സിനിമാപേജുകളിലും വൈറലായി.

ഇതിന് പിന്നാലെ ലൊക്കേഷനില്‍ ഈ സീന്‍ എടുത്തപ്പോഴുള്ള ബി.ടി.എസ് ചിത്രം മമ്മൂട്ടിയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ എ.ഐയാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തവരുടെ ഭാഗത്താണ് തെറ്റെന്നും ഇത്രയും വലിയൊരു സിനിമയുടെ അപ്‌ഡേറ്റില്‍ ഇങ്ങനെ മിസ്റ്റേക്ക് വരുത്താന്‍ പാടുണ്ടോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

Content Highlight: Art Director Shajie Naduvil shared a post about Patriot poster saying that’s not AI

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം