2026 ഫിഫ ലോകകപ്പിന്റെ കിരീട പോരിന് വീണ്ടും യോഗ്യത നേടിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.
2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ കിരീടം സ്വന്തമാക്കാനാണ് കളത്തിലിറങ്ങുന്നത്. ചരിത്രത്തിലെ ആറാം ഫൈനല്‍ പോരാട്ടത്തിനാണ് അര്‍ജന്റീന ഒരുങ്ങുന്നത്.
ഈ വിജയത്തോടെ അര്‍ജന്റീന ഫൈനലിലേക്ക് കടക്കുന്നത് ഒരു വമ്പന്‍ നേട്ടവുമായാണ്. ഒരു ലോകകപ്പ് എഡിഷനില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ടീമെന്ന നേട്ടമാണ് അര്‍ജന്റീന കൈപ്പിടിയിലാക്കിയത്. ഏഴ് മത്സരങ്ങളിലാണ് ലയണല്‍ മെസിയും സംഘവും അപരാജിതമായി മുന്നേറുന്നത്.
ബ്രസീല്‍ മാത്രമാണ് ലോകകപ്പില്‍ ഇത്രയധികം മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചിട്ടുള്ളൂ. 2002 ലോകകപ്പിലാണ് ബ്രസീല്‍ ഏഴ് മത്സരങ്ങള്‍ വിജയിച്ചത്. ജൂലൈ 20ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സ്പെയ്നെ വീഴ്ത്തി കിരീടം ചൂടിയാല്‍ ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ടീമെന്ന നേട്ടവും അര്‍ജന്റീനക്ക് കൈവരിക്കാന്‍ സാധിക്കും.
അതേസമയം അറ്റ്‌ലാന്‍ഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പുറകില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ തിരിച്ചുവരവ്. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല.
രണ്ടാം പകുതിയില്‍ 55ാം മിനിട്ടില്‍ ആന്റണി ഗോര്‍ഡനിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡ് നേടിയത്. ഈ ഗോള്‍ നേടിയതിന് ശേഷം ഇംഗ്ലണ്ട് പൂര്‍ണമായും പ്രതിരോധത്തിലേക്ക് നീങ്ങി. ഈ അവസരം മുതലെടുത്ത അര്‍ജന്റീന തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ ഇംഗ്ലീഷ് പ്രതിരോധം പൊട്ടിച്ചു.