ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് അപര്‍ണ ബാലമുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ ശ്രദ്ധേയയായത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച അപര്‍ണ 2020ല്‍ റിലീസായ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.
സൂരറൈ പോട്രു എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും ആദ്യമായി നടന്‍ സൂര്യയെ കണ്ടതിനെ കുറിച്ചും സംസാരിക്കുകയാണ് അപര്‍ണ ബാലമുരളി. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അവസരമായിരുന്നു സൂരറൈ പോട്രു എന്ന ചിത്രമെന്ന് അപര്‍ണ പറയുന്നു. താന്‍ ആരാധിക്കുന്ന സൂര്യയെ നേരിട്ട് കണ്ടപ്പോള്‍ ഭയങ്കര സന്തോഷവും ടെന്‍ഷനും ഉണ്ടായിരുന്നുവെന്നും അപര്‍ണ പറഞ്ഞു.
വളരെ പോസിറ്റീവ് ആയ ഫാമിലി ആണ് സൂര്യയുടേതെന്നും സൂര്യയും ജ്യോതികയും ശിവകുമാറും കാര്‍ത്തിയും ഇങ്ങോട്ട് വന്ന അഭിനന്ദിക്കുമെന്നും അപര്‍ണ ബാലമുരളി കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. ഒന്നാമത്, ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അവസരം. ഞാന്‍ അത്രയ്ക്ക് ആരാധിക്കുന്ന ഒരാളെ ആദ്യമായി കാണുക എന്നു പറയുമ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. ആ സന്തോഷത്തിനൊപ്പം വരുന്ന ഒരു ടെന്‍ഷനും. സുധ മാമിന്റെ ഓഫീസില്‍ വെച്ചായിരുന്നു സൂര്യസാറിനെ ആദ്യമായി കാണുന്നത്.
സര്‍ വന്നു, ഞങ്ങള്‍ ഒരുമിച്ച് സ്‌ക്രിപ്റ്റ് വായിച്ചു. എന്റെ ഡയലോഗുകള്‍ വായിച്ച് കേള്‍പ്പിച്ചു കൊടുത്തു. ‘നന്നായി ചെയ്യുന്നുണ്ട്, വളരെ പെട്ടെന്ന് പഠിച്ചു’ എന്നൊക്കെ പറഞ്ഞ് അഭിനന്ദിച്ചു. വളരെ നല്ല അനുഭവമായിരുന്നു ഷൂട്ടും ആദ്യ കൂടിക്കാഴ്ചയുമൊക്കെ.
വളരെ പോസിറ്റീവ് ആയ ഫാമിലി ആണ് അവരുടേത്. സൂര്യ സാറും ജ്യോതിക മാമും കാര്‍ത്തി സാറും ശിവകുമാര്‍ സാറും എല്ലാം. അവര്‍ ഇങ്ങോട്ട് വന്ന് നമ്മളെ അഭിനന്ദിക്കും. ആദ്യമായി ജ്യോതിക മാമിനെ കണ്ടപ്പോള്‍ ഹായ് പറയാന്‍ തുടങ്ങുന്നതിന് മുമ്പ് ഇങ്ങോട്ട് വന്ന് ‘ഫോട്ടോ ഷൂട്ട് കണ്ടു, ഭയങ്കര ഇഷ്ടമായി’ എന്നൊക്കെ പറഞ്ഞ് അഭിനന്ദിച്ചു. സൂര്യ സാര്‍ പല സീനുകള്‍ കഴിയുമ്പോഴും നന്നായി എന്ന് പറഞ്ഞുകൊണ്ടിരുന്നു,’ അപര്‍ണ ബാലമുരളി പറയുന്നു.