നെല്‍സണ്‍ ദിലീപ്കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബീസ്റ്റ്. വിജയ്, പൂജ ഹെഗ്ഡെ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സെല്‍വരാഘവന്‍, യോഗി ബാബു, ഷൈന്‍ ടോം ചാക്കോ, വി.ടി.വി ഗണേഷ്, അപര്‍ണ ദാസ്, ലില്ലിപുട്ട് ഫാറൂഖി, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തില്‍ എത്തിയത്.
ബീസ്റ്റ് ചെയ്യുന്ന സമയത്ത് ഭയങ്കരമായിട്ട് നമ്മളെല്ലാവരും അത് ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇറങ്ങിയ സമയത്ത് ആ ചിത്രത്തിന് മിക്സഡ് റിവ്യൂസ് ആയിരുന്നു – അപര്‍ണ ദാസ്
വമ്പന്‍ ബഡ്ജറ്റിലും ഹൈപ്പിലും വന്ന ചിത്രത്തിന് ആദ്യ ദിവസം മുതല്‍ തന്നെ മിശ്രിത അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും നേടാന്‍ കഴിഞ്ഞത്. അപര്‍ണ ദാസിന്റെ ആദ്യ തമിഴ് ചിത്രം കൂടിയായിരുന്നു ബീസ്റ്റ്.
ബീസ്റ്റ് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ ദാസ്. ബീസ്റ്റ് ചെയ്യുന്ന സമയത്ത് വിജയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെന്നും എന്നാല്‍ ഇറങ്ങിയ സമയത്ത് ആ ചിത്രത്തിന് മിക്സഡ് റിവ്യൂസ് ആയിരുന്നു ലഭിച്ചതെന്നും അപര്‍ണ ദാസ് പറയുന്നു.
ആ സിനിമ കാരണം തനിക്ക് തമിഴ് സിനിമയിലേക്ക് വലിയ കാസ്റ്റ് ആന്‍ഡ് ക്രൂവിന്റെ കൂടെ എന്‍ട്രി നടത്താന്‍ പറ്റിയെന്നും ബീസ്റ്റ് കാരണമാണ് ഡാഡാ എന്ന സിനിമ വന്നതെന്നും അപര്‍ണ പറഞ്ഞു.
‘ബീസ്റ്റ് ചെയ്യുന്ന സമയത്ത് ഭയങ്കരമായിട്ട് നമ്മളെല്ലാവരും അത് ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇറങ്ങിയ സമയത്ത് ആ ചിത്രത്തിന് മിക്സഡ് റിവ്യൂസ് ആയിരുന്നു. ഇഷ്ടപെട്ടവരില്ല എന്നല്ല. ഇഷ്ടപെട്ടവരും ഉണ്ട്. അതെന്തും ആയിക്കൊള്ളട്ടെ. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ വിജയ് സാറിനെ പോലെ ഒരാളുടെ കൂടെ അഭിനയിക്കാന്‍ കഴിയുന്നു എന്ന് പറഞ്ഞാല്‍ അത് വളരെ വലിയ കാര്യമല്ലേ.
ആ സിനിമ കാരണം എനിക്ക് തമിഴ് സിനിമയിലേക്ക് വലിയ കാസ്റ്റ് ആന്‍ഡ് ക്രൂവിന്റെ കൂടെ എന്‍ട്രി നടത്താന്‍ പറ്റി. വിജയ് സാര്‍ അത്രയും കംഫര്‍ട്ടബിള്‍ ആയി വര്‍ക്ക് ചെയ്തൊരു ചിത്രമാണ് ബീസ്റ്റ്.
വിജയ് സാറാണെന്ന് തന്നെ ചിലപ്പോള്‍ മറന്ന് പോകും. അത്രയും ക്ലോസായിരുന്നു എല്ലാവരും ആയിട്ടും. ട്രോളുകളൊക്കെ വന്നപ്പോള്‍ ആദ്യം മാത്രമേ വിഷമം ഉണ്ടായിരുന്നുള്ളു. അത് കഴിഞ്ഞ് ആ ചിത്രത്തില്‍ നിന്ന് എനിക്ക് നല്ലത് മാത്രമേ ഉണ്ടായിട്ടുള്ളൂ.
ബീസ്റ്റ് കാരണമാണ് എനിക്ക് ഡാഡാ വന്നത്.
ഡാഡായില്‍ അഭിനയിച്ചതുകൊണ്ട് എനിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. സിനിമ അങ്ങനെത്തന്നെയാണ്. പരാജയങ്ങള്‍ വരുമ്പോള്‍ തളരാതിരിക്കാനും വിജയങ്ങള്‍ വരുമ്പോള്‍ മതിമറക്കാതിരിക്കാനുമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്,’ അപര്‍ണ ദാസ് പറയുന്നു.