ആ സിനിമ ഇറങ്ങിയ സമയത്ത് ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നില്ല; എന്റെ ഫോട്ടോ ഉള്ള ട്രോളുകള്‍ കണ്ട് ശരിക്കും ഞെട്ടി: അപര്‍ണ ബാലമുരളി
Entertainment news
ആ സിനിമ ഇറങ്ങിയ സമയത്ത് ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നില്ല; എന്റെ ഫോട്ടോ ഉള്ള ട്രോളുകള്‍ കണ്ട് ശരിക്കും ഞെട്ടി: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th August 2022, 3:24 pm

സൂര്യയുടെ നായികയായി സുധ കൊങ്കര ചിത്രം ‘സൂററൈ പോട്രി’ല്‍ ഗംഭീര പ്രകടനം നടത്തിയതിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയതിന്റെ നിറവിലാണ് നടി അപര്‍ണ ബാലമുരളി.

2016ല്‍ ഫഹദ് ഫാസില്‍ ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അപര്‍ണ ഇന്ന് തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ്. ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രമായുള്ള അപര്‍ണയുടെ പ്രകടനം ഏറെ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ ഒന്നായിരുന്നു.

മഹേഷിന്റെ പ്രതികാരം റിലീസായ സമയത്തെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ അപര്‍ണ. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

തന്റെ ആദ്യ സിനിമ റിലീസ് ചെയ്ത സമയത്ത് കേരളത്തില്‍ ഇല്ലായിരുന്നെന്നും പിന്നീട് വന്നപ്പോഴാണ് ആ സിനിമ ശരിക്കും എങ്ങനെയാണെന്ന് മനസ്സിലാവുന്നതെന്നും അപര്‍ണ പറയുന്നു. സിനിമയുടെ റീലിസിന് പിന്നാലെ പുറത്തുവന്ന തന്റെ ഫോട്ടോ ഉള്ള ട്രോളുകള്‍ കണ്ട് ശരിക്കും ഞെട്ടിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

”മഹേഷിന്റെ പ്രതികാരം ഇറങ്ങിയ സമയത്ത് ഞാന്‍ ഇവിടെ ഉണ്ടായിരുന്നില്ല. സൂറത്തില്‍ ആര്‍കിടെക്ചര്‍ നാഷണല്‍ മീറ്റിന് പോയതായിരുന്നു. പിന്നെ തിരിച്ചുവരുന്ന ദിവസമാണ് സിനിമയുടെ റിവ്യൂ ഒക്കെ കാണുന്നത്.

അപ്പോള്‍ ഭയങ്കര എക്‌സൈറ്റഡ് ആയി. എന്റെ ഫോട്ടോ വെച്ച് കുറേ നല്ല ട്രോളുകള്‍ വരുന്നുണ്ടായിരുന്നു. ജിംസിയെ പോലെ ഒരു കാമുകിയെ വേണം, എന്നൊക്കെ പറഞ്ഞുകൊണ്ട്.

വേറെ ആളുകളുടെ ഫോട്ടോ വെച്ചുള്ള ട്രോളുകളേ ഞാന്‍ അതുവരെ കണ്ടിട്ടുള്ളൂ. എന്റെ ഫോട്ടോ ഉള്ള ട്രോളുകള്‍ കണ്ട് ശരിക്കും ഞെട്ടി.

സിനിമ ഇറങ്ങി അഞ്ചാം ദിവസമാണ് ഞാനത് കാണുന്നത്. അപ്പോഴാണ് ആ സിനിമ ശരിക്കും എങ്ങനെയാണെന്ന് മനസ്സിലാവുന്നത്. ആ സെറ്റില്‍ ഇരിക്കുമ്പോള്‍ ഒട്ടും മനസിലായിരുന്നില്ല ഇങ്ങനെ ഒരു സിനിമയിലാണ് നമ്മള്‍ അഭിനയിക്കുന്നതെന്ന്.

എനിക്ക് ഇനിയും ദിലീഷേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യണം എന്നാഗ്രഹമുണ്ട്. അന്ന് ദിലീഷേട്ടന്‍ ആരാണെന്ന് പോലും അറിയാതെയായിരുന്നല്ലോ വര്‍ക്ക് ചെയ്തത്.

അദ്ദേഹത്തിന്റെ ഫിലിം മേക്കിങ് വളരെ വ്യത്യസ്തമായ ഒരു രീതിയിലാണ്. ഇനിയിപ്പോള്‍ അത് മനസ്സിലാക്കി കുറേക്കൂടി ആസ്വദിച്ച് അഭിനയിക്കണമെന്ന് തോന്നാറുണ്ട്,” അപര്‍ണ പറഞ്ഞു.

സുന്ദരി ഗാര്‍ഡന്‍സ്, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങളാണ് അപര്‍ണയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ബിജു മേനോനൊപ്പമുള്ള ‘തങ്കം’, ഇനി ഉത്തരം എന്നീ സിനിമകളാണ് ഇനി ചെയ്യാനിരിക്കുന്ന പ്രോജക്ടുകള്‍.

ഫെഫ്കക്ക് വേണ്ടി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പൃഥ്വിരാജാണ് കാപ്പയിലെ നായകന്‍.

Content Highlight: Aparna Balamurali remembers the releasing time of Maheshinte Prathikaaram