പൊന്നിയിന്‍ സെല്‍വന് ശേഷം ഞാന്‍ ഇനി സിനിമയില്‍ അഭിനയിക്കില്ല എന്നാണ് മദ്രാസില്‍ എല്ലാവരും പറയുന്നത്: വിക്രം
Entertainment news
പൊന്നിയിന്‍ സെല്‍വന് ശേഷം ഞാന്‍ ഇനി സിനിമയില്‍ അഭിനയിക്കില്ല എന്നാണ് മദ്രാസില്‍ എല്ലാവരും പറയുന്നത്: വിക്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th August 2022, 11:44 am

വിക്രമിനെ നായകനാക്കി ആര്‍. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. ഓഗസ്റ്റ് 31നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

മലയാളി താരങ്ങളായ റോഷന്‍ മാത്യുവും മിയ ജോര്‍ജും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ കെ.ജി.എഫ് താരം ശ്രീനിധി ഷെട്ടിയാണ് നായികയായെത്തുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി വിക്രമും ശ്രീനിധി ഷെട്ടിയും കേരളത്തിലെത്തിയിരുന്നു. റോഷന്‍, മിയ, വിക്രം, ശ്രീനിധി എന്നിവരായിരുന്നു കൊച്ചിയില്‍ നടന്ന പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്തത്.

പരിപാടിയില്‍ വെച്ച് വിക്രമിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം മിയ പങ്കുവെച്ചിരുന്നു. വിക്രമും തന്റെ സിനിമാനുഭവങ്ങള്‍ രസകരമായി പറഞ്ഞിരുന്നു.

”വിക്രം സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ വേണ്ടി ഭയങ്കര സന്തോഷത്തോടെയും എക്‌സൈറ്റ്‌മെന്റോടെയുമാണ് ഞാന്‍ ലൊക്കേഷനിലേക്ക് പോയത്. സാധാരണ ലേറ്റ് നൈറ്റ് ഷൂട്ട് നടക്കുമ്പോള്‍ കുറച്ച് ഷോട്ട് പോയിക്കഴിഞ്ഞാല്‍, ഒരേ കാര്യം തന്നെ വീണ്ടുംവീണ്ടും ചെയ്യുമ്പോള്‍ നമുക്കൊക്കെ ഒരു മടുപ്പ് വരും.

പക്ഷെ നൂറാമത്തെ ടേക്ക് വരെ ആദ്യത്തെ ടേക്കിന്റെ അതേ കൗതുകത്തോടെ ഇരിക്കുന്ന മനുഷ്യനാണ് ഇത്,” മിയ പറഞ്ഞു. ഇതിന് വിക്രം മറുപടി പറയുന്നുമുണ്ട്.

”എന്റെ ടേക്ക് നൂറാമതും എടുത്തു എന്നാണോ പറയുന്നത്. അല്ലെങ്കില്‍ അവര്‍ വിചാരിക്കും വിക്രം നൂറ് ടേക്ക് വരെ എടുത്തു, എന്ന്. പ്ലീസ് അത് കറക്ടായി പറയൂ.

ഒരു കോളേജില്‍ പരിപാടിക്ക് പോയ സമയത്ത്, മണിരത്‌നം സാറിന്റെയും ശങ്കര്‍ സാറിന്റെയും പടത്തില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ പിന്നെ ഞാന്‍ റിട്ടയര്‍ ചെയ്യും എന്ന് ഞാന്‍ പറഞ്ഞിരുന്നു. പിന്നെ ഞാനത് മറന്നുപോയി.

ഇപ്പോള്‍, പൊന്നിയിന്‍ സെല്‍വന് ശേഷം ഇനി വിക്രം സിനിമയില്‍ അഭിനയിക്കില്ല, എന്നാണ് മദ്രാസില്‍ എല്ലാവരും പറയുന്നത്. അത് കേട്ട് എല്ലാ ചാനലുകാരും ചോദിക്കുകയാണ്,” വിക്രം പറഞ്ഞു.

കോബ്രയുടെ പോസ്റ്ററുകളും ലിറിക്കല്‍ സോങും നേരത്തെ ശ്രദ്ധ നേടിയിരുന്നു.

Content Highlight: Vikram says people in Madras talk that he will quit acting after Mani Ratnam’s Ponniyin Selvan