‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് നരിവേട്ട. 2003ല്‍ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമാണ് ചിത്രത്തിന്റെ പ്രമേയം. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസിന് പുറമെ ചേരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വന്‍താരനിര അണിനിരക്കുന്നുണ്ട്. ഇഷ്‌കിന് ശേഷം അനുരാജ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്.
തന്റെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുകയാണ് അനുരാജ് മനോഹര്‍. നടന്ന് വരുന്ന വഴി ഒരു കുപ്പിച്ചില്ല് കാണുമ്പോള്‍ പുറകെ വരുന്നവരുടെ കാലില്‍ അത് തറക്കരുത് എന്ന ഉദ്ദേശത്തോടെ കുപ്പിച്ചില്ല് എടുത്ത് മാറ്റുന്നത് കൂടിയാണ് രാഷ്ട്രീയമെന്നും അനുരാജ് പറയുന്നു.
ആ രാഷ്ട്രീയം തനിക്കുണ്ടെന്നും തന്റെ രക്തത്തില്‍ അതുണ്ടെന്നും അനുരാജ് പറഞ്ഞു. എല്ലാവര്‍ക്കും അതുണ്ടെന്നും എന്നാല്‍ അത് ഏത് രീതിയിലാണ് ഉള്ളതെന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുറകെ വരുന്ന ആളുടെ ജാതി, മതം, രാഷ്ട്രീയം എല്ലാം നോക്കിയിട്ടാണ് കുപ്പിച്ചില്ല് എടുത്ത് മാറ്റണോ വേണ്ടയോ എന്ന് ചിന്തിക്കുന്നവരുണ്ടെന്നും എന്നാല്‍ മനുഷ്യനാണ് പുറകെ വരുന്നത്, അത് എടുത്താല്‍ പുറകെ വരുന്നവന്റെ കാലില്‍ അത് കൊള്ളില്ല എന്നതാണ് ബോധ്യമെന്നും അനുരാജ് വ്യക്തമാക്കി. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുരാജ് മനോഹര്‍.
‘കൊടി അടയാളങ്ങള്‍ മാത്രമല്ല രാഷ്ട്രീയം. നടന്ന് വരുന്ന വഴി ഒരു കുപ്പിച്ചില്ല് കാണുമ്പോള്‍ പുറകെ വരുന്നവരുടെ കാലില്‍ അത് തറക്കരുത് എന്ന ഉദ്ദേശത്തോടെ കുപ്പിച്ചില്ല് എടുത്ത് മാറ്റുന്നത് കൂടിയാണ് രാഷ്ട്രീയം.
അത് എനിക്ക് ഉണ്ട്. അത് രക്തത്തിലുണ്ട്. അത് എല്ലാവരുടെയും ഉള്ളില്‍ ഉണ്ട്. അത് ഏത് രീതിയിലാണ് എന്നുള്ളതാണ്. പുറകെ വരുന്ന ആളുടെ ജാതി, മതം, രാഷ്ട്രീയം എല്ലാം നോക്കിയിട്ടാണ് കുപ്പിച്ചില്ല് എടുത്ത് മാറ്റണോ വേണ്ടയോ എന്ന് ചിന്തിക്കുന്നവരും ഉണ്ട്.
എന്നാല്‍ നമ്മള്‍ അത്തരത്തില്‍ ചിന്തിക്കുന്നവരല്ല. മനുഷ്യനാണ് പുറകെ വരുന്നത്, അത് എടുത്താല്‍ പുറകെ വരുന്നവന്റെ കാലില്‍ അത് കൊള്ളില്ല എന്നതാണ് ബോധ്യം. ആ ബോധ്യത്തിലൂടെയാണ് നമ്മള്‍ പോകുന്നത്,’ അനുരാജ് മനോഹര്‍ പറയുന്നു.