ഇഷ്‌ക് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനുരാജ് മനോഹര്‍. പ്രമാണി, ദി ത്രില്ലര്‍, ഗ്രാന്‍ഡ്മാസ്റ്റര്‍,പുള്ളിക്കാരന്‍ സ്റ്റാറാ, കുട്ടനാടന്‍ മാര്‍പ്പാപ്പ എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി കരിയര്‍ ആരംഭിച്ച അനുരാജിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ഇഷ്‌ക്. ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തി 2019 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇഷ്‌ക്.
ഇഷ്‌കിന്റെ ക്ലൈമാക്‌സ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഷെയ്ന്‍ നിഗവും ആന്‍ ശീതളുമാണ് ചിത്രത്തില്‍ സച്ചിയും വസുധയുമായെത്തിയത്. മലയാളിയുടെ സദാചാര ബോധവും സദാചാര പൊലീസ് ചമയലുമൊക്കെയായിരുന്നു ചിത്രത്തിന്റെ കഥാ പശ്ചാത്തലം. ഇപ്പോള്‍ ഇഷ്‌കിന് രണ്ട് ക്ലൈമാക്‌സുകള്‍ ഉണ്ടായിരുന്നു എന്ന് അനുരാജ് മനോഹര്‍ പറയുന്നു.
ഇഷ്‌കിന് രണ്ട് ക്ലൈമാക്‌സുകളുണ്ടായിരുന്നുവെന്നും സിനിമയില്‍ എല്ലാവരും കാണുന്നത് തങ്ങള്‍ പാരലല്‍ ആയി ഷൂട്ട് ചെയ്ത ക്ലൈമാക്‌സാണെന്നും അനുരാജ് പറയുന്നു. മഞ്ഞതാലി ചരടില്‍ അല്ല പുരുഷന്റെയുംസ്ത്രീയുടെയും സ്വാതന്ത്ര്യം നിശ്ചയിക്കേണ്ടത് എന്ന് ഷെയ്‌നിന്റെ കഥാപാത്രം കാമുകിയോട് പറയുന്നതെന്നും പിന്നീട് അതേ സ്ഥലത്ത് വെച്ച് ഇരുവരും കല്യാണം കഴിക്കുന്ന ഒരു സീനാണ് ആദ്യം ഷൂട്ട് ചെയ്ത ക്ലൈമാക്‌സെന്നും അനുരാജ് പറയുന്നു. രണ്ടാമത്തെ ക്ലൈമാക്‌സ് തങ്ങള്‍ അവസാനമാണ് പ്രൊഡക്ഷന്‍ ഹൗസില്‍ കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇഷ്‌കിന്റെ ക്ലൈമാക്‌സ് അത് ആയിരുന്നില്ല. സിനിമയില്‍ കാണുന്നത് ഞങ്ങള്‍ പാരലല്‍ ആയി ഷൂട്ട് ചെയ്ത ക്ലൈമാക്‌സായിരുന്നു. എന്റെ മാത്രം കോണ്‍ഫിഡന്‍സിലാണ് അത് അവസാനം മിക്‌സിങ് തിയേറ്ററില്‍ നമ്മള്‍ അത് ഔട്ട് ചെയ്യുന്നത്. ആദ്യത്തെ ക്ലൈമാക്‌സ് രതീഷും ഞാനും മ്യൂച്ചലായിട്ട് തീരുമാനിച്ചതാണ്.
മഞ്ഞതാലി ചരടല്ല ഒരു പുരുഷന്റെയും സ്ത്രീയുടെയും സ്വാതന്ത്ര്യം നിശ്ചയിക്കേണ്ടത് എന്നാണ് സച്ചി വസുധയോട് പറയുന്നത്. അതേ പാര്‍ക്കിങ് ഏരിയയില്‍ പോയിട്ട് മഞ്ഞതാലി ചരടില്‍ കല്യാണം കഴിക്കുന്ന ഒരു ക്ലൈമാക്‌സ് ആയിരുന്നു നമുക്ക് ഉണ്ടായിരുന്നത്. ടെയ്ല്‍ എന്ഡില്‍ മറ്റൊരാള്‍ ഗസ്റ്റ് റോളില്‍ സ്വന്തം കാമുകിയെ വിളിച്ചിട്ട് മധുര യാത്രയ്ക്ക് പുറപ്പെടുന്നു. ഇതായിരുന്നു സിനിമയുടെ ക്ലൈമാക്‌സ്.
എനിക്കത് ഓക്കെ ആയിരുന്നില്ല. പക്ഷേ നമുക്ക് പുതിയ ക്ലൈമാക്‌സുകള്‍ ഒന്നും കിട്ടുന്നില്ല. ആ ക്ലൈമാക്‌സ് ഷൂട്ട് ചെയ്ത് വെച്ചിട്ടുണ്ട്. അതാണ് പ്രൊഡ്യൂസര്‍ക്ക് എല്ലാം അറിയുന്ന ക്ലൈമാക്‌സ്. ഇത് നമ്മള്‍ മാനിപുലേറ്റ് ചെയ്ത് ആരും അറിയാതെ ഹൈഡ് ചെയ്ത് ഷൂട്ട് ചെയ്ത് അവസാന ഘട്ടത്തില്‍ പ്രൊഡക്ഷന്‍ ഹൗസില്‍ കാണിക്കുന്നു. അത് നല്ലതായത് കൊണ്ട് എല്ലാവരും അംഗീകരിക്കുന്നു,’ അനുരാജ് മനോഹര്‍ പറയുന്നു.
Content Highlight: Anuraj Manohar says that Ishq had two climaxes.