ഞാൻ കുറേ നാളുകൾക്ക് ശേഷമാണ് കണ്ണ് തുറന്ന് നേരെ നോക്കുന്നത്, പണ്ട് അങ്ങനെയൊക്കെ നോക്കാൻ പോലും പേടിയായിരുന്നു: അനുപമ പരമേശ്വരൻ
malayalam movie
ഞാൻ കുറേ നാളുകൾക്ക് ശേഷമാണ് കണ്ണ് തുറന്ന് നേരെ നോക്കുന്നത്, പണ്ട് അങ്ങനെയൊക്കെ നോക്കാൻ പോലും പേടിയായിരുന്നു: അനുപമ പരമേശ്വരൻ
നന്ദന. ടി
Tuesday, 18th August 2026, 6:35 pm

ടോക്‌സിക് റിലേഷൻഷിപ്പിൽ നിന്ന് പുറത്തുകടന്ന ശേഷം തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി അനുപമ പരമേശ്വരൻ. ഒരുപാട് സമയമെടുത്താണ് താൻ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും വലിയ പ്രയാസങ്ങളാണ് ഇക്കാലയളവിൽ നേരിട്ടതെന്നും അനുപമ പറഞ്ഞു. നാർസിസ്റ്റിക് അബ്യൂസിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് താൻ കടന്നുപോയതെന്നും താരം വ്യക്തമാക്കുന്നു.

നാർസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയപ്പോൾ തനിക്ക് ജീവിതത്തിൽ ലഭിച്ച തിരിച്ചറിവുകൾ ധന്യ വർമയുമായുള്ള അഭിമുഖത്തിൽ പങ്കുവെക്കുകയാണ് അനുപമ.

അനുപമ പരമേശ്വരൻ. Photo. Screen grab/ Youtube

രണ്ടു വർഷം നീണ്ട ഒരു ടോക്സിക് റിലേഷൻഷിപ്പിൽ നിന്നും പുറത്തുവന്നതോടെ ജീവിതം ആകെ മാറിമറിഞ്ഞതായി അനുഭവപ്പെട്ടു എന്ന് പറയുകയാണ് അനുപമ. പണ്ട് ആരാധകരോടൊപ്പം സെൽഫി എടുക്കാനും സംസാരിക്കാനുമൊക്കെ മടിയായിരുന്ന തനിക്ക്, ഇപ്പോൾ അത്തരം കാര്യങ്ങളൊക്കെ കൗതുകവും സന്തോഷവുമാണെന്നും അനുപമ കൂട്ടിച്ചേർത്തു.

‘ആ ഒരു ബന്ധത്തിൽ നിന്നും പുറത്തുകടന്ന് ജീവിതത്തിൽ വലിയൊരു തിരിച്ചറിവുണ്ടായപ്പോൾ കാര്യങ്ങളൊക്കെ പെട്ടെന്ന് തന്നെ മാറിമറിഞ്ഞു. ലൈഫ് കുറച്ചുകൂടി കളർഫുൾ ആയി മാറി. കാരണം, ഞാൻ കുറേ നാളുകൾക്ക് ശേഷമാണ് കണ്ണ് തുറന്ന് നേരെ നോക്കുന്നത്. പണ്ട് അങ്ങനെയൊക്കെ നോക്കാൻ പോലും പേടിയായിരുന്നു.

പിന്നെ എടുത്തുപറയേണ്ട ഒരു കാര്യം, നമ്മൾ ഒരു ആക്ടറായി എട്ടോ ഒമ്പതോ വർഷമൊക്കെ കഴിയുമ്പോൾ സെൽഫി എടുക്കാനും ആളുകളോട് സംസാരിക്കാനുമൊക്കെ ഒരു മടി ഉണ്ടാവും. എന്നാൽ ഇതൊന്നും ചെയ്യാൻ അനുവാദമില്ലാതിരുന്ന രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ, ഇപ്പോൾ സെൽഫി ഒക്കെ എടുക്കാൻ ഭയങ്കര ഇഷ്ടമാണ്. ഇനി ഇപ്പോൾ ആരെങ്കിലും സംസാരിക്കണം എന്ന് പറഞ്ഞാൽ എനിക്ക് ഭയങ്കര താത്പര്യം,’ അനുപമ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ തനിക്ക് വന്ന ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടു എന്നും, എന്നാൽ ഇന്ന് തന്റെ തൊഴിലിന്റെ മൂല്യം അറിയാൻ സാധിക്കുന്നു എന്നും അനുപമ വ്യക്തമാക്കി.

‘കുറേക്കാലം ഈ ഇൻഡസ്ട്രിയിൽ തുടരുന്നത് കൊണ്ടുതന്നെ നമ്മുടെ പാഷൻ ഒക്കെ ഒരു വെറും വർക്ക് പോലെ ആയി മാറിയിരുന്നു. എന്നാൽ ഈ രണ്ടു വർഷങ്ങൾക്കിടയിൽ വന്ന കുറെ അവസരങ്ങൾ നഷ്ടപ്പെട്ടു പോയപ്പോൾ, ഇപ്പോൾ ഞാൻ എന്റെ വർക്കിനെ വാല്യൂ ചെയ്യാൻ പഠിച്ചു. യൂണിവേഴ്‌സ് എനിക്ക് തന്നിട്ടുള്ള എല്ലാ ഭാഗ്യങ്ങൾക്കും ഞാൻ വില കൊടുക്കാൻ തുടങ്ങി. കൂടാതെ മനുഷ്യബന്ധങ്ങളുടെ പ്രാധാന്യവും ഞാൻ ഒരുപാട് മാനസിലാക്കി,’ അനുപമ പരമേശ്വരൻ പറഞ്ഞു.

അനുപമ പരമേശ്വരൻ. Photo. Screen grab/ Youtube

Content Highlight: Anupama Parameswaran talks  about her self realizations after going through narcissistic abuse

 

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം