ഉയരം കൂടുന്തോറും സെല്‍ഫിയുടെ മൊഞ്ചും കൂടും, മോഹന്‍ലാലിനൊപ്പം ഹെലികോപ്റ്ററില്‍ നിന്നുള്ള സെല്‍ഫി പങ്കുവെച്ച് ആന്റണി പെരുമ്പാവൂര്‍
Entertainment
ഉയരം കൂടുന്തോറും സെല്‍ഫിയുടെ മൊഞ്ചും കൂടും, മോഹന്‍ലാലിനൊപ്പം ഹെലികോപ്റ്ററില്‍ നിന്നുള്ള സെല്‍ഫി പങ്കുവെച്ച് ആന്റണി പെരുമ്പാവൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st July 2024, 8:25 pm

മലയാളത്തിലെ ഏറ്റവും മികച്ച പ്രൊഡക്ഷന്‍ കമ്പനികളിലൊന്നാണ് ആശീര്‍വാദ് സിനിമാസ്. മോഹന്‍ലാലിന്റെ മാനേജറായ ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് മലയാള സിനിമക്ക് മികച്ച സിനിമകള്‍ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. ആദ്യ ചിത്രമായ നരസിംഹവും, മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യവും ആശീര്‍വാദ് നിര്‍മിച്ചതാണ്.

മോഹന്‍ലാലിന്റെ സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂര്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച സെല്‍ഫി വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഹെലികോപ്റ്ററില്‍ വെച്ച് മോഹന്‍ തന്റെ ഫോണിലെടുത്ത സെല്‍ഫി വീഡിയോയാണ് ആന്റണി പങ്കുവെച്ചത്. ഹെലികോപ്റ്ററില്‍ നിന്ന് താഴേക്കുള്ള കാഴ്ചയുടെ ഒടുവില്‍ മോഹന്‍ലാലിനെയും കാണുന്നുണ്ട്.

View this post on Instagram

A post shared by Antony Perumbavoor (@antonyperumbavoor)

‘വിത് മോഹന്‍ലാല്‍ സാര്‍’ എന്ന ക്യാപ്ഷനോടെയാണ് ആന്‍ണി വീഡിയോ പങ്കുവെച്ചത്. മിനിറ്റുകള്‍ കൊണ്ട് 50000ലധികം ലൈക്കുകളാണ് വീഡിയോക്ക് ലഭിച്ചത്. മോഹന്‍ലാല്‍ അഭിനയിച്ച പരസ്യത്തിലെ ഹിറ്റ് ഡയലോഗായ ‘ഉയരം കൂടുന്തോറും ചായയുടെ രുചിയും കൂടും’ എന്ന ഡയലോഗിന് മാറ്റം വരുത്തി ‘ഉയരം കൂടുന്തോറും സെല്‍ഫിയുടെ മൊഞ്ചും കൂടും’ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ബാറോസാണ് ആശീര്‍വാദ് സിനിമാസിന്റെ പുതിയ ചിത്രം. പൂര്‍ണമായും 3ഡിയില്‍ ചിത്രീകരിച്ച സിനിമ 2021ല്‍ ഷൂട്ട് തുടങ്ങിയെങ്കിലും കൊവിഡ് കാരണം മുടങ്ങിയിരുന്നു. വന്‍ ബജറ്റില്‍ എത്തുന്ന ചിത്രം കണ്ണഞ്ചിപ്പിക്കുന്ന വിഷ്വലുകള്‍ കൊണ്ട് സമ്പന്നമാണ്.

മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ കഥാപാത്രമായ ബാറോസിനെ അവതരിപ്പിക്കുന്നത്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Content Highlight: Antony Perumbavoor posted a selfie video with Mohanlal from helicopter