മമ്മൂക്കയിൽ എനിക്ക് അത്ഭുതം തോന്നിയ കാര്യം അതാണ്: അൻസിബ
ദൃശ്യമെന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളിപ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അൻസിബ. ചിത്രത്തിൽ മോഹൻലാലിൻ്റെ മകളായ അഞ്ജു എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായ അൻസിബ മമ്മൂട്ടി നായകനായി എത്തിയ സിബിഐ 5ലും ഒരു വേഷത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് അൻസിബ.
മമ്മൂട്ടിയോട് എന്തെങ്കിലും കാര്യം ചോദിച്ചാൽ കൃത്യമായ ഉത്തരം കിട്ടുമെന്നും അദ്ദേഹത്തിന് വായിക്കാൻ എങ്ങനെ സമയം കിട്ടുന്നു എന്നോർത്ത് തനിക്ക് അത്ഭുതം തോന്നാറുണ്ടെന്നും അൻസിബ പറയുന്നു.
ലൊക്കേഷനിൽ എല്ലാവരോടും ഏറെ സൗഹൃദം കാണിക്കുന്ന ഒരാളാണ് മമ്മൂട്ടിയെന്നും മറ്റുള്ളവർക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് മമ്മൂട്ടി വളരെ ആസ്വദിച്ച് ചെയ്യുന്ന കാര്യമാണെന്നും നടി പറഞ്ഞു.

ഒരു ദിവസം അദ്ദേഹം ലൊക്കേഷനിൽ മട്ടൻ ബിരിയാണി കൊണ്ടുവന്നെന്നും മട്ടൻ കഴിക്കാത്ത താൻ അപ്പോഴാണ് ആദ്യമായി ബിരിയാണി കഴിച്ചതെന്നും അൻസിബ കൂട്ടിച്ചേർത്തു. നാന വാരികയോട് സംസാരിക്കുകയായിരുന്നു അൻസിബ.
‘മമ്മൂക്കയോട് എന്തെങ്കിലും ഒരു കാര്യം ചോദിച്ചാൽ കൃത്യമായ ഒരുത്തരം നമുക്ക് ലഭിക്കും. എനിക്ക് അത്ഭുതം തോന്നിയ ഒരു കാര്യം മമ്മൂക്കക്ക് വായിക്കാനൊക്കെ എവിടുന്നാണ് സമയം കിട്ടുന്നതെന്നാണ്. വായിക്കുന്നതിനെപ്പറ്റി മമ്മൂട്ടി എപ്പോഴും പറയാറുണ്ട്.
‘ലൊക്കേഷനിൽ എല്ലാവരോടും ഏറെ സൗഹൃദം കാണിക്കുന്ന മമ്മൂക്ക എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു. മറ്റുള്ളവർക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുക എന്നുപറയുന്നത് വലിയൊരു കാര്യമാണ്. മമ്മൂക്ക അത് വളരെ ആസ്വദിച്ചു ചെയ്യുന്ന കാര്യമാണ്.

ഇന്നേവരെ മട്ടൻ ബിരിയാണി കഴിച്ചിട്ടില്ലാത്ത ഒരാളാണ് ഞാൻ. പൊതുവേ അതിനോട് താൽപ്പര്യമില്ലാത്ത ആളും. മമ്മൂക്ക ഒരു ദിവസം ലൊക്കേഷനിൽ മട്ടൻ ബിരിയാണി കൊണ്ടുവന്നു. മമ്മൂക്ക കൊണ്ടുവന്ന മട്ടൻ ബിരിയാണി, മമ്മൂക്ക തന്നെ അത് വിളമ്പിത്തരുന്നു.
സത്യം പറഞ്ഞാൽ അത് വേണ്ടെന്ന് പറയാൻ എനിക്ക് തോന്നിയില്ല. ഞാൻ അത് കഴിച്ചു. ഞാൻ എൻ്റെ ജീവിതത്തിൽ ആദ്യമായി മട്ടൻ ബിരിയാണി ആസ്വദിച്ച് കഴിക്കുകയായിരുന്നു അന്ന്. ഞാൻ മട്ടൻ കഴിക്കില്ല എന്നത് അവിടെ ലൊക്കേഷനിലുണ്ടായിരുന്ന രൺജി പണിക്കർ സാറിന് അറിയാമായിരുന്നു.
ഇത് കണ്ടപ്പോൾ രൺജി സാർ മമ്മൂക്കയോട് പറഞ്ഞു, അവൾ മട്ടൻ കഴിക്കില്ല എന്ന്. മമ്മൂക്ക എന്നോട് മട്ടൻ കഴിക്കുന്നത് നല്ലതാണെന്നൊക്കെ പറഞ്ഞ് വീണ്ടും വിളമ്പിത്തന്നു. അതൊക്കെ കുറെ നല്ല നിമിഷങ്ങളായിരുന്നു,’ അൻസിബ പറയുന്നു.
Content Highlight: Ansiba Talking About Mammootty