നരകമില്ലെന്നോ , തട്ടമിട്ടില്ലെങ്കില്‍ പ്രശ്‌നമില്ലെന്നോ എവിടെയും പറഞ്ഞിട്ടില്ല: ഇത്തരം കാര്യങ്ങള്‍ പറയാന്‍ മാത്രം വലിയ ആളല്ല ഞാന്‍: വിശദീകരണവുമായി നടി അന്‍സിബ
Daily News
നരകമില്ലെന്നോ , തട്ടമിട്ടില്ലെങ്കില്‍ പ്രശ്‌നമില്ലെന്നോ എവിടെയും പറഞ്ഞിട്ടില്ല: ഇത്തരം കാര്യങ്ങള്‍ പറയാന്‍ മാത്രം വലിയ ആളല്ല ഞാന്‍: വിശദീകരണവുമായി നടി അന്‍സിബ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd January 2017, 4:21 pm

തട്ടമിടാത്തതിന് മതമൗലിക വാദികളുടെ സൈബര്‍ ആക്രമണത്തിന് ഇരയായ നടിയാണ് അന്‍സിബാ ഹസ്സന്‍. തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നമെന്ന് അന്‍സിബ പറഞ്ഞതായുള്ള വാര്‍ത്തകള്‍ക്ക് നേരെയൊക്കെ വലിയ തെറിവിളികളായിരുന്നു സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. എന്നാല്‍ താന്‍ മനസാവാചാ അറിയാത്ത കാര്യമാണ് തന്റെ പേരില്‍ വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രചരിക്കുന്നതെന്ന് അന്‍സിബ പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അന്‍സിബ തന്റെ ഭാഗം വിശദീകരിക്കുന്നത്. അന്‍സിബയുടെ വാക്കുകള്‍ ഇങ്ങനെ…..

കുറേക്കാലമായി ചില ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകളില്‍ വരുന്ന വാര്‍ത്തകളാണ് തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നമെന്ന് അന്‍സിബ ചോദിച്ചു. നരകത്തില്‍ പോകില്ല, നരകമില്ല. ബോളിവുഡില്‍ ഉള്ളവരൊക്കെ മുസ്‌ലീമല്ലേ, അന്‍സിബ നരകത്തില്‍ പോകില്ല, ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഞാന്‍ നടത്തിയിട്ടില്ല. അങ്ങനെയൊന്നും ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ഈ വിധത്തില്‍പ്പെട്ട ഒരു കാര്യവും ആരുമായും സംസാരിച്ചിട്ടില്ല.


കുറേക്കാലമായി ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ വൈറലായി ഇത്തരം വാര്‍ത്തകള്‍ കണ്ടു. ചില സുഹൃത്തുക്കള്‍ ഈ വാര്‍ത്ത എനിക്ക് ഫോര്‍വേഡ് ചെയ്തു. എന്തിനാണ് ഇങ്ങനെയുള്ള വാര്‍ത്തകള്‍ കെട്ടിച്ചമക്കുന്നത്. ഞാന്‍ വലിയ ആളൊന്നുമല്ല, ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്. ഞാനൊരിക്കലും പറയാത്ത കാര്യങ്ങളാണ്.  എങ്ങനെയാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് അറിയില്ല.

ചെറിയ കാര്യങ്ങള്‍ക്ക് സങ്കടവും സന്തോഷവും ഉണ്ടാകുന്ന ആളാണ്. ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാലാണ് ഇതേവരെ പ്രതികരിക്കാത്തത്. ഈയടുത്ത് എന്റെ സുഹൃത്തുക്കള്‍ മറ്റൊരു വീഡിയോ അയച്ചു. മദ്രസാ അധ്യാപകരെ പറ്റി ആരോ അപവാദം പറയുന്നൊരു ഓഡിയോ ക്ലിപ്പുണ്ട്. ആ ഓഡിയോ ക്ലിപ്പ് ആ ദ്രോഹി അപ്‌ലോഡ് ചെയ്തപ്പോള്‍ അതിന്റെ കവര്‍ പേജ് ആയി എന്റെ ഫോട്ടോയാണ് അപ് ലോഡ് ചെയ്തത്.


അപ്പോള്‍ ഈ ഓഡിയോ കേള്‍ക്കുന്നവര്‍ വിചാരിക്കും ഞാന്‍ പറഞ്ഞതാണ് അതെല്ലാമെന്ന്. ഞാന്‍ ആ ഓഡിയോ കേട്ടപ്പോള്‍ അത് കണ്ണൂര്‍ കാസര്‍ഗോഡ് ഭാഗത്തുള്ളവരുടെ ഭാഷയാണെന്ന് തോന്നിയത്. ഞാന്‍ പര്‍ദയണിഞ്ഞ ഫോട്ടോ എവിടുന്നോ എടുത്ത് ഇട്ടതാണ്. അത് മോര്‍ഫ് ചെയ്ത് ഇട്ടതാണ്. ഇതിനൊക്കെ എവിടെ പരാതിപ്പെടണമെന്ന് എനിക്കറിയില്ല.

ഒരു ചാനലില്‍ സിനിമയെപ്പറ്റിയും സിനിമാ താരങ്ങളെ പറ്റിയും ഗോസിപ്പുകള്‍ ഹാസ്യരൂപേണ അവതരിപ്പിക്കുന്ന പ്രോഗ്രാമില്‍ ഒരു സ്ത്രീ ബിക്കിനിയില്‍ സ്വിമ്മിംഗ് പൂളില്‍ നില്‍ക്കുന്ന ചിത്രം എന്റെ ഫോട്ടോയെന്ന രീതിയിലാണ് കാണിച്ചത്. ഞാന്‍ ആണെന്ന് ഉറപ്പുവരുത്താതെയാണ് ആ ഫോട്ടോ അവര്‍ ഉപയോഗിച്ചത്.

ഒരു സാധാരണ പെണ്‍കുട്ടിയെന്ന നിലയില്‍ ഒരുപാട് വിഷമിപ്പിക്കുന്ന കാര്യമാണിത്. ഞാനൊരു വലിയ ആളല്ല. ജനങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമയില്‍ നല്ലൊരു കഥാപാത്രം ചെയ്തു. അതിനുള്ള സ്നേഹം മതിയെനിക്ക്. ഇല്ലാത്ത വാല്യു കൊടുത്ത് ഇത് പോലുള്ള വാര്‍ത്തകള്‍ ഉണ്ടാക്കരുത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇങ്ങനെ വരുന്നു. ഒരു ഓണ്‍ലൈന്‍ സൈറ്റിന്റെ നമ്പര്‍ കണ്ടു വിളിച്ചു. അവര്‍ സ്യുച്ച് ഓഫ്. ഞാന്‍ എങ്ങനെ പരാതി പറയും. പ്രതികരിക്കാത്തതുകൊണ്ടായിരിക്കും ഇത്തരം വാര്‍ത്ത ഇടുന്നത്. ദയവുചെയ്ത് ഇത്തരം വാര്‍ത്ത ആരും കൊടുക്കരുത്.

വേറൊരു സങ്കടം തോന്നിയ കാര്യം. ഒരു പ്രഭാഷണത്തില്‍ നരകമില്ലെന്ന് അന്‍സിബ പറഞ്ഞുവെന്ന് ഒരാള്‍ സംസാരിക്കുന്നത് കണ്ടു. പ്രിയപ്പെട്ട സഹോദരാ ഞാനൊരിക്കലും നരകം ഇല്ലെന്നോ നരകത്തെ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അത് വ്യാജവാര്‍ത്തയാണ്.  ഇത് എല്ലാവരുടെയും അടുത്ത് ഷെയര്‍ ചെയ്യണമെന്ന് തോന്നി. അതുകൊണ്ടാണ് ഇത്തരമൊരു വീഡിയോ ഇടുന്നത്- അന്‍സിബ പറയുന്നു.