
ഏറെക്കാലമായി മലയാള സിനിമയുടെ ഭാഗമാണ് നാദിര്‍ഷ. എന്നാല്‍ സിനിമ സംവിധാന രംഗത്തേക്കുള്ള നാദിര്‍ഷയുടെ ചുവടുവെപ്പ് പെട്ടന്നായിരുന്നു. അമര്‍ അക്ബര്‍ അന്തോണിയെന്ന സിനിമ യുവതാരങ്ങളെ നിരത്തി നാദിര്‍ഷ അണിയിച്ചൊരുക്കിയപ്പോല്‍ അത് ബോക്‌സ് ഓഫീസിലും വലിയ ചലനങ്ങളുണ്ടാക്കി.
പിന്നാലെയെത്തിയ കട്ടപ്പനയിലെ ഋത്വിക് റോഷനിലും പുതുമുഖ നായകനെയായിരുന്നു നാദിര്‍ഷ അവതരിപ്പിച്ചത്. എന്നാല്‍ തന്റെ മൂന്നാമത്തെ ചിത്രത്തിലെ നായക കഥാപാത്രത്തെ മെഗാസ്റ്റാര്‍ മമ്മൂട്ടി അവതരിപ്പിക്കണമെന്നായിരുന്നു നാദിര്‍ഷയുടെ തീരുമാനം.
എന്നാല്‍ സിനിമയുടെ കാര്യം പറഞ്ഞ് മമ്മൂട്ടിയെ സമീപിച്ചപ്പോള്‍ ആദ്യം അദ്ദേഹം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. കാരണം മറ്റൊന്നുമല്ല നാദിര്‍ഷയുടെ ചിത്രത്തിലെ കോമഡി തനിക്ക് വഴങ്ങില്ലെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
എന്നാല്‍ നാദിര്‍ഷയും തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും മമ്മൂട്ടിയെ വിട്ടില്ല. ഈ കഥാപാത്രം മമ്മൂക്ക തന്നെ ചെയ്തേ പറ്റൂ എന്ന് അവര്‍ ഉറപ്പിച്ചു. സ്വാഭാവിക കോമഡിയാണ് ചിത്രത്തിലുള്ളതെന്നും അത് മമ്മൂക്ക തന്നെ ചെയ്യണമെന്നും പറഞ്ഞതോടെ മമ്മൂട്ടി സമ്മതം മൂളുകയായിരുന്നു. ഒരു മറവത്തൂര്‍ കനവ്, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങിയ ചിത്രങ്ങളിലേതു പോലെ സ്വാഭാവിക തമാശകള്‍ മാത്രമാണ് ചിത്രത്തിലുള്ളതെന്ന് നാദിര്‍ഷ പറയുന്നു.
നാദിര്‍ഷയുടെ ആദ്യ രണ്ടു ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതിയത് ബിപിനും വിഷ്ണുവുമാണ്. ആദ്യമായാണ് ബെന്നിയും നാദിര്‍ഷയും ഒന്നിക്കുന്നത്. രണ്ട് പേരുടെ കോമഡിയും മമ്മൂട്ടിയുടെ അഭിനയവും മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിക്കുമോ എന്ന് കാത്തിരുന്ന കാണം.
