ഗുജറാത്തില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; അഞ്ച് വര്‍ഷത്തിനുള്ളില്‍ 3000ത്തിലധികം പേര്‍ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ട്
national news
ഗുജറാത്തില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; അഞ്ച് വര്‍ഷത്തിനുള്ളില്‍ 3000ത്തിലധികം പേര്‍ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th April 2023, 2:10 pm

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ എന്‍വിറോണ്‍മെന്റല്‍ പ്ലാനിങ് ആന്റ് ടെക്‌നോളജിയില്‍ 23 കാരന്‍ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ട്. പഠനഭാരമാണ് ആത്മഹത്യക്ക് കാരണമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

നാഷണല്‍ ക്രൈം റിപ്പോര്‍ട്ട് ബ്യൂറോ (എന്‍.സി.ആര്‍.ബി) പ്രകാരം ഗുജറാത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലുള്ളില്‍ 3002 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്.

കണക്ക് പ്രകാരം 2022ല്‍ മാത്രം ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തുവെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഐ.ഐ.ടിയില്‍ നിന്ന് ആത്മഹത്യ ചെയ്ത ദര്‍ശങ്കന്‍ സോളങ്കിയുടെ മരണവും ഏറെ ചര്‍ച്ചയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് സി.ഇ.പി.ടി സര്‍വകലാശാലയിലെ ആര്‍കിടെക് വിദ്യാര്‍ത്ഥിയായ ശിവ് മഹേന്ദ്രഭായ് മിസ്ട്രി നാല് ആത്മഹത്യക്കുറിപ്പ് എഴുതി വെച്ചാണ് ആത്മഹത്യ ചെയ്തത്. മാതാപിതാക്കള്‍ക്കും, സഹോദരനും, സുഹൃത്തുക്കള്‍ക്കും എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്ത് വളരാന്‍ സാധിക്കില്ലെന്നും അവരുടെ ലക്ഷ്യം നിറവേറ്റാന്‍ സാധിക്കില്ലെന്നും എഴുതിയിരുന്നു.

ജാതി വിവേചനം. പ്രവിശ്യാ വിവേചനം, അസമത്വം, പഠനഭാരം, തോല്‍വിയെക്കുറിച്ചുള്ള ഭയം, ക്ഷീണം, ഏകാന്തത, പ്രേമം, സ്ഥാപനത്തിലെ അന്തരീക്ഷം, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ കാരണങ്ങളാലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നതില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. പ്രതിദിനം 1-2 പേരാണ് ആത്മഹത്യ ചെയ്യുന്നത്.

ഇന്ത്യയില്‍ പ്രതിദിനം 35 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്യുന്നത്. മണിക്കൂറില്‍ 1-2വിദ്യാര്‍ത്ഥികള്‍. കണക്ക് പ്രകാരം 2017ല്‍ 638, 2018ല്‍ 570, 2019ല്‍ 575 2020ല്‍ 597, 2021ല്‍ 622 എന്നിങ്ങനെയാണ് കണക്കുകള്‍.

2018-2023 വര്‍ഷങ്ങളില്‍ ഐ.ഐ.ടി, ഐ.ഐ.എം, എന്‍.ഐ.ടി, എ.ഐ.ഐ.എം.എസ്, സെന്‍ട്രല്‍ സര്‍വകലാശാല എന്നീ സ്ഥാപനങ്ങളില്‍ മാത്രം 103 പേര്‍ ആത്മഹത്യ ചെയ്തു. ഐ.ഐ.ടിയില്‍ നിന്ന് 35, സെന്‍ട്രല്‍ സര്‍വകലാശാലകളില്‍ നിന്ന് 29, എന്‍.ഐ.ടിയില്‍ 24, എയിംസില്‍ 11, ഐ.ഐ.എമ്മില്‍ 4 എന്നിങ്ങനെയാണ് കണക്കുകള്‍. 30488 പുരുഷന്മാരും 25,525 പെണ്‍കുട്ടികളുമടക്കം 56,013 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത്.

അതേസമയം പ്രധാനമന്ത്രി ആത്മഹത്യയെക്കുറിച്ച് തമാശ പറയുകയാണെന്നും സ്വന്തം സംസ്ഥാനത്തെ ആത്മഹത്യാ കണക്കുകള്‍ പോലും അദ്ദേഹം നോക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി കുറ്റപ്പെടുത്തി.

‘ പ്രധാനമന്ത്രി മോദി ആത്മഹത്യകളെ കുറിച്ച് തമാശ പറയുകയുണ്ടായി. അദ്ദേഹം സ്വന്തം സംസ്ഥാനത്തെ കണക്കുകള്‍ പോലും നോക്കുന്നില്ല. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 32 ശതമാനം വര്‍ധനവാണ് ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ കണക്കില്‍ ഉണ്ടായിരിക്കുന്നത്. ആകെ വിദ്യാര്‍ത്ഥികളുടെ മൂന്നില്‍ ഒന്നാണിത്,’ അദ്ദേഹം പറഞ്ഞു.

CONTENT HIGHLIGHT: Another student suicide in Gujarat; It is reported that 3000 people have committed suicide in five years