മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിന് പ്രേരിപ്പിക്കുന്ന സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമ; കേരള സ്‌റ്റോറിക്കെതിരെ സംയുക്ത പ്രസ്താവന
Kerala News
മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിന് പ്രേരിപ്പിക്കുന്ന സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമ; കേരള സ്‌റ്റോറിക്കെതിരെ സംയുക്ത പ്രസ്താവന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th April 2023, 11:47 am

തിരുവനന്തപുരം: നുണകള്‍ നിറച്ച പ്രൊപ്പഗണ്ട സിനിമ ‘ദ കേരള സ്റ്റോറി ‘ക്ക് കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്ന സംയുക്ത പ്രസ്താവനയുമായി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സിനിമ പ്രവര്‍ത്തകര്‍. സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസിയുടെ നേതൃത്വത്തിലാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്.

നുണകള്‍ നിറച്ച പൊപ്പഗണ്ട സിനിമകള്‍ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ വര്‍ധിച്ചു വരികയാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

‘നുണകള്‍ നിറച്ച ‘പ്രൊപ്പഗണ്ട സിനിമകള്‍’ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫാസിസ്റ്റ് ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരികയാണ്. അത്തരം സിനിമകളില്‍ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ അത് വേണ്ടെന്നു വച്ചത് തുറന്നു പറഞ്ഞ നസ്രുദീന്‍ ഷായെ പോലെയുള്ള വിശ്രുത നടന്മാരെ നാം ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.

ഇന്ത്യയില്‍ പ്രസ്തുത വിഭാഗത്തില്‍പ്പെടുന്ന ചലച്ചിത്രങ്ങളില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ് ‘കശ്മീര്‍ ഫയല്‍സ്’. അന്താരാഷ്ട്ര തലത്തില്‍ പോലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഒരു സിനിമയാണത്.

മെയ് 5 ന് പ്രദര്‍ശനത്തിന് വരാന്‍ പോകുന്ന ‘ദി കേരള സ്റ്റോറി’ എന്ന സിനിമ മേല്‍പറഞ്ഞത് പോലെ ഒരു സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമയാണ്. ഇതര മതസ്ഥരായ പതിനായിരക്കണക്കിന് യുവതികളെ മുസ്‌ലിം ചെറുപ്പക്കാര്‍ പ്രേമിച്ച് മതം മാറ്റി ഇസ്‌ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്ന പെരും നുണയാണ് സംഭവ കഥയെന്ന പേരില്‍ സിനിമ പറയുന്നത്. വരുന്ന 20 വര്‍ഷത്തിനുള്ളില്‍ കേരളമൊരു ഇസ്‌ലാമിക രാജ്യമായി മാറുമെന്നും സിനിമ പറയുന്നു,’ പ്രസ്താവനയില്‍ പറഞ്ഞു.

മുസ്ലിം വിരുദ്ധത നിലനില്‍ക്കുന്ന ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് ഇത്തരം നുണകള്‍ വിശ്വസിക്കാന്‍ ഒരു പ്രയാസവുമില്ലെന്നും സമൂഹം അത്രമേല്‍ ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

മുസ്‌ലിങ്ങള്‍ക്കെതിരെ ആസൂത്രിതമായി നുണ പ്രചരിപ്പിക്കുന്ന സിനിമ, അതുവഴി മുസ്‌ലിങ്ങള്‍ക്കെതിരെ വെറുപ്പും ഭീതിയും സമൂഹത്തില്‍ സൃഷ്ടിക്കാനും, മുസ്‌ലിങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കാനും കാരണമാകും.

ഇന്ത്യയിലൊട്ടാകെയും അന്താരാഷ്ട്ര സമൂഹത്തിന് മുന്‍പാകെയും കേരളം എന്ന സംസ്ഥാനത്തേയും കേരളത്തിലെ മുസ്‌ലിങ്ങളേയും അപകടകരമായും മോശമായും ചിത്രീകരിക്കാന്‍ വര്‍ഷങ്ങളായി സംഘപരിവാര്‍ കിണഞ്ഞു പരിശ്രമിക്കുന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണ്.

കൃത്യമായ പ്രൊപ്പഗണ്ടയോടെ ആസൂത്രിതമായി നിര്‍മ്മിച്ചിരിക്കുന്ന, കേരളത്തിന്റെ മതേതരത്വത്തെത്തേയും സാമുദായിക സൗഹാര്‍ദ്ദത്തേയും തകര്‍ക്കുന്ന ‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് സര്‍ക്കാര്‍ കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുത് എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

രമ്യ ഹരിദാസ് എം.പി, ഡോ.കെ.ടി. ജലീല്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, കെ.കെ.കൊച്ച്, കെ.ഇ.എന്‍, കെ.അജിത, സണ്ണി.എം.കപിക്കാട്, മധുപാല്‍, ഡോ.സി.എസ്. ചന്ദ്രിക തുടങ്ങി 88ഓളം പേരാണ് സംയുക്തമായി പ്രസ്താവനയിറക്കിയിരിക്കുന്നത്.

പ്രസ്താവനയുടെ പൂര്‍ണരൂപം

നുണകള്‍ നിറച്ച പ്രൊപ്പഗണ്ട സിനിമ ‘ദി കേരള സ്റ്റോറി ‘ക്ക് കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുത്.

രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സിനിമ പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന.

സംഘാടനം-സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി.

നുണകള്‍ നിറച്ച ‘പ്രൊപ്പഗണ്ട സിനിമകള്‍’ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫാസിസ്റ്റ് ഇന്ത്യയില്‍ വര്‍ധിച്ച് വരികയാണ്. അത്തരം സിനിമകളില്‍ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ അത് വേണ്ടെന്ന് വച്ചത് തുറന്നു പറഞ്ഞ നസ്രുദീന്‍ ഷായെ പോലെയുള്ള വിശ്രുത നടന്മാരെ നാം ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.

ഇന്ത്യയില്‍ പ്രസ്തുത വിഭാഗത്തില്‍പ്പെടുന്ന ചലച്ചിത്രങ്ങളില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ് ‘കശ്മീര്‍ ഫയല്‍സ്’. അന്താരാഷ്ട്ര തലത്തില്‍ പോലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഒരു സിനിമയാണത്.

മെയ് 5 ന് പ്രദര്‍ശനത്തിന് വരാന്‍ പോകുന്ന ‘ദി കേരള സ്റ്റോറി’ എന്ന സിനിമ മേല്‍പറഞ്ഞത് പോലെ ഒരു സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമയാണ്. ഇതര മതസ്ഥരായ പതിനായിരക്കണക്കിന് യുവതികളെ മുസ്‌ലിം ചെറുപ്പക്കാര്‍ പ്രേമിച്ച് മതം മാറ്റി ഇസ്‌ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്ന പെരും നുണയാണ് സംഭവ കഥയെന്ന പേരില്‍ സിനിമ പറയുന്നത്.

വരുന്ന 20 വര്‍ഷത്തിനുള്ളില്‍ കേരളമൊരു ഇസ്‌ലാമിക രാജ്യമായി മാറുമെന്നും സിനിമ പറയുന്നു. മുസ്‌ലിങ്ങള്‍ക്കെതിരെ ആര്‍.എസ്.എസ് കൃത്യമായ ലക്ഷ്യത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന ഹേറ്റ് കാമ്പയിന്റെ ഭാഗമാണീ സിനിമ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

സിനിമയുടെ നിര്‍മ്മാതാവ് വിപുല്‍ അമൃത് ലാല്‍ ഷായുടെ പ്രതികരണം ‘സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് തെളിവുണ്ട്’ എന്നാണ്. ഫാസിസ്റ്റ് കുപ്രചാരണങ്ങളുടെ ഭാഗമായി പടച്ചു വിടുന്ന നുണകള്‍ക്ക് ഒരിക്കലും ഒരു തെളിവും ഇല്ല എന്നതാണ് സത്യം.

മുസ്‌ലിം വിരുദ്ധത നിലനില്‍ക്കുന്ന ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് ഇത്തരം നുണകള്‍ വിശ്വസിക്കാന്‍ ഒരു പ്രയാസവുമില്ല. സമൂഹം അത്രമേല്‍ ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു.

കേരളത്തിന്റെ ആഭ്യന്തര വകുപ്പ് സിനിമയുടെ ടീസര്‍ ഇറങ്ങിയ സമയത്ത് ഒരു ഇടപെടല്‍ നടത്തിയിരുന്നു. സിനിമക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അന്ന് വാര്‍ത്ത വന്നിരുന്നു.

സംസ്ഥാനത്തിന്റെ ഹൈടെക് സെല്ലിന്റെ പ്രാഥമികാന്വേഷണത്തില്‍ സിനിമയുടെ ടീസറില്‍ നിയമ വിരുദ്ധമായ ഉള്ളടക്കമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഡി.ജി.പിയുടെ നടപടി.

മുസ്‌ലിങ്ങള്‍ക്കെതിരെ ആസൂത്രിതമായി നുണ പ്രചരിപ്പിക്കുന്ന സിനിമ, അതുവഴി മുസ്‌ലിങ്ങള്‍ക്കെതിരെ വെറുപ്പും ഭീതിയും സമൂഹത്തില്‍ സൃഷ്ടിക്കാനും, മുസ്‌ലിങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കാനും കാരണമാകും.

ഇന്ത്യയിലൊട്ടാകെയും അന്താരാഷ്ട്ര സമൂഹത്തിന് മുന്‍പാകെയും കേരളം എന്ന സംസ്ഥാനത്തെയും കേരളത്തിലെ മുസ്‌ലിങ്ങളെയും അപകടകരമായും മോശമായും ചിത്രീകരിക്കാന്‍ വര്‍ഷങ്ങളായി സംഘപരിവാര്‍ കിണഞ്ഞു പരിശ്രമിക്കുന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണ്.

സമൂഹത്തില്‍ മത സ്പര്‍ദ്ധ ഉളവാക്കുന്നതിനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ട് കലാപത്തിനും ഹേതുവാകുന്ന ഒരു സിനിമയാണിത്. ആയതിനാല്‍ കൃത്യമായ പ്രൊപ്പഗണ്ടയോടെ ആസൂത്രിതമായി നിര്‍മ്മിച്ചിരിക്കുന്ന, കേരളത്തിന്റെ മതേതരത്വത്തെത്തേയും സാമുദായിക സൗഹാര്‍ദത്തേയും തകര്‍ക്കുന്ന ‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് സര്‍ക്കാര്‍ കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുത് എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിനും മുസ്‌ലിങ്ങള്‍ക്കും എതിരെ സിനിമയിലൂടെ നുണ പ്രചരിപ്പിക്കുന്ന ‘ദി കേരള സ്റ്റോറി’യുടെ സംവിധായകന്‍, തിരക്കഥാകൃത്തുകള്‍, നിര്‍മാതാവ്, വിതരണക്കാര്‍ തുടങ്ങിയവര്‍ക്ക് എതിരെയും മാതൃകാപരമായ നടപടിയെടുക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

കൂടാതെ ഈ സിനിമയും അതിലെ ദൃശ്യങ്ങളും ബഹിഷ്‌കരിക്കാനും നീക്കം ചെയ്യാനും തിയേറ്ററുകള്‍, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയകളുടെ അധികൃതര്‍ തയ്യാറാകണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനാധിപത്യ – മതേതര വാദികള്‍ ശക്തമായി രംഗത്തിറങ്ങണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

CONTENT HIGHLIGHT: JOINT STATEMENT AGAINST KERALA STORY