അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ ജിയോ ഹോട്‌സ്റ്റാറിലൂടെ രണ്ട് സീസണുകളിലായി പുറത്തിറങ്ങിയ ക്രൈം ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന വെബ് സിരീസ് കേരള ക്രൈം ഫയല്‍സിന്റെ (കെ.സി.എഫ്) മൂന്നാം സീസണ്‍ അനൗണ്‍സ് ചെയ്ത് അണിയറപ്രവര്‍ത്തകര്‍. ചെന്നൈയില്‍ വെച്ചു നടന്ന ജിയോ ഹോട്‌സ്റ്റാര്‍ സൗത്ത് അണ്‍ബൗണ്ടിലാണ് പ്രൊമോ പുറത്തുവിട്ടുകൊണ്ട് സീസണ്‍ മൂന്നിന്റെ വരവ് പ്രേക്ഷകരെ അറിയിച്ചത്.
സംവിധായകന്‍ അഹമ്മദ് കബീര്‍, കഴിഞ്ഞ സീസണിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ അജു വര്‍ഗീസ്, എഡിറ്റര്‍ മഹേഷ് ഭുവനേന്ദ്, സീസണ്‍ രണ്ടിന്റെ തിരക്കഥാകൃത്തായ ബാഹുല്‍ രമേശ് എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു പ്രഖ്യാപനം. പരിപാടിയുമായി ബന്ധപ്പെട്ട് അജു വര്‍ഗീസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
‘അഹമ്മദ് കബീര്‍ വന്ന് കെ.സി.എഫിന്റെ കഥ പറഞ്ഞപ്പോള്‍ ഞാനാദ്യം വിചാരിച്ചത് അതിലെ കോണ്‍സ്റ്റബിളിന്റെ റോളായിരിക്കും എന്നാണ്. എനിക്ക് പൊതുവേ കഥ കേള്‍ക്കുന്ന സ്വഭാവമില്ല, ജസ്റ്റ് ഒരു ത്രെഡ് കേട്ട് ഞാന്‍ പുള്ളിയോട് സമ്മതം അറിയിച്ചു. പിന്നീട് ആണ് അറിഞ്ഞത് പ്രധാന കഥാപാത്രമായ എസ്.ഐയുടെ വേഷമാണെന്ന്.
ഇത് എന്നെ സംബന്ധിച്ചിടത്തോളം എന്റെ കരിയറിലെ ഒരു ടേണിങ് പോയിന്റ് ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു സംവിധായകന്റെ ഉപകരണമായിട്ടാണ് ഞാന്‍ എന്നെ കാണുന്നത്. എന്നെ ഒരുപാട് ഗ്രൂം ചെയ്യാന്‍ സഹായിച്ച സംവിധായകനാണ് അഹമ്മദ് കബീര്‍. വിനീത് ശ്രീനിവാസന് ശേഷം എന്റെ സെക്കന്‍ഡ് മെന്റര്‍ ആയി കണക്കാക്കുന്നത് അദ്ദേഹത്തെയാണ്,’ താരം പറഞ്ഞു.
മലയാളത്തിലെ ആദ്യത്തെ വെബ് സിരീസ് എന്ന പ്രത്യേകതയുള്ള കേരള ക്രൈം ഫയല്‍സിന്റെ ആദ്യത്തെ സീസണ്‍ 2023 ജൂണിലാണ് പുറത്തിറങ്ങിയത്. അജു വര്‍ഗീസിനെ കൂടാതെ ഇന്ദ്രന്‍സ്, ലാല്‍, ഹരിശ്രീ അശോകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.