കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയ ആയ താരമാണ് അന്ന ബെന്‍. ശ്യാം പുഷ്‌ക്കരന്‍ തിരക്കഥയെഴുതി മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സാണ് അന്നയുടെ ആദ്യ സിനിമ. 2019ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബേബി മോള്‍ എന്ന കഥാപാത്രമായാണ് അന്ന എത്തിയത്.

മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനായ കല്‍ക്കി 2898 എ.ഡിയാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തില്‍ കൈറയെന്ന കഥാപാത്രമായാണ് അന്ന ബെന്‍ എത്തിയത്. കല്‍ക്കിയിലെ കൈറയും കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളും തമ്മില്‍ ഒരു ബന്ധമുണ്ടെന്ന് പറയുകയാണ് അന്ന ബെന്‍. ഫിലിമിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘കല്‍ക്കിയിലെ കൈറയും കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളും തമ്മില്‍ ഒരു ബന്ധമുണ്ട്. രണ്ടുപേരും ജീവിതത്തെ വളരെ സിമ്പിളായി കാണുന്ന ആളുകളാണ്. അവര്‍ക്ക് ചുറ്റുമുള്ള പ്രശ്‌നങ്ങളും അങ്ങനെ തന്നെയാണ്. എത്ര പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അവരെ സന്തോഷത്തോടെ മാത്രമാണ് കാണാന്‍ കഴിയുക. നാഗ് സാര്‍ കഥയെ പറ്റി സംസാരിക്കുമ്പോള്‍ വളരെ പോസിറ്റീവ് ഔട്ട്‌ലുക്കുള്ള ഒരു കഥാപാത്രമാണ് എന്നായിരുന്നു കൈറയെ കുറിച്ച് പറഞ്ഞത്.

റെബല്‍ ഗ്യാങ്ങിലുള്ള ഒരു ബഡാസ് ക്യാരക്ടറാണെങ്കിലും കൈറയുടെ അപ്രോച്ച് വളരെ പോസിറ്റീവായിരുന്നു. ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ കാണുന്ന ആള്‍ കൂടെയാണ് കൈറ. അത്രയും പോസിറ്റിവിറ്റി ഉണ്ടെങ്കിലും അവളുടെ ജീവിതം കുറച്ച് ദുഖകരമാണ്. അതൊക്കെ അറിയാമെങ്കിലും മൈന്‍ഡ് ചെയ്യാതെ താന്‍ പോസിറ്റീവാണ് എന്ന് പറഞ്ഞു നടക്കുകയാണ് അവള്‍. കൈറയെ പറ്റി അങ്ങനെയുള്ള ഡിസ്‌ക്രിപ്ഷനായിരുന്നു എനിക്ക് നാഗ് സാറില്‍ നിന്ന് ലഭിച്ചത്,’ അന്ന ബെന്‍ പറഞ്ഞു.


Content Highlight: Anna Ben Talks About Baby Mol And Kaira