മാനസിക ബുദ്ധിമുട്ടുകളെ പനി വരുന്നതുപോലെ തന്നെ കാണണം: അഞ്ജു ജോസഫ്
നന്ദന. ടി
Saturday, 15th August 2026, 10:31 am
2009-ലെ ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത പരിപാടിയിൽ മത്സരാർത്ഥിയായി എത്തുകയും പിന്നീട് 2011-ൽ പുറത്തിറങ്ങിയ ഡോക്ടർ ലവ് എന്ന സിനിമയിലെ ഗാനത്തിലൂടെ തന്റെ സംഗീത ജീവിതം ആരംഭിച്ച് മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ പിന്നണി ഗായികയാണ് അഞ്ജു ജോസഫ്. പിന്നീട് അലമാര, അവരുടെ രാവുകൾ, സി/ഓ സൈറ ബാനു തുടങ്ങിയ ചിത്രങ്ങളിലും അഞ്ജു ഗാനങ്ങൾ ആലപിച്ചു.
ഇപ്പോഴിതാ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തന്റെ മാനസികാരോഗ്യത്തെക്കുറിച്ചും ചികിത്സാ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് അഞ്ജു.

അഞ്ജു ജോസഫ്. Photo. Omanorama
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ സാധാരണ ആരോഗ്യപ്രശ്നങ്ങളെപ്പോലെ തന്നെ കാണേണ്ട സമയമാണിതെന്ന് അഞ്ജു ജോസഫ് പറയുന്നു.
‘നമുക്ക് പനി വരുന്നത് പോലെ തന്നെയാണ് മാനസികമായുള്ള ബുദ്ധിമുട്ടുകളെയും കാണേണ്ടത്. അത് സിമ്പിളാണോ എന്ന് ചോദിച്ചാൽ അല്ല, എങ്കിലും ഇത്തരം കാര്യങ്ങളെയൊക്കെ നോർമലൈസ് ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഞാൻ മാനസികാരോഗ്യത്തെക്കുറിച്ചും തെറാപ്പിയെക്കുറിച്ചുമൊക്കെ മുൻപ് തുറന്നു പറഞ്ഞപ്പോൾ എന്നോട് ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചത് ഞാൻ പോയ ക്ലിനിക് ഏതാണെന്നായിരുന്നു. പിന്നെ ആളുകളുടെ മറ്റൊരു തെറ്റിദ്ധാരണ, ഇത് ഒരൊറ്റ ദിവസം കൊണ്ട് പോയാൽ മാറും എന്നതാണ്,’ അഞ്ജു ജോസഫ് പറഞ്ഞു.
മാനസികാരോഗ്യ ചികിത്സയെക്കുറിച്ചുള്ള ഡോക്ടർമാരുടെ നിർദേശങ്ങൾ കൃത്യമായി പിന്തുടരേണ്ടത് പ്രധാനമാണെന്നും അഞ്ജു പറയുന്നു.
‘നമ്മൾ ഡോക്ടർ പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യുക. അവർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കാൻ തയ്യാറാവുക. ഒരുപാട് ആളുകൾ ചോദിക്കാറുള്ള കാര്യമാണ് ഈ മരുന്നിന് സൈഡ് ഇഫക്ട്സ് ഇല്ലേ, അഡിക്റ്റ് ആയി പോകുമോ എന്നൊക്കെ. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഒരു ദിവസം എനിക്ക് സന്തോഷമായിട്ടും ഓക്കെയായിട്ടും ഇരിക്കാൻ ഈ മരുന്ന് എന്നെ സഹായിക്കുമെങ്കിൽ, എന്തുകൊണ്ട് ഞാൻ അത് കഴിച്ചുകൂടാ,’ അഞ്ജു പറഞ്ഞു.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സയും തെറാപ്പിയും സമയവും സാമ്പത്തിക ചെലവും ഉള്ള കാര്യങ്ങൾ ആണെന്നും , അതിനായി തന്റെ വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവെക്കാൻ തുടങ്ങിയെന്നും അഞ്ജു ജോസഫ് കൂട്ടിച്ചേർത്തു.
‘ഞാൻ 2020-ൽ തുടങ്ങിയ ഈ ഒരു ജേർണി 2026-ലാണ് അവസാനിക്കുന്നത്. ഇപ്പോൾ ഞാൻ തെറാപ്പിക്ക് മാത്രമാണ് പോകാറുള്ളത്. അപ്പോൾ ഇതൊക്കെ സമയമെടുത്ത് നടക്കുന്ന കാര്യമാണ്. അല്ലാതെ ഒരു ദിവസമോ ഒരു മാസമോ കൊണ്ട് ശരിയാകുന്ന ഒന്നല്ല. പിന്നെ ഇതിന്റെ കൂടെ പറയാനുള്ള മറ്റൊരു കാര്യം, ഈ തെറാപ്പി എന്ന് പറയുന്നത് കുറച്ച് പണച്ചെലവുള്ള പരിപാടിയാണ്. എനിക്ക് കോവിഡിന്റെ സമയത്ത് ആ ചെലവൊന്നും താങ്ങാൻ പറ്റുന്ന ഒന്നായിരുന്നില്ല. പക്ഷെ പിന്നീട് ഞാൻ എനിക്ക് കിട്ടുന്ന പണത്തിൽ ഒരു ഭാഗം എന്റെ സന്തോഷത്തിനും മാനസികാരോഗ്യത്തിനുമായി മാറ്റിവെക്കാൻ തുടങ്ങി,’ അഞ്ജു ജോസഫ് പറഞ്ഞു.

അഞ്ജു ജോസഫ്. photo. The Times Of India
Content Highlight: Anju Joseph opens up about her mental-health journey, therapy, medication, and the importance of normalising mental-health struggles