ഒരാളുടെ കയ്യും കാലും കാണുമ്പോൾ എന്തിനാണ് ഇത്ര അസ്വസ്ഥത; സൈബർ ആക്രമണങ്ങളെ കുറിച്ച് അനശ്വര രാജൻ
Entertainment
ഒരാളുടെ കയ്യും കാലും കാണുമ്പോൾ എന്തിനാണ് ഇത്ര അസ്വസ്ഥത; സൈബർ ആക്രമണങ്ങളെ കുറിച്ച് അനശ്വര രാജൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th January 2024, 10:47 am

 

നടിമാരുടെ അടക്കം മോർഫ് ചെയ്ത ചിത്രങ്ങളും ഡീപ് ഫേക്ക് കേസുകളും വലിയ രീതിയിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിക്കുന്നതിനെതിരെ സിനിമ നടി പ്രവീണ മലയാള മനോരമയിൽ ഒരു ലേഖനം എഴുതിയിരുന്നു. സൈബർ ആക്രമണങ്ങളെ കുറിച്ച് തുറന്നെഴുതിയ ലേഖനത്തിന് പ്രതികരിക്കുകയാണ് നടി അനശ്വര രാജൻ.

സൈബർ ആക്രമണം വസ്ത്രങ്ങളിൽ നിന്ന് ആരംഭിക്കുമെന്നാണ് അനശ്വര പറയുന്നത്. തുടക്കകാലത്ത് വലിയ പ്രയാസം തോന്നുമായിരുന്നുവെന്നും വളരെ പെട്ടെന്ന് പ്രതികരിക്കുമായിരുന്നുവെന്നും അനശ്വര പറയുന്നു.


അത്തരക്കാർക്ക് വലിയ വില കൊടുക്കേണ്ടതില്ലെന്ന് താൻ തിരിച്ചറിഞ്ഞെന്നും എന്നാൽ സംസാരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും അനശ്വര മലയാള മനോരമയോട് പറഞ്ഞു.

‘ധരിക്കുന്ന വസ്ത്രത്തിന്റെ കാര്യം പറഞ്ഞു തുടങ്ങും സൈബർ ആക്രമണം. ഒരാളുടെ കയ്യും കാലും കാണുമ്പോൾ ആളുകൾക്ക് എന്തിനാണ് ഇത്ര അസ്വസ്ഥത. മോശം കമന്റുകൾ വായിക്കുമ്പോൾ ആദ്യമൊക്കെ ഒരു സങ്കടം തോന്നുമായിരുന്നു. വളരെ പെട്ടെന്ന് പ്രതികരിക്കുന്ന ആളായിരുന്നു ഞാൻ. അതുകൊണ്ട് ആ സമയത്തൊക്കെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോൾ അതിന് മാറ്റം വന്നു.

ഇപ്പോൾ സമൂഹമാധ്യമങ്ങളിലേക്ക് കമന്റുകളും മറ്റും കാണുമ്പോൾ പ്രതികരിക്കാതിരിക്കുന്നത് അവർ പറയുന്നത് ശരിയാണെന്ന് കരുതുന്നത് കൊണ്ടല്ല. അത്തരം കമന്റുകൾ പറയുന്നവർക്ക് വലിയ വില കൊടുക്കേണ്ട ആവശ്യമില്ല എന്നതിനാലാണ്.

എന്ന് കരുതി എല്ലാസമയവും മിണ്ടാതിരിക്കും എന്നല്ല. പറയേണ്ടിടത്തും മറുപടി പറയും,’അനശ്വര രാജൻ പറയുന്നു.

Content Highlight: Anaswara Rajan Talk About Cyber Attacks